ജീവിതം കൂടുതല്‍ അനുഗൃഹീതമാകാന്‍

പ്രചോദന കഥകൾ                                                                                  

അംശുമാന്റെ പുത്രനായി ജനിച്ച ഭഗീരഥന്‍ രാജാവായി അഭിഷേകം ചെയ്യപ്പെട്ട് അധികനാള്‍ കഴിയുന്നതിനു മുമ്പേ സര്‍വസംഗ പരിത്യാഗിയായി മാറി. അദ്ദേഹം അങ്ങനെ മാറിയതിനു പിന്നില്‍ ഒരുകഥയുണ്ട്:

ഭഗീരഥന്‍ രാജാവായി വാഴുമ്പോള്‍ ജീവിതദുഃഖം അദ്ദേഹത്തെ വല്ലാതെ അലട്ടാന്‍ തുടങ്ങി. തന്റെ ദുഃഖത്തിനൊരു പ്രതിവിധി നിര്‍ദേശിക്കണമെന്ന് അദ്ദേഹം ഗുരുവായ ത്രിതുലന്‍ എന്ന മഹായോഗിയോട് അഭ്യര്‍ഥിച്ചു. അഭ്യര്‍ഥന കേട്ട ത്രിത്രുലന്‍ ഭഗീരഥനോടു പറഞ്ഞു:

''അഹങ്കാരമില്ലാതിരിക്കുന്ന അവസ്ഥയാണു പരമപദം. അങ്ങ് സകലതും മറ്റുള്ളവര്‍ക്കു ദാനം ചെയ്ത് അഹങ്കാരം വെടിഞ്ഞ് ശത്രുക്കളോടുപോലും ഭിക്ഷയാചിച്ച് സര്‍വോത്കൃഷ്ട ബ്രഹ്മമായിത്തീരൂ. അപ്പോള്‍ ജീവിതദുഃഖം മാറും.''

ത്രിതുലന്റെ ഉപദേശം ഭഗീരഥന്‍ അക്ഷരംപ്രതി അനുസരിച്ചു. അദ്ദേഹം തന്റെ സകല സമ്പത്തും മറ്റുള്ളവര്‍ക്കു ദാനം ചെയ്തു. തന്റെ ഉടുവസ്ത്രമൊഴികെ സകലവും അദ്ദേഹം മറ്റുള്ളവര്‍ക്കു കൊടുത്തു. ശത്രുരാജാവിനെ വിളിച്ചു തന്റെ രാജ്യത്തിന്റെ ചുമതലയും അദ്ദേഹം വിട്ടുകൊടുത്തു.

രാജാവ് തങ്ങളെ ഉപേക്ഷിച്ചു പോകരുതെന്ന് ജനങ്ങള്‍ മുഴുവന്‍ അദ്ദേഹത്തോടു കേണപേക്ഷിച്ചു. എന്നാല്‍, തന്നിലെ അഹങ്കാരത്തെ നിഷ്‌കരുണം നശിപ്പിച്ച് തനിക്കു ജീവിതദുഃഖത്തില്‍നിന്നു മോചനം കണെ്ടത്താനാവുമോ എന്ന അന്വേഷണത്തിലായിരുന്നു അദ്ദേഹം. അതുകൊണ്ട് അദ്ദേഹം തന്റെ തീരുമാനത്തിലുറച്ചുനിന്നു.

ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരുഭിക്ഷുവായി ഭഗീരഥന്‍ അലയുമ്പോള്‍ മനസ്സിന്റെ സുഖം എന്താണെന്ന് അദ്ദേഹം അറിഞ്ഞു. സ്ഥാനമാനങ്ങളുടെ അകമ്പടി കൂടാതെയുള്ള ലളിതമായ ജീവിതത്തിന്റെ മനോഹാരിത അദ്ദേഹത്തിന് അതിവേഗം മനസിലായി.

സംതൃപ്തിയുള്ള ജീവിതത്തിന്റെ ഉടമയായി മാറിയ അദ്ദേഹം ഭിക്ഷാടനത്തിനായി ഒരിക്കല്‍ തന്റെ പഴയരാജ്യത്തിലുമെത്തി. പക്ഷേ, പെട്ടെന്ന് ആളുകള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. തങ്ങളുടെ രാജാവായി വീണ്ടും സ്ഥാനമേറ്റെടുക്കണമെന്ന് അവര്‍ അദ്ദേഹത്തോടപേക്ഷിച്ചു. അദ്ദേഹത്തില്‍നിന്നു രാജ്യഭരണം ഏറ്റെടുത്ത ശത്രുരാജ്യത്തെ രാജാവുപോലും ജനങ്ങളുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ ഭഗീരഥനോട് അഭ്യര്‍ഥിച്ചു.

എന്നാല്‍, ഭഗീരഥന്‍ വീണ്ടും രാജ്യഭരണം ഏറ്റെടുക്കാന്‍ തയാറായില്ല. അദ്ദേഹം സന്യാസിയായിത്തന്നെ ജീവിതം തുടരാന്‍ നിശ്ചയിച്ചു.

