കാശിയുടെ കൽപ്പടവുകളിൽ

അന്ന് വാരാണസിയിൽ ആയിരുന്നു. ഗംഗാ ആരതിയും തോണി യാത്രയും രാത്രി നടത്തവും കഴിഞ്ഞ് മുറിയിലെത്തി. രാത്രി പതിനൊന്ന് മണി കഴിഞ്ഞു കാണും. പതിവുപോലെ മൊബൈലിൽ ഓൺലൈൻ ന്യൂസ് വായിച്ചു. ലോകത്തെന്ത് നടക്കുന്നു എന്നറിയണമല്ലോ.  അന്നായിരുന്നു നോട്ട് നിരോധനം. കയ്യിലുള്ള പൈസയൊക്കെ എണ്ണി നോക്കി. നൂറിന്റെ ഏതാനും നോട്ടുകൾ. ബാക്കിയൊക്കെ അഞ്ഞൂറും ആയിരവും. യാത്രയിനി ഒരാഴ്ച കൂടിയുണ്ട്. വേഗം എ ടി എം തപ്പി ഇറങ്ങി. ഒരിടത്തും പൈസയില്ല. എച്ച്‌ ഡി എഫ് സി യുടെ ഒരു എ ടി എം മാത്രം നിറഞ്ഞ ക്യൂവിൽ പ്രവർത്തിക്കുന്നു. അഞ്ഞൂറ് രൂപ നൂറിന്റെ നോട്ടുകളായി കിട്ടി. അന്ധാളിപ്പിന്റെ രാവ് ആയിരുന്നു അത്. മറ്റേതൊരു ഇന്ത്യാക്കാരനെയും പോലെ.

ഒരാഴ്ചത്തെ കൽക്കത്ത സന്ദർശനത്തിനും രണ്ട് ദിവസത്തെ ബോധഗയ യാത്രയ്ക്കും  ശേഷമാണ് വാരണാസിയിലെത്തുന്നത്. ഗയയിൽ നിന്നും മുഗൾസറായ് സ്റ്റേഷനിലേക്കും തുടർന്ന് വാരണാസിയിലേക്കും. മുഗൾസറായ് സ്‌റ്റേഷൻ മതം മാറി ദീനദയാലു ആയിട്ടുണ്ടിപ്പൊ. കാലത്തിന്റെ ഓരോ തമാശകൾ.
താമസം സോസ്റ്റൽ എന്ന ട്രാവലേഴ്സ് ഹോസ്റ്റലിലാണ്. ബാക് പാക്കേഴ്‌സിന് മാത്രമുള്ള ഹോസ്റ്റൽ ചെയിൻ ആണിത്. സുന്ദരവും സുരക്ഷിതവും സുഖകരവുമായ ഒരിടം. യാത്രികർക്ക് വേണ്ട സഹായങ്ങളൊക്കെ ചെയ്തു തരുന്ന മാനേജ്മെൻറ്.  ഭക്ഷണവും ഉണ്ട്. ഇന്ത്യയിലെ പലയിടങ്ങളിൽ ഈ ഹോസ്റ്റൽ ഉണ്ട്. നേരത്തെ ബുക്ക് ചെയ്യണമെന്ന് മാത്രം.  സോളോ ട്രാവലേഴ്സിന്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ധൈര്യമായി താമസിക്കാം.
ഇന്ത്യയിലെ, ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ പട്ടണങ്ങളിലൊന്നാണ് കാശിയെന്നും, ബനാറസെന്നും, അറിയപ്പെട്ടിരുന്ന വാരണാസി. പുരാണങ്ങളിലും ഐതിഹ്യങ്ങളിലും ചരിത്രങ്ങളിലുമൊക്കെ രേഖപ്പെടുത്തപ്പെട്ട സ്ഥലനാമം. വാരണ, അസി എന്നീ നദികളിൽ നിന്നാണ് വാരണാസി രൂപപ്പെടുന്നത്. വിശദമായി കണ്ട് തീർക്കാൻ ദിവസങ്ങൾ ആവശ്യമായ ഒരിടത്തേക്കാണ് ഫലത്തിൽ വെറും ഒറ്റ ദിവസത്തെ പരിപാടിയുമായി ഒരു ഓട്ടപ്രദക്ഷിണം. ബോധ്ഗയയിൽ നിന്നും ഖജുരാഹോയിലേക്കുള്ള യാത്രക്കിടയിലെ ഒരു ഇടത്താവളം മാത്രം. അതു കൊണ്ട്  ഗംഗയും അതിന്റെ പ്രധാന ഘട്ടുകളും മാത്രമേ മനസിലുള്ളൂ താനും.

