കണ്ണിമാങ്ങാഭരണി

ഗേറ്റ് തുറക്കുമ്പോൾ എന്നത്തേയും പോലെ വീട് പതിയെ ഉറക്കത്തിൽ നിന്നും ഒന്നു കണ്ണു തുറന്നു പിന്നെ ഒരു പൂച്ചയെ പോലെ കണ്ണടച്ചു. അതിന്റെ അകത്തളങ്ങളിൽ വിരസത ചിലന്തി വല കെട്ടിയിരിക്കുന്നു. നിരാശയുടെ കണ്ണിമാങ്ങകൾ ഉപ്പിലിട്ട കൂറ്റൻ ഭരണികളാണ് ഇരിപ്പുമുറി നിറയെ. കിടക്കകട്ടിലിനുചുറ്റും മോഹഭംഗങ്ങളുടെ മൺപുറ്റ് അതിന്റെ മാളങ്ങളിൽ നിന്നിറങ്ങി ഉറക്കത്തിന്റെ ആലസ്യത്തിലേക്കിഴഞ്ഞു കയറുന്ന സർപ്പങ്ങൾ. മടുത്തു. അതാണ് സത്യം.വിനയനില്ലാത്ത വീട്ടിൽ ഇതല്ലാതെ വേറെ എന്തുണ്ടാകാൻ.
ഏഴ് വർഷങ്ങൾ നാട്ടുകാരും വീട്ടുകാരും അറിഞ്ഞ് തന്നെ പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു വിനയനും താനും.
സോമലത വിരക്തിയോടെ വാതിൽ തുറന്നു. നേരെ മുന്നിൽ വിനയന്റെ വലിയ ഫോട്ടോ. മാല ചാർത്തിയിട്ടില്ല. വിനയൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതിന് ഒരു തെളിവുമില്ല. അനന്തമായ കാത്തിരിപ്പാണ് തന്റെത് എന്നവൾക്കറിയാം
വിനയൻ കരസേനയിലായിരുന്നു. രണ്ടു വർഷം അവൾ കൂടെ ചേര്‍ന്ന് താമസിച്ചു. മൂന്നാം വർഷം അതിർത്തിയിൽ ഒരു നഗരത്തിലേക്കായിരുന്നു അവനു ട്രാൻസ്ഫർ.
വിനയൻ എന്നും രാത്രി വിളിക്കും. പറയും
"നീ കൂടെ വേണമായിരുന്നു സോമേ. ആപ്പിൾ മരങ്ങൾ കായ്ച്ചു കിടക്കുന്ന മഞ്ഞ് പരവതാനി വിരിച്ചിട്ടിരിക്കുന്ന ഈ മലഞ്ചെരുവുകളിലൂടെ എന്റെ ചുമൽ ചേര്‍ന്ന് നടക്കാൻ. പഴുത്ത ആപ്പിൾ പറിച്ചു നീ കടിച്ചു തിന്നുമ്പോൾ നിന്നെ തിന്നാനുള്ള ആർത്തിയോടെ എനിക്ക് കെട്ടിപ്പീടിക്കണമായിരുന്നു. "
     പിന്നെ പിന്നെ വിശേഷങ്ങളിൽ ഭയവും ദുരിതങ്ങളും കയറി വരാൻ തുടങ്ങി.