അഹങ്കാരം വെടിയാന്‍വേണ്ടി ജീവിതത്തില്‍ സകലവും ത്യജിച്ച ഭഗീരഥന് താന്‍ ഉപേക്ഷിച്ചതിലേറെ തിരികെ കിട്ടിയെന്നാണ് പുരാണത്തില്‍ പറയുന്നത്. ഭഗീരഥന്‍ ഭിക്ഷാടനത്തിനായി മറ്റൊരു രാജ്യത്തെത്തിയപ്പോള്‍ അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വം അവിടത്തെ രാജാവാക്കി. ആ വിവരമറിഞ്ഞ ഭഗീരഥന്റെ രാജ്യത്തെ ജനങ്ങള്‍ വീണ്ടും തങ്ങളുടെ രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുകയല്ലാതെ അദ്ദേഹത്തിനു മാര്‍ഗമൊന്നുമില്ലായിരുന്നു.

അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കുമായി നെട്ടോട്ടമോടുന്നവരെ അനുദിനം കണ്ടുമുട്ടുന്ന നമുക്ക് ഭഗീരഥന്റെ മനഃസ്ഥിതി മനസ്സിലാക്കുന്നതില്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഒരുപക്ഷേ, നമ്മില്‍ പലരും അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കുംവേണ്ടി പരക്കംപായുന്നവരുടെ ഗണത്തില്‍പ്പെടുന്നവരാകാം. അങ്ങനെയെങ്കില്‍, ഭഗീരഥനെ ഒരു പടുവിഡ്ഢിയായി മാത്രമേ നാം കണക്കാക്കൂ.

എന്നാല്‍, ഭഗീരഥന്‍ ഒരിക്കലും ഒരു വിഡ്ഢിയായിരുന്നില്ലെന്നതു വ്യക്തമാണ്. തന്റെതന്നെ ജീവിതത്തില്‍ തനിക്കു പൂര്‍ണനിയന്ത്രണമുണ്ടാകുന്നതിനുവേണ്ടി അദ്ദേഹം സകലതും പരിത്യജിച്ചു എന്നുമാത്രം. തന്നില്‍ നിറഞ്ഞുനില്ക്കുന്ന അഹങ്കാരത്തിനും മറ്റു ദുര്‍ഗുണങ്ങള്‍ക്കും ശമനമുണ്ടാകണമെങ്കില്‍ താന്‍ തന്റെ രാജകീയ സ്ഥാനം തന്നെ ഉപേക്ഷിക്കണമെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. നമ്മില്‍ നിറഞ്ഞുനില്ക്കുന്ന അഹങ്കാരവും മറ്റു ദുര്‍ഗുണങ്ങളും ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി നാം എല്ലാം ഉപേക്ഷിച്ച് സന്യാസിയെപ്പോലെ ജീവിക്കണമെന്ന് ആരും പറയില്ല. എന്നിരുന്നാലും നമ്മുടെ ജീവിതത്തെ വളരെ ദോഷകരമായി ബാധിക്കുന്ന അഹങ്കാരവും മറ്റു ദുര്‍ഗണങ്ങളും മാറ്റുന്നതിനുള്ള നടപടികള്‍ നാം സ്വീകരിച്ചേ മതിയാകൂ.

ജീവിതത്തില്‍ അഹങ്കരിക്കാന്‍ ഒന്നുമില്ലെങ്കില്‍പ്പോലും അഹങ്കാരപൂര്‍വം പെരുമാറുകയെന്നതു നമ്മില്‍ പലരുടെയും ജീവിതശൈലിയായി മാറിയിട്ടുണ്ട്. നാം ശ്രദ്ധിക്കുന്നില്ലെങ്കില്‍ നമ്മുടെ ജീവിതത്തെ ആകപ്പാടെ തകര്‍ത്തുകളയാന്‍ അഹങ്കാരപൂര്‍വമുള്ള നമ്മുടെ പെരുമാറ്റശൈലി കാരണമായേക്കാം.

അഹങ്കാരവും ആത്മപ്രശംസയുംകൊണ്ട് ജീവിതം അലങ്കോലമാകാതിരിക്കാന്‍ നമുക്കു ശ്രദ്ധിക്കാം. അതിലേറെ, മറ്റുള്ളവരെക്കൂടി ആദരിക്കുന്ന തിളക്കമാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമകളായി മാറാന്‍ നമുക്കു ശ്രമിക്കാം.

 

 

Recipe of the day

Oct 222020
ചേരുവകൾ 1. കോഴിമുട്ട -10 എണ്ണം 2. പഞ്ചസാര -ഒരു കപ്പ് 3. പാല്പ്പൊ ടി -നാല് ടീസ്പൂണ്‍ 4. ഏലക്കായ -അഞ്ചെണ്ണം 5. നെയ്യ് -ആവശ്യത്തിന്