ആദ്യം പോയത് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കാണ്. ആയുധധാരികളായ കമാന്റോകൾ കാവൽ നിൽക്കുന്ന ക്ഷേത്രം.  വാച്ച് ടവറുകളിൽ എ.കെ 47 പിടിച്ച് ഭടൻമാർ. ദർശനത്തിനായി മണിക്കൂറുകൾ നീളുന്ന ക്യൂ. കർശനമായ സെക്യൂരിറ്റി ചെക്ക്. മൊബൈലും ക്യാമറയുമടക്കം ഒന്നും അകത്ത് പ്രവേശിപ്പിച്ചു കൂടാ. കുറച്ച് ആളുകളെ മാത്രമേ ഒരു സമയം കടത്തിവിടൂ.  ഇരുന്നും നിന്നും  ഇടുങ്ങിയ ഗലികളിലെ വളഞ്ഞുപുളഞ്ഞ വരികളിൽ മോക്ഷ പ്രാപ്തിക്കായി, ഭഗവത് ദർശനത്തിനായി ക്ഷമാപൂർവ്വം ഭക്തർ.
ആകെയുള്ളൊരു ദിവസം ക്യൂവിൽ കളയാൻ താൽപര്യമില്ലാത്തതിനാലും പാപങ്ങൾ ഇനിയും ഒരുപാട് ചെയ്യാനിരിക്കെ ഉടനെ മോക്ഷപ്രാപ്തി ആഗ്രഹിക്കാത്തതിനാലും, സർവ്വോപരി ഭഗവാനെന്തിനാ പാറാവ് എന്ന ചോദ്യം ഉള്ളിലുള്ളതിനാലും മനസിൽ തൊഴുതു കൊണ്ട് ക്യൂ വിട്ടിറങ്ങി. ഒരർത്ഥത്തിൽ ദർശനത്തിന് സമയമായില്ലായിരിക്കും. സഹയാത്രികൻ ദർശനം നടത്താൻ തീരുമാനിച്ചതുകൊണ്ട് പുളളിയുടെ മൊബൈലും ക്യാമറയും എന്റെ ബാഗിലായി. ഇനി വാരണാസിയുടെ തെരുവുകളിലേക്ക്.

മൊബൈൽ ഇല്ലാത്തതു കൊണ്ട് തമ്മിൽ കാണാൻ നേരത്തെ പറഞ്ഞുറപ്പിച്ചിടത്ത് ഇടക്കിടെ ചെന്നു നോക്കേണ്ടിയിരുന്നു.   4 മണിക്കൂറുകൾക്ക് ശേഷം പുള്ളി മടങ്ങിയെത്തിയപ്പോഴേക്കും  വാരണാസി തെരുവുകൾ എനിക്ക് പരിചയമായിക്കഴിഞ്ഞു. അലഞ്ഞു തിരിയുന്ന പശുക്കളും,റിക്ഷകളും, ഉന്തുവണ്ടികളും, മോട്ടോർ വാഹനങ്ങളും, കാഷായ വസ്ത്രധാരികളും വഴിവാണിഭക്കാരുമുള്ള ലക്ഷണമൊത്ത ഇന്ത്യൻ തെരുവുകൾ.
സോസ്റ്റൽ മാനേജർ ഒരു തോണി ഏർപ്പാടാക്കിത്തന്നിരുന്നു. വൈകുന്നേരത്തേക്ക്. ഗംഗയിലൂടെ, കടവുകളിലൂടെ ഒരു സായാഹ്ന സവാരി. നാല് വിദേശികൾ അടക്കം ഞങ്ങൾ ആറു പേർക്ക്. രണ്ട് യുവാക്കൾ സ്വീഡനിൽ നിന്നും രണ്ട് യുവതികൾ ഓസ്ട്രേലിയയിൽ നിന്നും.