" സോമേ ഒരു കടന്നു കയററത്തിന്റെ ചൂരടിക്കുന്നുണ്ട്. ഈ മഞ്ഞിന്റെ താഴ് വാരത്തു വെടിമുഴക്കവും ഗ്രനേഡ് ഉയർത്തുന്ന പൊട്ടിതെറിയും സാധാരണ മാകുകയാണ്. "
" സോമു ഇനിയും നിത്യവും വിളിക്കാനാവും എന്നതിന് ഒരു ഉറപ്പും ഇല്ല. നീ വിഷമിക്കരുത്. പ്രാർത്ഥിക്കണം എന്നും"
 "സോമേ രണ്ട് ദിവസമായി വിളിച്ചിട്ട്. നീ വിഷമിച്ചിരിക്കയാണ് എന്നറിയാം. ശ്രദ്ധിക്കണം അമ്മ ഒന്നും അറിയരുത്. "
" സോമേ ഞങ്ങൾ ഒരു മൂവ്മെന്റിലാണ് അവിടെ റേഞ്ച് ഉണ്ടായി എന്ന് വരില്ല. ക്യാമ്പിൽ സരോജ് സിങ്ങ് എന്ന എന്റെ കൂട്ടുകാരനുണ്ടാവും അവൻ മുഖേന നിനക്ക് വിവരങ്ങളറിയാം "
" സോമു ഞങ്ങൾ ഇറങ്ങുകയാണ്. നീ കരയല്ലേടി. എനിക്ക് ഒന്നും വരില്ല. നമുക്ക് ഒരു ഓമനമുത്ത് വേണ്ടേ ടി ഞാനൊന്നു വന്നോട്ടെ. "
അഞ്ചു ദിവസങ്ങൾക്കു ശേഷം സരോജ്സിങ്ങ് വിളിച്ചു. വികലമായ ഇംഗ്ലീഷിൽ അയാൾ പറഞ്ഞൊപ്പിച്ചു
" വിനയ് സർ ഓകെ മാഡം. അദ്ദേഹവും മറ്റു മൂന്നു പേരും ഒരു പ്രത്യേക ദൗത്യം ഏറ്റെടുത്തു മുന്നേറുകയാണ്. ഭാരതം മുഴുവനും അവർക്കു വേണ്ടി പ്രാർത്ഥനയിലാണ് "
സോമലത കെടാവിളക്കിനുമുന്നിൽ നിരന്തര ഭജനയിലായിരുന്നു. എന്നിട്ടും ആഴ്ചകൾക്കുശേഷമാണ് അറിയുന്നത് ആ നാലുപേരും ശത്രുസങ്കേതം തകർക്കാനുളള ദൗത്യത്തിലായിരുന്നു. ഒരാൾ കൊല്ലപ്പെടുകയും മൂന്നുപേർ ശത്രുസങ്കേതത്തിൽ തടവുകാരായി പിടിക്കപ്പെടുകയും ചെയ്തു എന്ന്.
അതിർത്തികളിൽ ഒരു പരസ്പര ധാരണയും ഉരുത്തിരിയാതെ നില വഷളായി വരികയായിരുന്നു. ഒത്തുതീര്‍പ്പിന് ആരുമായും തയ്യാറാവാതെ.
     വിനയന്റെ അമ്മ എല്ലാം അറിയുന്നുണ്ടായിരുന്നു. ആ വിധവയുടെ വാർദ്ധക്യം കണ്ണീരിൽ കുതിർന്നു. കാത്തിരിപ്പ് ആയിരുന്നു പിന്നീട്. മൂന്നു മാസങ്ങൾക്കുശേഷം വിനയന്റെ ശബളം സോമലത യുടെ അക്കൗണ്ടിൽ വരാൻ തുടങ്ങി. ഒരു വർഷം കഴിഞ്ഞപ്പോൾ സോമലതക്ക് ബാങ്കിൽ ജോലിയായി. ഇടക്കിടെ സൈന്യമേധാവികളിൽ നിന്നും ഉറപ്പുകൾ സന്ദേശമായി വരും.
"ഞങ്ങൾ ഒരു ഒത്തുതീര്‍പ്പിന് ശ്രമിക്കയാണ്. തിരികെ തരും ഈ മൂന്നു പേരേയും കുടുംബത്തിന്"
      വർഷങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. അമ്മ മകനെ ഓർത്ത് നീറിനീറി മരിച്ചു. ചിതക്ക് തീ വെക്കാൻ പോലും മകനില്ലാതെ.
ഒരു മകനെ തരാൻ തന്റെ ഭർത്താവ് തിരികെ എത്തുന്നതും കാത്ത് സോമലത ഒരു കാവൽ കാരിയെ പോലെ ആവീട്ടിലും ബാങ്കിലുമായി കഴിഞ്ഞു. ഇരുപത്തി മൂന്നാം വയസ്സിൽ അനുഭവിക്കാൻ തുടങ്ങിയതാണ് ഈ ഏകാന്തത.
