മഴയോർമ്മകൾ

വറ്റാറായ കുളത്തിലേക്ക് ഓടിയിറങ്ങി വരുന്ന മഴ! മഴനനഞ്ഞ് ഈറനുണക്കുന്ന  പഞ്ചാരമണലിരുന്നു ഓർമ്മകളെ എടുത്തു കൊഞ്ചിക്കാൻ  എന്തു രസമാണെന്നോ! ഒരുപിടി ഓർമ്മകളുടെ പൂക്കാലമാണ് ഓരോ മഴക്കാലവും. പിറുപിറുത്തെത്തുന്ന മഴയിൽ അലിയുന്ന  കുറുമ്പുകളും കുസൃതികളും നൊമ്പരങ്ങളും പിന്നെ സങ്കടങ്ങളും! മഴയെ ചുറ്റിപറ്റി, എന്തെല്ലാം ഓർമ്മകളാണ്  ഓർക്കുമ്പോഴേ ഒരു കുളിർതെന്നൽ വന്ന് തഴുകുന്നു!

മഴയോർമ്മകൾ എന്നല്ല, എന്റെ ബാല്യത്തിന്റെ ഓർമ്മകളൊക്കെ ചുറ്റിപറ്റി നിൽക്കുന്നത് അമ്മവീട്ടിലാണ്. തോടും ഇടവഴിയും ചുറ്റുപിണഞ്ഞുകിടക്കുന്ന ഒരു ഉൾനാടൻഗ്രാമം. ചെമ്മൺപാതക്കിരുവശവും രാമച്ചപ്പാടം. രാമച്ചപ്പാടമതിരിട്ട വിശാലമായ തൊടി നിറയെ കൃഷി.. തെങ്ങും കവുങ്ങും കശുമാവും, അതിനിടവിളയായി കപ്പയും പയറും റാഗിയും കൂർക്കയുമെല്ലാം കാലാകാലങ്ങളിൽ നട്ടുനനച്ചു ജീവിക്കുന്ന ഒരിടത്തരം കുടുംബം. ഓലമേഞ്ഞ സാമാന്യം വലിയ വീട്. വീടിനൊപ്പം നീളത്തിൽ വരാന്ത. മഴക്കാലമെത്തുംമുമ്പേ വരാന്ത  മുഴുവൻ ചന്ദ്രേട്ടൻ കയ്യടക്കും! പിന്നെ വരാന്തയിൽ മുഴുവൻ രാമച്ചകെട്ടുകൾ അടുക്കി സൂക്ഷിക്കും.

രാമച്ചത്തിന്റെ നനുത്ത മണമുള്ള വരാന്തയിലിരുന്ന് ചിന്നംപിന്നം പെയ്യുന്ന മഴകാണുകയാണ് എന്റെ പ്രധാന മഴക്കാലവിനോദം. പലപ്പോഴും രാമച്ചകെട്ടിൽ നിന്നും അറിയാതെ വലിച്ചെടുക്കുന്ന വേര് ഇറവെള്ളത്തിലേക്ക് ഇടും.. ഒഴുക്കിനനുസരിച്ചു നേർത്ത വേര് ഒഴുകിപ്പോകും. എന്റെ ഈ പരിപാടി അമ്മയ്ക്ക് അത്രയ്ക്കുരസിക്കാറില്ല. അമ്മ കാണുമ്പോഴൊക്കെ വഴക്കും തല്ലും കിട്ടികൊണ്ടിരുന്നു.. അറിയാതെ, ഞാൻ ഈ പ്രവൃത്തി ആവർത്തിച്ചുകൊണ്ടേയിരുന്നു; അമ്മയും!

