ജീവിതത്തിൽ വേണ്ടത് നായകന്മാരെയും നായികമാരെയും അല്ല

കപ്പേളയിൽ എനിക്ക് സ്നേഹിക്കാൻ രണ്ടുപേരെ ഉള്ളൂ, ജെസ്സിയുടെ കൂട്ടുകാരിയും റോയിയുടെ കൂട്ടുകാരനും. ബാക്കി ആരും നെഞ്ചുംതുളച്ചു ഹൃദയത്തിലേക്കു കടന്നുവരുന്നില്ല, മതിപ്പിന്റെ അരയിഞ്ചുപോലും സ്വന്തമാക്കാതെ വന്നതുപോലെ ഇറങ്ങിപ്പോകുന്നു.
ശബ്ദം കേട്ടാൽ അതിലെ കരുതൽ ഫോണിലൂടെ ഇറങ്ങിവന്നു വിളിച്ചിറക്കി കൊണ്ടുപോകുന്ന, ഒരുമിച്ചൊരു ജീവിതംവരെ സ്വപ്നംകണ്ടു വണ്ടിപിടിക്കാൻ കഴിയുന്ന, ആദ്യമായി കാണുന്ന കാമുകനൊപ്പം സഭാകമ്പങ്ങളൊന്നുമില്ലാതെ ലോഡ്ജിൽ പോകാൻ കഴിയുന്ന, നിഷ്കളങ്ക പ്രണയത്തിന്റെ ഉദാത്തമാതൃകയുടെ പേരിലോ, റേപ്പിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടുവരുമ്പോഴും കാണിച്ച കടലുകാണാനുള്ള നിശ്ചയദാർഢ്യത്തിന്റെ പേരിലോ ജെസ്സി ഒരു ഇരിപ്പടം കണ്ടെത്തുന്നില്ല. അമ്മയ്ക്കും അച്ഛനും ഏഴുവട്ടം സമ്മതമായിട്ടും അതിനൊപ്പം നിൽക്കാതെ ബെന്നിച്ചനോട് പറയാം, സമയമാവട്ടെ എന്നൊരു വകതിരിവിന്റെ വെളിച്ചത്തിലേയ്ക്കു എത്തിയതുമാത്രമാണ് ജെസ്സിയെന്ന കപ്പേളയുടെ മെഴുകുതിരിക്കുട്ടിക്കുള്ള പാസ്സ് മാർക്ക്.
റോയിച്ചൻ എന്ന സദാചാര നന്മമരം. ആണത്തഘോഷങ്ങളുടെ ആസ്ഥാന കലിപ്പൻ. എല്ലാ സാമൂഹികവിരുദ്ധതകൾക്കും സ്ത്രീവിരുദ്ധതകൾക്കും പിന്നിലൊളിച്ചുനിന്ന രക്ഷയുടെ മാർഗം. സദാചാര ഗുണ്ടായിസത്തെ പോലും സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയുള്ള ഇടപെടലാക്കിയ, കടലുകാണുമ്പോഴും കാവൽനിൽക്കുന്ന, വണ്ടിക്കൂലിക്കു കാശുവല്ലതും വേണോ എന്നാരായുന്ന, മധുരം കിനിയുന്ന കാന്താരിക്കലിപ്പൻ.
ജെസ്സിയോടുള്ള പ്രണയം ജെസ്സിയോടു പോലും പറഞ്ഞു വേദനപ്പെടുത്താതെ, പെണ്ണുകാണാൻ പോകുമ്പോൾ കൂടെവന്ന അമ്മച്ചിയോടു പോലും പറഞ്ഞു വേദനപ്പെടുത്താതെ, ഇലയ്ക്കും മുള്ളിനും കേടില്ലാതെ തന്റെ പ്രണയസാക്ഷാത്കാരത്തിനു പരിശ്രമിച്ച, പ്ലസ്‌ടുവിനു തോറ്റ ജെസ്സിമോളെ ഡോക്ടറാക്കി കാണണമെന്ന് മോഹിച്ച കൊച്ചുമൊതലാളി ബെന്നി, മറ്റൊരു നാടൻ നന്മമരം.
മതം നോക്കാതെ, മുഖം നോക്കാതെ, ജെസ്സിക്ക് ഒരു ജീവിതം കൊടുക്കാൻ തയ്യാറായ, ഉഡായിപ്പിനു തയ്യാറെടുക്കുമ്പോൾ പോലും സദാചാരവാദികളോട് ഒത്തുതീർപ്പിനു വഴങ്ങാത്ത നന്മമരം, വിഷ്ണു. ഇങ്ങോട്ടൊരു കോൾ തെറ്റിവന്നാൽ അങ്ങോട്ടുവിളിച്ചു ഇതു സ്ഥലം എവിടെയാണ് എന്നുചോദിക്കാൻപോന്ന കരുതലിന്റെ, കൺകണ്ട സ്ത്രീകളെയെല്ലാം അമ്മയായും സഹോദരിയായും മാത്രം കാണാൻകഴിയുന്ന, ഒറ്റയ്ക്കൊരു സഹായ സഹകരണസംഘമായി മാറിയ  .
എന്നാൽ ജെസ്സിയുടെ കൂട്ടുകാരിയും റോയിയുടെ കൂട്ടുകാരനുമുണ്ടല്ലോ, ഒരിക്കൽപോലും ഒരു ഉപദേശം കൊണ്ടുപോലും വെറുപ്പിക്കാത്ത, നിരുത്സാഹപ്പെടുത്താത്ത, സകല തല്ലുകൊള്ളിത്തരത്തിനും കൂടെനിൽക്കുന്ന, വിശക്കുമ്പോൾ ചോറും കെട്ടിപ്പൊതിഞ്ഞുവരുന്ന, വിളിക്കുമ്പോൾ ബൈക്കുമെടുത്തു കൂടെയിറങ്ങിവരുന്ന, നിനക്കു കിട്ടിയ അടി നീ തന്നെ കൊടുത്തുതീർക്കണം എന്നുപറഞ്ഞു ആത്മാഭിമാനത്തിനു കാവൽനിൽക്കുന്ന, നീയെന്താ ജെസ്സിമോളെ ഈ കാണിക്കുന്നത് നിനക്ക് വട്ടായോ എന്നുവിളിച്ചാധികൊള്ളുന്ന അവരാണ് കപ്പേളയിലെ എന്റെ ഹീറോസ്. ജീവിതത്തിൽ വേണ്ടത് നായകന്മാരെയും നായികമാരെയും അല്ല, തിരിച്ചൊരു വാക്കുപോലും ചോദിക്കാതെ, കട്ടക്ക് കൂടെനിൽക്കുന്ന ഇതുപോലത്തെ സപ്പോർട്ടിങ് ആക്ടേഴ്‌സിനെയാണ്.

ഷിബു ഗോപാലകൃഷ്ണൻ

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 82020
ചേരുവകൾ 1. പനീർ -കാൽ കിലോ  2. കോൺഫ്ളോർ -മൂന്ന് ടീസ്പൂൺ  3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ  4. പച്ചമുളക് അരച്ചത് - ഒരു ടീസ്പൂൺ