ലോക ജനത ഒന്നായി മാറുന്ന  ക്രിസ്മസ് കാലം

ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും ഓർമയായ്.
പ്രതീക്ഷയുടെ ഒരു മെഴുതിരിയായ്...
വിശ്വാസത്തിന്റെ പ്രതീകമായ്... ഒരു ക്രിസ്മസ് ദിനം കൂടി പിറന്നു വീണിരിക്കുന്നു. ജാതി മത ചിന്തകൾക്ക് അതീതമായി ലോക ജനത ഒന്നായി നിന്ന് യേശു ദേവന്റെ തിരുപിറവിയെ ആഘോഷമാക്കി മാറ്റുന്നതാണ് ക്രിസ്മസ്. പുൽക്കൂടൊരുക്കിയും നക്ഷത്ര വിളക്കുകൾ തെളിയിച്ചും ഓരോ വീടും സ്വർഗ്ഗതുല്യമാക്കാൻ ഒത്തിരി സന്തോഷത്തോടെ നമ്മൾ കാത്തിരുന്നു. ഒടുവിൽ ആ സുദിനത്തിന് ഇത്തവണയും നമ്മൾ സാക്ഷിയാവുകയാണ്. സ്നേഹത്തിന്റെയും പ്രത്യാശയുടെയും ഓർമ പുതുക്കി ഈ ക്രിസ്മസ് ദിനത്തേയും നമുക്ക് ഇരുകയ്യും നീട്ടി സ്വീകരിക്കാം.. നഷ്ടങ്ങളും വേദനകളും ചിന്തയിൽ നിന്നകറ്റി ഒത്തൊരുമയോടെ ആഘോഷിക്കാം... കുറെ നല്ല നിമിഷങ്ങൾ നെയ്തെടുക്കാം...