      വൈകുന്നേരം വീടണയുമ്പോ ഒച്ചയനക്കങ്ങളില്ല.. കാത്തിരിക്കാനോ വിശേഷങ്ങൾ കേൾക്കാനോ ആരുമില്ല. ഇരുപതു വർഷങ്ങൾ കടന്നു പോയി. ശത്രുരാജ്യം തടവുകാരുടെ കാര്യത്തിൽ കൈമലർത്തി. പിന്നെ അവർ ഇരുപത് വർഷങ്ങൾക്കു മുൻപ് എവിടെ പോയി. സ്വരാജത്തിനും കണ്ടെത്താനായില്ല.
      കുളികഴിഞ്ഞു വരുമ്പോഴവളുടെ മുടി
ചാർത്ത് കൊതിക്കുന്നു കാച്ചെണ്ണയുടെ മണം നുകരാൻ തന്നിലേക്ക് ഒരു പുരുഷ മുഖം കൊതിയോടെ. അടിവയറിലുരുത്തിരിയുന്ന ഇടിമിന്നൽ കൊതിക്കുന്നു തന്നിലേക്ക് പെയ്തൊഴിയാനൊരു പുരഷനെ. പിൻകഴുത്തും മിഴിപോളകളും വെപ്രാളപ്പെടുന്നു ഒരു ചുബനത്തിനായി. അരക്കെട്ടിൽ കൈചുറ്റി ഒരു പുരുഷന്റെ ബലിഷ്ഠമായ ആലിംഗനത്തിനു കൊതിക്കുന്നു ശരീരം. എന്നത്തേയും പോലെ മോഹങ്ങളുടെ പുറ്റിൽ നിന്നും ഇറങ്ങിവന്നു തന്നെ ചുറ്റിവരിയുന്ന സർപ്പങ്ങളെ വലിച്ചെറിയാൻ അവൾ ഉറക്കഗുളികകളുടെ സ്ട്രീപ്പ് തപ്പിയെടുത്തു.
      വരും വിനയൻ വരും കളങ്കപ്പെടാത്ത ശരീരവുമായി താൻ കാത്തിരിക്കും. താൻ ഒരു പട്ടാളക്കാരന്റെ ഭാര്യയാണ്. അവൾ ഉറക്കത്തിലേക്ക് മുഖം പൂഴ്ത്തി.
        എന്നിട്ടും സോമലത എത്ര കുടഞ്ഞെറിഞ്ഞിട്ടും വിനയനില്ലാത്ത ഇരുപത്തിയൊന്നാം വർഷം അവൾ അനിൽ പിള്ള യുടെ ഭാര്യയായി. പിള്ള ഒരു സാമൂഹ്യ സേവകനായ സ്കൂൾ മാഷും വിഭാര്യനും പത്തു വയസ്സുള്ള ഹരീഷ് പിള്ളയുടെ അച്ഛനും സോമലത യുടെ സമപ്രായക്കാരനും ആയിരുന്നു. നാട്ടുകാരും വീട്ടുകാരും ഒന്നിച്ചു നിന്നപ്പോൾ, വാർദ്ധക്യത്തിലെ ഏകാന്തതക്കൊരുകൂട്ടും കൂടാതെ ഹരീഷ് എന്ന കുട്ടി ഒരു ലഹരിയുമായിതീർന്നപ്പോൾ സോമലതയുടെ വീട് ഉണരുകയും വിരസതയുടെ മാറാല പതുക്കെ തുടച്ചു മാറ്റപ്പെടുകയും നിരാശയുടെ കണ്ണിമാങ്ങാഭരണികൾ വീടിനു പുറത്തേക്കെങ്ങൊ വലിച്ചെറിയുകയും ചെയ്തു.
    അവളുടെ മുടിചുരുളുകൾ ഇരുണ്ടുലഞ്ഞു കാരണം അനിൽ പിള്ളക്ക് കാച്ചെണ്ണമണം ഉത്തേജകമായിരുന്നു. പിൻകഴുത്തും മിഴിപോളകളും സോമയോട് പരിഭവിച്ചു "എന്തേ ഇത്ര വൈകിച്ചത്"
പഴയ ലാന്‍ഡ് ഫോൺ കണക്ക്ഷൻ വിടുവിച്ചു മൂലയിലേക്കുതളളി അതിരുന്ന തട്ടിൽ ഒരു വലിയ നിലവിളക്ക് വാങ്ങിവെച്ചു അനിൽ പിള്ള. ഇരുപത്തിഒന്നുകൊല്ലം കാത്തിരുന്ന വിളി യൊച്ചയുടെ കണ്ണീരുമായി ആ കറുത്ത ഫോൺ മൂലയിൽ ചത്തുകിടന്നു.