വീട്ടിൽനിന്നും നീണ്ടു വിശാലമായ രാമച്ചപ്പാടം കടന്നാൽ അധികദൂരമില്ല പള്ളിസ്കൂൾ എന്നറിയപ്പെടുന്ന ഞങ്ങളുടെ പള്ളിക്കൂടത്തിലേക്ക്, സ്കൂളിലേക്കുള്ള എളുപ്പവഴിയാണത്. കുട എടുക്കാതെയാണോട്ടം! മഴക്കൊപ്പം ഓടിവരുന്ന കാറ്റിനോട് മത്സരിച്ച് പലവട്ടം നനഞ്ഞ് കുളിക്കും. മഴവെള്ളം തട്ടിത്തെറിപ്പിച്ചും പരസ്പ്പരം തള്ളിയിട്ടും നടക്കുന്നതിനിടയിൽ , വഴിതെറ്റി ഇടവഴിയിലേക്ക് കയറി വന്ന മീൻകുഞ്ഞുങ്ങളെ വീണ്ടും തോട്ടിലേക്ക് എത്തിക്കാനുള്ള ഭഗീരഥ പ്രയത്നങ്ങൾ. കൂട്ടുകാർ ആരെങ്കിലും കൊണ്ടുവരുന്ന പുളിങ്കുരു വറുത്തത് കടിച്ച് പൊട്ടിച്ച്, വഴിയരികിലെ മാവിൽ നിന്നും എറിഞ്ഞു വീഴ്ത്തിയ മാങ്ങ ഉപ്പും മുളകും കൂട്ടിക്കടിച്ച്, മഴനനഞ്ഞങ്ങിനെ നടക്കും.

സ്കൂളിൽ നിന്നും തിരിച്ചു വരുമ്പോഴാണ് ഒഴുകുന്ന വെള്ളത്തിലേക്ക് കടലാസ് തോണിയുണ്ടാക്കി വിടുന്നത്. എത്രപ്രാവശ്യം ഉണ്ടാക്കിനോക്കിയിട്ടും എനിക്ക് തോണിയുണ്ടാക്കാൻ കഴിഞ്ഞില്ല. അങ്ങിനെ മറ്റുള്ളവരുടെ തോണി ഒഴുകുന്നതും നോക്കി ഞാനവർക്കൊപ്പം ഓടിയും നടന്നും ദിവസങ്ങൾ കഴിച്ചുകൂട്ടി. പെട്ടെന്നൊരു ദിനം എന്റെ കുരുട്ടുബുദ്ധി പ്രവർത്തിച്ചു, നല്ല ഒഴുക്കുള്ള വെള്ളത്തിൽ പേനയുടെ കൂടിട്ടാൽ അത്‌ ഒഴുകും. ഒട്ടും താമസിച്ചില്ല, പേനതുറന്നു ഉള്ളിലുള്ളതെല്ലാം എടുത്ത്, കൂട് വെള്ളത്തിലേക്കിട്ടു, ആഹാ... കടലാസ് തോണിയേക്കാളും ഇരട്ടി വേഗതയിൽ എന്റെ പേനത്തോണി കുതിച്ചു പാഞ്ഞു; കൂടെ എന്റെ കുഞ്ഞുമനസും!

മിനിഗൾഫ് എന്ന് പേരുകേട്ട ഞങ്ങളുടെ നാട്ടിൽ അന്ന് പ്രവാസികൾ ഒരുപാടുണ്ട്. നാട്ടിലേക്ക് വരുന്നവർ എല്ലാവരും പേന കൊണ്ടുവരും, നാട്ടിലുള്ള കുട്ടികൾക്കൊക്കെ അതിലൊരു വിഹിതം കിട്ടിയിരിക്കും. എന്റെ വീട്ടിലുമുണ്ട് അമ്മയുടെ കസ്റ്റഡിയിൽ പാക്കറ്റ് കണക്കിന് പേന. എന്റെ പേനത്തോണി ഒഴുക്കൽ പുരോഗമിക്കുന്നതിനൊപ്പം പാക്കറ്റുകൾ അമ്മയറിയാതെ കാലിയായികൊണ്ടിരുന്നു.

അങ്ങിനെയിരിക്കെ, ഒരു മഴദിവസം അമ്മാവന് കത്തെഴുതാൻ പേന നോക്കിയ അമ്മ ശൂന്യമായ പാക്കറ്റുകൾ കണ്ട് കണ്ണ്മിഴിച്ചു. എന്നെ തെളിവുകളോടെ കണ്ടുപിടിച്ചു, കുറ്റം ചാർത്തി, ശിക്ഷ വിധിച്ചു.
"മഴയത്ത് കളിക്കാൻ വേണ്ടിയല്ലേ, നീയിത് ചെയ്തേ.... എങ്കിൽ പിന്നേ ഇന്നുമുഴുവൻ നീ മഴകൊണ്ട് കളിക്ക്" അങ്ങിനെ അപ്പീലില്ലാത്ത അമ്മയുടെ കോടതിയ്ക്കു മുൻപിൽ ഞാൻ മഴകൊള്ളാൻ വിധിക്കപ്പെട്ടു!