തമ്മിൽ കലഹിച്ചും പ്രതിസന്ധികൾക്കിടയിൽപ്പെട്ട് നട്ടം തിരിഞ്ഞും ജീവിതം തള്ളി നീക്കുന്ന മനുഷ്യ ലോകത്തെ സ്വർഗ്ഗമാക്കാനായി നമ്മെ തേടിയെത്തിയിരിക്കുകയാണ് ഈ ക്രിസ്മസ്. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലാണ് ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ഒരു ആഘോഷമായി കണക്കാക്കുന്നത്. എന്നാലിന്ന് ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിലുപരി ഏവർക്കും സന്തോഷം പകരുന്ന ഒരു ആഘോഷമായി മാറിയിരിക്കുകയാണ് ക്രിസ്മസ്. യേശു ക്രിസ്തുവിന്റെ ഈ ജന്മദിനത്തിൽ പുൽക്കൂട് യേശുവിന്റെ ജനനസ്ഥലത്തെ സൂചിപ്പിക്കുമ്പോൾ നക്ഷത്ര വിളക്കുകൾ ജ്ഞാനികൾക്ക് വഴികാട്ടിയായ നക്ഷത്രത്തിന്റെ പ്രതീകമാവുന്നു. മതേതരമായ രീതികൾക്ക് പ്രാമുഖ്യം നൽകുന്നത് കൊണ്ടാവാം ക്രിസ്തുമസിന്റെ ആചാരങ്ങളും അനുഷ്ഠനങ്ങളും ദേശങ്ങൾക്കും കാലഘട്ടങ്ങൾക്കുമനുസരിച്ച് വ്യത്യസ്തമാണ്.എങ്കിലും  പുതുവസ്ത്രങ്ങൾ അണിഞ്ഞും സ്വാദുള്ള ഭക്ഷണം ഒരുക്കിയും വീടുകളിൽ ആഘോഷരാവുകളുടെ പൂരക്കാലം .
ഡിസംബർ ആദ്യ വാരങ്ങളിൽ തന്നെ ക്രിസ്മസ്സിനുള്ള ഒരുക്കങ്ങൾ ചെയ്തു തുടങ്ങാൻ നമ്മൾ തിരക്കു കൂട്ടാറുണ്ട്. ക്രിസ്മസ് നാളുകളിലെ നമ്മുടെ ഇഷ്ടതാരമാണ് സാന്റാക്ലോസ് അപ്പുപ്പൻ. ഒത്തിരി സമ്മാനങ്ങളുമായി നമ്മുടെ മുന്നിലേക്കെത്തുന്ന ആ അപ്പൂപ്പന്റെ വരവിനായി നാളുകളെണ്ണി കഴിയാൻ ഒരു പ്രത്യേക സുഖം തന്നെയാണ്. നാലാം നൂറ്റാണ്ടിൽ ഏഷ്യാ മൈനറിൽ ജീവിച്ചിരുന്ന സെന്റ് നിക്കോളാസ് എന്ന പുണ്യ ചരിതനാണ് സാന്റാക്ലോസായി മാറിയത്.എങ്കിലും സ്വർഗ്ഗത്തിൽ നിന്നും സ്നേഹസമ്മാനങ്ങളുമായി എത്തിയ മാലാഖയായാണ് സാന്റാ നമ്മുടെ മനസ്സിൽ ജീവിക്കുന്നത്. ശൈത്യകാല മാനുകൾ വലിക്കുന്ന വണ്ടിയിൽ തിളങ്ങുന്ന നക്ഷത്രങ്ങളും നിറയെ സമ്മാനങ്ങളുമായി നമ്മെ തേടിയെത്തുന്ന കുടവയറൻ, വെള്ളത്താടിക്കാരൻ അപ്പൂപ്പന്റെ രൂപം ഓരോ കുഞ്ഞുങ്ങളുടെയും മനസ്സ് നിറക്കുന്നു.
ക്രിസ്മസ് ആഘോഷത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത മറ്റൊരു ഘടകമാണ് ക്രിസ്മസ് മരം. പിരമിഡ്‌ ആകൃതിയിലുള്ള മരങ്ങൾ പല നിറത്തിലുള്ള ദീപങ്ങൾ ചാർത്തി സമ്മാനപ്പൊതികൾ തൂക്കിയിട്ട് അലങ്കരിക്കാൻ എല്ലാവർക്കും വലിയ ഉത്സാഹമാണ്. സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാനും പുതിയ സൗഹൃദങ്ങൾ കണ്ടെത്തുന്നതിനും ക്രിസ്മസ് ദിനത്തിൽ സന്ദേശങ്ങൾ അയക്കാനാവും പിന്നീടുള്ള തിരക്കുകൂട്ടൽ. പണ്ട് ഗ്രീറ്റിങ് കാർഡുകളും കത്തുകളുമായിരുന്നെങ്കിൽ ഇന്ന് സോഷ്യൽ മീഡിയയിലൂടെയുള്ള ആശംസകളാണുള്ളത്. പുൽക്കൂടും,സാന്റാക്ലോസും, നക്ഷത്രങ്ങളും, ക്രിസ്മസ് മരവും, പുത്തനുടുപ്പും, വ്യത്യസ്തമായ ഭക്ഷണവും..... അങ്ങനെ അങ്ങനെ ക്രിസ്മസ് എന്ന ആ ആഘോഷ വിരുന്നിനെ  ഒത്തിരി സ്നേഹത്തോടെ നമുക്ക് വരവേൽക്കാം..
ഐ-മലയാളിയുടെ എല്ലാ വായനക്കാർക്കും  ക്രിസ്മസ് ആശംസകൾ. ഒപ്പം മനസ്സിൽ സുഖമുള്ള നിമിഷങ്ങളും നിറമുള്ള സ്വപ്നങ്ങളും പുതിയ പ്രതീക്ഷകളുമായുള്ള ഒരു  പുതുവർഷത്തെയും  ആശംസിക്കുന്നു.  

 

 

Recipe of the day

Jan 132021
‌ചേരുവകൾ 1. വൃത്തിയാക്കിയ കല്ലുമ്മേക്കായ - 500 ഗ്രാം 2. തേങ്ങാ തിരുമ്മിയത്‌ - അരക്കപ്പ്‌ 3. മുളകുപൊടി - ഒരു ടേബിൾ സ്പൂൺ