        അവിചാരിതമായിട്ടാണ് ആ വാര്‍ത്ത ആർമി ക്യാമ്പിലെത്തിയത്. ആടുമേച്ചു നടക്കുന്ന ഗോത്രവർഗ്ഗക്കാരാണ് അതു കണ്ടത്. തണുത്തുറഞ്ഞ ആ ശരീരങ്ങളെ അവർ ആവോളം പുതപ്പിച്ചും മഞ്ഞുമൂടിയ തറയിൽ നിന്ന് മഞ്ഞിളക്കി മരക്കമ്പുകൾ കൂട്ടിവെച്ച് തീ ഒരുക്കി ചൂടൂതട്ടിച്ചും ആ രണ്ടു ശരീരങ്ങളിൽ ജീവൽസ്പർശം ഉണ്ട് എന്ന് ഉറപ്പു വരുത്തി. അതിനിടെ കൂട്ടത്തിലൊരാൾ താഴവാരയിലെ ക്യാമ്പലേക്ക് ഓടിയെത്തി വിവരം കൊടുത്തു.
      സ്ട്രച്ചറിൽ ചുമന്നു കൊണ്ടു വന്ന ശരീരങ്ങൾ പ്രഥമശിശ്രൂഷക്കായി ക്യാമ്പ് ആശുപത്രിയിലേക്ക് കയറ്റി. മേജർ ഡോ :സച്ചിന് ഒരുപ്രതീക്ഷയുമില്ലായിരുന്നു
ആ ശരീരങ്ങളിൽ ജീവൻ നിലനിർത്താം എന്ന്. ശരീരത്തിൽ ചർമ്മം പൊട്ടികീറി പുഴുവരിക്കുന്നു. ആഴ്ചകളായി ആഹാരം കഴിച്ചിട്ട് എന്നു തീർച്ച. വാരിയെല്ലുകളിൽ പൊട്ടുകൾ. ഓരോ കണ്ണുകൾ ഇരുശരീരത്തിലും കാഴ്ച നഷ്ടപ്പെട്ട നിലയിൽ. വസ്ത്രങ്ങൾ കീറിപഴകി മലവും മൂത്രവും പുരണ്ട് ശരീരവുമായി ഉണങ്ങിപിടിച്ചിരിക്കയാണ്.
        അവരുടെ പുനർജന്മത്തിനായി ആ ക്യാമ്പ് അംഗങ്ങൾ മുഴുവൻ വഴിയൊരുക്കുകയായീരുന്നു. എന്നിട്ടും ഒരാൾ കൂടി അനക്കമറ്റു. ബാക്കിയായ ഒരു ജീവൻ പട്ടാളക്കാരാ കൈകുടന്നയിലെന്നോണം പൊതിഞ്ഞു സൂക്ഷിച്ചു. നാലാം ദിവസം അയാളെ ദില്ലിയിലെ അഷ്ലോക്ക് ഹോസ്പിറ്റലിൽ എത്തിച്ചു. ആരോഗ്യവും മനസ്സും പ്രതിരോധനശക്തിയും എല്ലാം നഷ്ടപ്പെട്ട നിലയിലായിരുന്നു അയാൾ. പേരോ നാടോ ഭാഷയൊ ഒന്നും തിരിച്ചറിയാതെ മാസങ്ങളോളം അയാൾ അനക്കമറ്റു കിടന്നു. പാതിമുറിഞ്ഞുപോയ മൂക്കിനും ചുണ്ടിനും ലിംഗത്തിനുപോലും പ്ളാസ്റ്റിക് സർജറി വേണമായിരുന്നു. മനുഷ്യൻ മൃഗമായി മാറിയാലും ഇത്രയും ക്രൂരത മറ്റൊരു മനുഷ്യന്റെ ശരീരത്തിൽ ചെയ്യുമോ.