ഗംഗയുടെ യാത്രാവഴിയിൽ മതവിശ്വാസപരമായി  ഏറ്റവും പ്രധാനപ്പെട്ട ഒരിടമാണ് കാശി. പരന്നൊഴുകുന്ന ഗംഗയിലൂടെ  വൈകുന്നേരത്തെ തോണിയാത്ര മനോഹരമായ ഒരനുഭവമാണ്. ഘട്ട് എന്ന് വിളിക്കുന്ന കടവുകളിൽ ആണ്
ഇവിടെ ജീവിതം. ദശാശ്വമേധ ഘട്ട്, അസിഘട്ട് , കേദാർഘട്ട്, മണികർണിക ഘട്ട്, ഹരിശ്ചന്ദ്ര ഘട്ട് തുടങ്ങി തൊണ്ണൂറോളം ഘട്ടുകൾ. ഗംഗാ ആരതി കൊണ്ട് ദശാശ്വമേധ ഘട്ടും ഇടമുറിയാത്ത ചിതകൾ കൊണ്ട് മണികർണികയുമാണ് അവയിൽ ഏറ്റവും പ്രശസ്തം. അസിഘട്ടു മുതൽ മണികർണിക വരെയുള്ള ദൂരം തോണിയിൽ. ഒടുവിൽ ഗംഗാ ആരതിയുടെ ഗംഗയിൽ ഇരുന്നുള്ള കാഴ്ച. വിളക്കുകൾ തെളിഞ്ഞ് കിടക്കുന്ന നദിയോരം. തീരത്തെ തിരക്കൊഴിയും വരെ ഗംഗയിലൂടെ വീണ്ടും തോണിയിൽ. പിറ്റേന്ന് സൂര്യോദയത്തിന് വീണ്ടുമൊരു ജലയാത്രക്ക് തോണിക്കാരനെ പറഞ്ഞേൽപ്പിച്ചു.

ഭാംഗ് കഴിച്ചിട്ടുണ്ടോ?  വാരണാസിയിൽ സർക്കാരിന്റെ ഭാംഗ് കടയുണ്ട്.  അഞ്ചു രൂപക്ക് ഒരു ഉരുള ഭാംഗ് കിട്ടും. പാലിൽ കലക്കി കഴിക്കാം. കഞ്ചാവടിച്ച ഫലം കിട്ടും.
ഭാംഗ് കടക്കരികിൽ പാലും ലസിയും പാൽ പലഹാരങ്ങളും മറ്റും വിൽക്കുന്ന ഒരു കടയുണ്ട്. വാരണാസിയിൽ ഏറെ പ്രശസ്തം ആണത്. ലസി ഇഷ്ടമല്ലാത്തതുകൊണ്ടും ഭാംഗിൽ താൽപര്യമില്ലാത്തത് കൊണ്ടും രണ്ടും പരീക്ഷിച്ചില്ല. സഹയാത്രികൻ രണ്ടുരുള ഭാംഗ് വാങ്ങി പോക്കറ്റിലിട്ടു. ഇരിക്കട്ടെ. വാരണാസി വരെ വന്നതല്ലേ..!  റൂമിലെത്തി, പാഴ്സൽ വാങ്ങിയ  പാലിൽ കുറച്ച് ഭാംഗ് കലക്കിക്കഴിച്ച് സൈക്കഡലിക്ക് കാഴ്ചകൾക്കായി പ്രതീക്ഷയോടെ കാത്തിരുന്ന സഹയാത്രികന് ഉറങ്ങിക്കഴിഞ്ഞ് സ്വപ്നത്തിൽ പോലും ഒന്നും കാണാനായില്ല എന്നത് ഭാംഗിന്റെ ബാക്കിപത്രം.

പിറ്റേന്ന് രാവിലെ തോണിയാത്രയ്ക്ക് ശേഷം ഘട്ടുകൾ ചുറ്റിനടന്ന് കണ്ടു. ബലിയർപ്പണവും പൂജകളുമായി ഘട്ടുകൾ ഉണരുകയാണ്. മറ്റ് പലയിടത്തും കണ്ടപോലെയും കേട്ടതു പോലെയും പൂജാരികൾ പിടികൂടി നിർബന്ധിച്ച് പൂജ ചെയ്യിപ്പിക്കാൻ മുതിർന്നില്ല. ക്യാമറ ഉള്ളതുകൊണ്ടാവണം. ഘട്ടുകളിലെ ജീവിതക്കാഴ്ചകൾ ഒറ്റ സ്നാപ്പിൽ ഒതുക്കാനാവുന്നതല്ല. ചിലരുടെ ജീവിതം അവസാനിക്കുന്നതും മറ്റു ചിലർ ജീവിതം കണ്ടെത്തുന്നതും ഇവിടെത്തന്നെ.
മണികർണികയിൽ രാപകലില്ലാതെ ചിതകൾ എരിയുന്നു. തോണികൾ വിറകുമായി കാത്ത് കിടക്കുന്നു. ചിലർ മരിക്കാനായി മാത്രം കാശിയിലെത്തുന്നവർ. തിരിച്ച് വരവില്ലാത്ത ഒരു യാത്രയായിരുന്നു ഒരിക്കൽ ഇത്. അജ്ഞാത നാമാക്കളുടെ മോക്ഷപ്രാപ്തി.  ഗംഗയുടെ മലീനീകരണം കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായി  ഘട്ടുകൾ ചൂലുപയോഗിച്ച് സ്ഥിരമായി അടിച്ച് വൃത്തിയാക്കുന്നുണ്ട്.  വാരണാസിയിലെ മരണങ്ങളൊക്കെ ഗംഗയിലും തീരത്തുമായി കത്തിയും ഒഴുകിയും തീരുമെന്ന് തോണിക്കാരൻ പറഞ്ഞു. പാതിവെന്ത ശവങ്ങൾ ഒഴുകിപ്പോവുന്ന ഗംഗയാണ് കാശിയിൽ. എന്തായാലും ഞങ്ങൾ ഉണ്ടായിരുന്ന നേരത്തൊന്നും ആ കാഴ്ച കണ്ടില്ല. ഇല്ലാത്തതോ കാണാത്തതോ..!
തോണിയാത്രക്കു ശേഷം രാവിലെയാണ് സാരനാഥിലേക്ക് പോകാൻ ഓട്ടോ ഏർപ്പാടാക്കിയിരുന്നത്.  ഇരുട്ടടി പോലെ വന്ന നോട്ട് നിരോധനം എല്ലാം തകിടം മറിച്ചു.

