കേറിവാടാ മക്കളേ, പക്ഷെ സ്വന്തം വിമാനത്തിലായിരിക്കണമെന്ന് മാത്രം.

കേറിവാടാ മക്കളേ, പക്ഷെ സ്വന്തം വിമാനത്തിലായിരിക്കണമെന്ന് മാത്രം.

മുമ്പ്‌ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താനാഗ്രഹിച്ചവരോട് കേരള സർക്കാർ പറഞ്ഞത് സ്വന്തം കാറിൽ അല്ലെങ്കിൽ ടാക്സിയിൽ മാത്രം എത്തിയാൽ മതിയെന്നാണ്. അതെ ഡയലോഗ് തന്നെയാണ് ഇന്നലെ വിദേശത്തെ പ്രവാസികളോടും മുഖ്യമന്ത്രി വളരെ നിഷ്കളങ്കമായ വാക്കുകളിൽ പറഞ്ഞത്.

കോവിഡ് രോഗികളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു, അവരിവിടെ വന്നാൽ ചികിത്സയും ഞങ്ങൾ ഉറപ്പാക്കും, പക്ഷെ അവർ പ്രത്യേകവിമാനത്തിൽ വരണമെന്ന് മാത്രം. ജനങ്ങളെപ്പറ്റിക്കാൻ എത്ര നിഷ്കളങ്കമായാണത് പറഞ്ഞത്.

കോവിഡ് സംശയിക്കുന്ന ഒരാൾക്ക്, അല്ലെങ്കിൽ വിദേശത്ത് നിന്ന് വരുന്ന ഒരാൾക്ക് ഈ മുഖ്യമന്ത്രി ലിഫ്റ്റ് കൊടുക്കുമോ? മുഖ്യമന്ത്രിയുടെ വാക്കുകളെ അന്തമായി പിന്തുണയ്ക്കുന്ന അണികളിലെത്ര പേർ കോവിഡ് സംശയിക്കുന്ന രോഗികൾക്ക് സഞ്ചരിക്കാൻ സ്വന്തം വാഹനം കൊടുക്കും? ഒരിക്കലുമില്ലയെന്ന് നമുക്കോരോരുത്തർക്കും അറിയാം. അതേ ചിന്തകൾ തന്നെയാണ് വിമാനക്കമ്പനികൾക്കും ഉള്ളത്. റാപ്പിഡ് ടെസ്റ്റിൽ കോവിഡ് പോസിറ്റിവ് ആയ യാത്രക്കാർക്ക് വേണ്ടി മാത്രം ഏത് വിമാനക്കമ്പനിയാണ് വിമാനം പറത്തുക?

പിന്നെ കരണീയമായി ഒന്നേയുള്ളൂ, കോവിഡ് പോസിറ്റിവ് ആയവർ ചേർന്ന് ഒരു സെക്കൻഡ് ഹാൻഡ് വിമാനം അങ്ങ് വാങ്ങി സ്വയം പറത്തി കേരളത്തിലേക്ക് വരിക. ഈ ഐഡിയയും നമ്മുടെ മന്ത്രിപുംഗവന്മാർ പറയും എന്നുറപ്പാണ്.

എന്റെ സുഹൃത്തിന്റെ സുഹൃത്തിന് കൊച്ചിയിൽ ഒരു ഫ്‌ളാറ്റ് ഉണ്ട്. വന്ദേ ഭാരത് മിഷനിൽ കേരളത്തിലേക്ക് വരാൻ അയാൾ അപേക്ഷ കൊടുത്തപ്പോൾ ഉദ്യോഗസ്ഥർ അയാൾ തന്റെ അപേക്ഷയിൽ ക്വാറന്റൈനിൽ കഴിയുമെന്ന് സൂചിപ്പിച്ച ഫ്‌ളാറ്റ്‌ ചെക്ക് ചെയ്യുവാൻ പോയി. കാര്യമറിഞ്ഞ ഫ്ലാറ്റ് സൊസൈറ്റിക്കാർ ഉദോഗസ്ഥരെ ബിൽഡിങ്ങിൽ കയറാൻ പോലും അനുവദിച്ചില്ല. പ്രവാസിക്ക് ക്വാറന്റൈനിൽ കഴിയാൻ വാടകയ്ക്ക് കൊടുത്ത വീടുകൾ അടിച്ചു തകർത്ത വാർത്തകളും നമ്മൾ ഏറെക്കേട്ടുകഴിഞ്ഞു.