പുറത്തിറങ്ങി, ശിക്ഷയാണെങ്കിലും സംഭവം രസമായി, മഴകൊണ്ട് നടക്കാൻ കുഞ്ഞുന്നാൾ മുതൽ ശീലിച്ചത് കൊണ്ട് പനി പിടിക്കില്ല എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. ഞാൻ മുറ്റത്തിറങ്ങി, വസന്തം കുടഞ്ഞിട്ട ചായത്തുള്ളികൾ മാറിലടുക്കി പിടിച്ച്, ഒറ്റയിതൾ മിഴി തുറന്ന്, ചുറ്റിനും എത്തിപ്പിടിക്കാൻ കൈകൾ നീട്ടുന്ന ശംഖുപുഷ്പ്പത്തെയും  മഴനനഞ്ഞ ഗന്ധരാജനെയുമൊക്കെ തൊട്ടുതലോടി, വേലിക്ക് ചന്തം ചാർത്തിയ ചെമ്പരത്തിയോടും കുലമറിയയോടും  കിന്നാരം ചൊല്ലി, അങ്ങിനെ നടന്നു. കുറെയേറെ കഴിഞ്ഞു, മടുത്തു തുടങ്ങി, എങ്ങിനെ വീട്ടിൽ കയറിക്കൂടും എന്നുചിന്തിച്ച്, അമ്മയുടെ മനസ്സലിയിപ്പിക്കുക എന്നൊരു ഗൂഡോദ്ദേശ്യവുമായി അടുക്കളമുറ്റത്തെ കിണറ്റുകരയിൽ അമ്മയ്ക്ക് കാണാൻ പാകത്തിന് നിലയുറപ്പിച്ചു.

കണ്ടഭാവമില്ല, നിന്നുനിന്ന് കാലുകഴച്ചപ്പോൾ കിണറിന്റെ ആൾമറയിൽ ചാരി നിന്നു. കുറച്ചു കഴിഞ്ഞതും പെട്ടെന്നൊരു ചലനം. ഞാൻ നേരെ താഴേക്ക്. ഞാൻ നിന്ന ഭാഗത്ത് മണ്ണിടിയുകയാണ്, നിലവിളിയോടെ ഓടിവരുന്ന അമ്മ. മണ്ണിടിച്ചിൽ തുടരുകയാണ്, അമ്മയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരുടെ കുറേനേരത്തെ പരിശ്രമത്തിന്റെ ഫലമായി മുക്കാൽ ഭാഗവും മണ്ണ് മൂടിയ ഞാൻ പുറത്തെത്തി. നിസാരപരിക്കുകളോടെ മണ്ണിൽ കുഴഞ്ഞു, മഴനനഞ്ഞു ആരൊക്കെയോ വലിച്ച് കയറ്റിയ ഞാൻ, ഇന്ന് മഴയോർമ്മകളുടെ കൂമ്പാരമൊന്നു പരതിയപ്പോൾ  മങ്ങാത്തൊരേടായി മനസെന്ന മായാപുസ്തകത്തിൽ ആ ദിനം.

അങ്ങനെയങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഓർമ്മകളിൽ, എന്നും അമ്മയുടെ കയ്യിൽ നിന്നുള്ള അടിയുടെ ബഹളക്കാലമാണ് മഴക്കാലം. അന്നൊക്കെ ഒരു വിളിയൊച്ചയുടെ അകലത്തിൽ  ഓടിവരാൻ ഒരു നാടുമുഴുവൻ ഉണ്ടായിരുന്നു.  ഇന്ന് തിരക്കുകൾക്കു പുറകെ  തിരക്കിട്ടോടുന്ന നാടും നാട്ടാരുമാണ് ചുറ്റും. ഓർമ്മകളിൽ,  ഓരോമഴക്കാലവും കുളിരു പുതച്ച ഓർമ്മകളുടെ സ്നേഹകൂമ്പാരമാണ

 

കവിത ബിജു

Food & Entertainment

Jun 42020
The superfruit pineapple contains of many vitamins and minerals. Pineapple-containing bromelain helps relieve digestive problems and relieves stomach ulcers.