    പതിമൂന്ന് മാസങ്ങളിലെ ചികിത്സക്ക് ശേഷം അയാൾക്ക് പതിയെ ഓർമ്മകൾ തിരിച്ചു കിട്ടുകയായിരുന്നു. ഒറ്റ കണ്ണുകൊണ്ട് ലോകം കാണാനും വികലമായ ശബ്ദത്തോടെ വാക്കുകൾ ഉച്ചരിക്കാനും തുടങ്ങി. മറക്കാത്ത മലയാള വാക്കുകൾ അസ്പഷ്ടമായി പുറത്തുവന്നപ്പോൾ മലയാളികളായ ഉദ്യോഗസ്ഥർ ചുറ്റും കൂടി.
"സോമ" ആ പേരേ അയാൾക്ക് അറിയു സ്വന്തം പേരുപോലും പലപ്പോഴും മറക്കുന്നു.
"വിനയൻ" എന്ന പേര് എപ്പോഴോ ഉരുവിട്ടപ്പോൾ റെക്കോഡ്കളുടെ കെട്ടഴിഞ്ഞു. അയാളുടെ സകല ഡീറ്റയിൽസും മേധാവികളുടെ മുന്നിൽ നിരന്നു.
        സോമ വിറ്റു പോയ പഴയ വീട്ടിൽ നിന്നും സ്വീകരിക്കപ്പെടാത്ത ഓഫീസ് കത്തുകൾ തിരികെ വന്നു. ബാങ്ക് വഴിയായി അടുത്ത അന്വേഷണം. അടുത്ത തവണ വിനയന്റെ ശബളം അപ്ടുഡേററ് ചെയ്യാനെത്തിയ സോമലതയിൽ നിന്നും അഡ്രസ്സും ഫോൺനബറും വാങ്ങി ബാങ്ക് അവളെ അറിയിച്ചു "ആർമി ഹെഡ് ഓഫീസിൽ നിന്നും അന്വേഷണം വന്നിരുന്നു. നിങ്ങളെ അവർ ബന്ധപ്പെട്ടുകൊളളും" നീറുന്ന ഓർമ്മകളോടെ അവൾ തിരിച്ചു പോയി. എന്തിനാകാം അവർ അന്വേഷിക്കുന്നത്
ദൈവമേ...... അങ്ങിനെ ആവരുതേ. കരയാനും ചിരിക്കാനുമാവാതെ അവൾ വീർപ്പുമൂട്ടി.
അനിൽ പിള്ളക്ക് സംശയമേ ഇല്ലായിരുന്നു.
" ഇത്രയും കാലം ശത്രുരാജത്ത് ഒരാൾ ജീവിച്ചിരിക്കുമോ? ശബളം നിർത്തൽ ചെയ്യാനോമറ്റോ ആയിരിക്കും. ഏതായാലും അവർ വരട്ടെ"
പക്ഷേ വേറേ ഏതോ കാരണം പറഞ്ഞ് പിറ്റേന്ന് അനിൽ പിള്ള ഹൈക്കമാന്റ് ഓഫീസ് അന്വേഷിച്ച് പോയി.
  തിരികെ എത്തിയ അയാൾ പൂർവ്വാധികം സന്തോഷവാനായിരുന്നു. ഒരു രഹസൃം മനസ്സിൽ സൂക്ഷിക്കുന്നതിന്റെ കൗശലം അയാളുടെ കണ്ണുകളിൽ തെളിയുന്നത് അവൾ ശ്രദ്ധിച്ചില്ല.
  അന്വേഷണത്തിനു വരാനിരിക്കുന്ന ഉദ്യോഗസ്ഥരേയും കാത്തു മാസങ്ങളോളം സോമലത ഉമ്മറത്തിരുന്നു. പിന്നെ പതിയെ അതും മറന്നു. മനസ്സിലെ കണ്ണിമാങ്ങകളുടെ എരിവും ചൊടിയും വാർദ്ധക്യം പതിയെ തുടച്ചു മാറ്റുകയായിരുന്നു.

 

വത്സല നിലമ്പൂർ