പ്രവാസികളെ സ്വന്തം ഫ്‌ളാറ്റിൽ ക്വാറന്റൈനിൽ കഴിയാൻ പോലും അനുവദിക്കാത്ത തരം ‘ഹൃദയവിശാലത’ നിറഞ്ഞ മലയാളികളുടെ മുഖ്യമന്ത്രിയാണ് അറബികളിൽ നിന്നും ഹൃദയവിശാലത ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത്. തീർച്ചയായും നമ്മുടെ ഭരണകർത്താക്കളെക്കാൾ അവരുടെ ‘അതിഥിതൊഴിലാളികളുടെ ’ കാര്യത്തിൽ ഹൃദയവിശാലത ഉണ്ടെന്ന് അറബികൾ തെളിയിച്ചിട്ടുമുണ്ട്. ഇതെഴുതുന്ന ഞാൻ തന്നെ ഫ്രീ ആയി നീട്ടിക്കിട്ടിയ ഇക്കാമ കാലാവധിയിലാണ് ഇപ്പോൾ കഴിയുന്നത്.

ലാഭത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്വകാര്യകമ്പനിയായ സ്‌പൈസ്ജെറ്റ് വിമാനക്കമ്പനിയുടെ പോളിസികളാണോ ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണകൂടം ചെയ്യേണ്ടത്? സ്‌പൈസ്ജെറ്റ് കമ്പനിയുടെ കോവിഡ് പ്രൊസീജിയേഴ്‌സിനെക്കുറിച്ച് മുഖ്യമന്ത്രി വാചാലനായത് കൊണ്ട് ചോദിക്കുകയാണ്. തങ്ങളുടെ സംസഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം മറ്റുള്ളയിടങ്ങളെക്കാൾ കുറവാണ് എന്ന റെക്കോർഡിന് വേണ്ടിയല്ല ഭരണകൂടം ശ്രമിക്കേണ്ടത്, പകരം ലോകമെവിടെയുമുള്ള തങ്ങളുടെ പൗരന്മാരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്.

സംസ്ഥാനത്ത്തിലേക്ക് പ്രവേശിക്കാനുള്ള വഴികളെല്ലാം അടച്ചിട്ടിട്ട് കോവിഡ് കൗണ്ട് പൂജ്യമാക്കാൻ കോവൂർ കുഞ്ഞുമോൻ ഇവിടെ മുഖ്യമന്ത്രിയായി ഭരിച്ചാലും നടക്കും. കേരളത്തിന്റെ മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് ആബാലവൃദ്ധം മലയാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള നടപടികളാണ്. അതിൽ കോവിഡ് രോഗികളുണ്ടാവാം, രോഗസാധ്യതയുള്ളവരുണ്ടാകാം. എല്ലാവരെയും പറ്റി കുരുതലുണ്ടാവണം. അല്ലാതെ സുരക്ഷാവസ്തുക്കൾ ധരിച്ച് തിരിച്ച് വരുന്ന പ്രവാസികളിൽ ഉണ്ടായേക്കാവുന്ന 4000 രോഗികളെയും അവരിൽ നിന്ന് പകരാൻ സാധ്യതയുള്ള മറ്റ് 8800 പേരെയും ഭയക്കുന്നതിലല്ല.

രസമതല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് ഹോട്സ്പോട്ടുകളായ മുംബൈ, ഡൽഹി പോലെയുള്ള നഗരങ്ങളിൽ നിന്ന് വരുന്നവർക്ക് ഒരു ടെസ്റ്റിന്റെയും ആവശ്യമില്ല, കോവിഡ് വിദേശ പ്രവാസികളുടെ ഇടയിൽ മാത്രം പകരുന്ന ഒന്നാണല്ലോ.

അതിനിടയിൽ വിദേശകാര്യ സഹമന്ത്രി മുരളീധരൻ മുമ്പ് പറഞ്ഞതിന്റെയും ഇപ്പോൾ പറഞ്ഞതും തമ്മിലുള്ള വൈരുദ്ധ്യം മുഖ്യമന്ത്രിയും സൈബർ സഖാക്കളും പറയുന്നത് കേട്ടു. സ്വന്തം കണ്ണിലെ കോലെടുത്ത് മാറ്റിയിട്ട് പോരെ അയലത്തവന്റെ കണ്ണിലെ കരട് എടുത്തുമാറ്റാൻ എന്നേ മാത്രമേ ചോദിക്കുന്നുള്ളൂ.

കോവിഡ് രോഗികളോട് മുഖ്യമന്ത്രിക്കും, ജനങ്ങൾക്കും ഇത്ര ഭയമുണ്ടാവാൻ കാരണം മാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ വിജ്ഞാനം വിളമ്പുന്ന ചില ഡോക്ടർമാരുമാണ്. #അതിനെപ്പറ്റി_പിന്നീട്. റാപിഡ് ടെസ്റ്റ്, ട്രൂനെറ്റ് ടെസ്റ്റ് തുടങ്ങിയവയിൽ പോസിറ്റിവ് ആകുന്ന വ്യക്തികൾക്ക് കോവിഡ് 19 ഉറപ്പാണ് എന്നാർക്ക് പറയാൻ കഴിയും എന്ന ചോദ്യവും ചോദിക്കുന്നു.

ജയ്.എൻ.കെ

 

Fashion

Jul 42020
Keep a little rose water in an empty perfume bottle. Spray one in between. Rose water can improve the function of skin cells and reduce inflammation.