റൂമിന്റെ വാടക, തോണിയുടെ വാടക, ഓട്ടോച്ചാർജ്, ഭക്ഷണം, എല്ലാറ്റിനും കാശ് വേണം. റൂമിന്റെ വാടക ആയിരത്തിന്റെ നോട്ടിൽ തന്നെ കൊടുത്തു. തലേന്നത്തെ പണം ബാങ്കിൽ ഇടാൻ ഇരിപ്പുള്ളതുകൊണ്ട് നിങ്ങളുടെ പൈസ കൂടി ചേർത്താലും കുഴപ്പമില്ലെന്ന് ഹോസ്റ്റലുകാർ. ഓട്ടോക്കാരനോട് ആദ്യമേ പറഞ്ഞു. വേറെ നോട്ടൊന്നും ഇല്ല.  അയാൾക്കത് പ്രശ്നമല്ല. താനത് ബാങ്കിൽ കൊടുത്ത് മാറിക്കൊള്ളാമെന്നയാൾ. തന്റെ കയ്യിൽ കള്ളപ്പണമൊന്നുമില്ലെന്നും. വെറുതെയെന്തിന് ഓട്ടം കളയണം.?
അതോടെ ശ്വാസം നേരെ വീണു. മടക്കത്തിൽ
ഖജുരാഹോയിലേക്ക് പോകാൻ വൈകിട്ട് വാരണാസി റെയിൽവേ സ്റ്റേഷനിൽ വിട്ടപ്പൊ വേറെ ഒരഞ്ഞൂറിന് ചില്ലറയും തന്നു അയാൾ. നോട്ട് നിരോധനത്തിന്റെ ആദ്യ ദിന ഓർമ്മയാണിന്നും വാരാണസി. അത് പ്രധാനമന്ത്രി മോദിയുടെ മണ്ഡലത്തിൽ വെച്ച് തന്നെയായി എന്നത്  അത്ര രസകരമല്ലാത്ത യാദൃശ്ചികത.  

വെറുമൊരു ഓട്ടപ്രദക്ഷിണം മാത്രമല്ല
സമഗ്രമായൊരു സന്ദർശനം ആവശ്യപ്പെടുന്നുണ്ട് കാശി. കാണാനും അനുഭവിക്കാനും ഏറെയുണ്ടിവിടെ.  നിരവധിയായ വാനപ്രസ്ഥങ്ങൾക്കൊടുവിൽ മറ്റൊരു തവണ ഇവിടേക്കായി തന്നെ വരണം. വിശ്വനാഥന്റെ മണ്ണിൽ വിശ്വനാഥനെ കാണാൻ. ഗംഗയുടെ, കാശിയുടെ തിരക്കൊഴിഞ്ഞൊരു കൽപ്പടവിൽ തിരക്കുകളെല്ലാം ഉപേക്ഷിച്ചിരിക്കാൻ. ഒരു തരത്തിൽ അതാണ് മോക്ഷം. വാനപ്രസ്ഥത്തിന് ശേഷമാണല്ലോ സന്യാസം..! 

കെ.ജെ.സിജു

 

Recipe of the day

Sep 232020
ചേരുവകള്‍ പനീര്‍ – 200 ഗ്രാം എണ്ണ – ഒരു ടേബിള്‍സ്പൂണ്‍ ജീരകം – ഒരു നുള്ള് പച്ചമുളക് -2 സവാള – 1 മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