ഇരകളും വേട്ടക്കാരും ഉണ്ടാകുന്നത്

''യ്യ് അത്ര വല്യ മഹതെ്വാന്നും പറയേണ്ട. രാമായണം രചിക്കാന്‍ ങ്ങക്ക് കാട്ടുജാതിക്കാരനായ വാത്മീകിയെ വേണ്ടിവന്നില്ലേ? അതിന് നിങ്ങള്‍ടെ ജാതിക്കാരെ കിട്ടിയില്ലല്ലോ''. ജിഷ്ണുവിന്റെ അഭിപ്രായം കേട്ടപ്പോള്‍ വിഷ്ണു പരിഹാസത്തോടെ പറഞ്ഞു.
''എടാ ജിഷ്ണുപ്പൊട്ടാ. വാത്മീകി നിന്നെപ്പോലെ എസ്സിയൊന്നുമല്ല. ശുദ്ധ ബ്രാഹ്മണനായിരുന്നു. വാസ്തവത്തില്‍ വരുണന്റെ പുത്രനാണ് വാത്മീകി. രത്‌നാകരന്‍ എന്നായിരുന്നു ശരിക്കുള്ള പേര്. ഇനി മഹാഭാരതം രചിച്ചത് മുക്കുവ സ്ത്രീയായ കാളിക്ക് ജനിച്ച വ്യാസനല്ലേയെന്ന് നീ ചോദിച്ചേക്കും. അതും നുണയാണെടാ. വ്യാസന്റെ അച്ഛന്‍ പരാശരമുനിയാണ്. കാളിയുടെ യഥാര്‍ത്ഥ അച്ഛന്‍ വസു എന്ന രാജാവ്. അമ്മ അദ്രിക എന്ന അപ്‌സരസ്സും. എന്റെ ജീനില്‍പ്പെട്ട ഒരു ബ്രാഹ്മണനോട് വേണ്ടാത്തരം കാണിച്ചതിനാല്‍ ബ്രാഹ്മണ ശാപമേറ്റ് അദ്രിക മത്സ്യമായിമാറി. ഈ മത്സ്യത്തിന്റെ വയറ്റില്‍ വളര്‍ന്നവളാണ് കാളി. അല്ലാതെ കാളി മുക്കവന്റെ മകളൊന്നുമല്ലട്ടൊ. പൊട്ടാ നിനക്ക് മനസ്സിലായോ?''. വിഷ്ണുവിന്റെ മറുപടി കേട്ടപ്പോള്‍ ജിഷ്ണു വല്ലാതൊന്നു പരുങ്ങി. ഇരുവരുടെയും കൂട്ടുകാരനായ ജിത്തു പ്രശ്‌നത്തില്‍ ഇടപെട്ടു.
''എന്താടാ നിങ്ങളിങ്ങനെ? പുറത്തെന്ന പോലെ എന്റെ വീട്ടില്‍ വരുന്ന ദിവസങ്ങളിലും എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് നിങ്ങള്‍ വഴക്കുകൂടാറുണ്ടല്ലോ. ജാതിയുടെ കാര്യം പറയുമ്പഴക്കും നിങ്ങളെന്താ ഇങ്ങനെ കീരിയും പാമ്പുംപോലെ. എന്തിനാടാ വിഷ്ണൂ ജാതിയില്‍ ഇത്രമാത്രം നീ അഹങ്കരിക്കുന്നത്? ജനിക്കുമ്പോള്‍ എല്ലാവരും തുല്യരല്ലെടാ. എന്താ മനുഷ്യര്‍ തമ്മില്‍ ഇത്ര വ്യത്യാസം? ജിഷ്ണു എസ്സിയായി ജനിച്ചത് അവന്റെ കുറ്റംകൊണ്ടോ? നീ നമ്പൂതിരിക്ക് ജനിച്ചത് നിന്റെ ഇഷ്ടപ്രകാരമോ? ഇക്കാലത്തും എന്താ വിഷ്ണൂ നീയിങ്ങനെ മനുഷ്യപ്പറ്റില്ലാതെ സംസാരിക്കുന്നത്? അവനെന്തെങ്കിലും പറയുമ്പഴക്കും ജിഷ്ണു നീയെന്തിനാ അതൊക്കെ ചോദ്യം ചെയ്യാനും ദേഷ്യപ്പെടാനും പോകുന്നത്? വിദ്യാഭ്യാസം കൂടുന്നതിനനുസരിച്ച് നിങ്ങള്‍ക്ക് വിവരം കുറഞ്ഞു വരികയാണോ? വാസ്തവത്തില്‍ നിങ്ങളെ കണ്ടാല്‍ ഇരട്ടക്കുട്ടികളെപ്പോലെ തോന്നിക്കുമല്ലോ. നിങ്ങളെന്തായിങ്ങനെ ഇരകളെയും വേട്ടക്കാരെയും പോലെയാകുന്നത്? വിഷ്ണൂ നീയെന്തിനാണ് ജിഷ്ണുവിനെ എപ്പോഴുമിങ്ങനെ പരിഹസിക്കുന്നത്? എന്റെ അമ്മ എപ്പോഴും പറയാറുണ്ട്. സത്യം മനസ്സിലാക്കിയാല്‍ നിങ്ങള്‍ രണ്ടാളും നിലപാടുകള്‍ മാറ്റുമെന്ന്. നിങ്ങളെന്നാണ് സത്യം തിരിച്ചറിയുക?''
''എസ്സിയായി ജനിച്ചതിലുള്ള അപകര്‍ഷതാബോധം കൊണ്ടാണ് ജിഷ്ണു എന്റെ നേരെ ചാടുന്നത്. അവന്‍ താഴ്ന്ന ജാതിയില്‍ ജനിച്ചതിന് ഞാനെന്തു പിഴച്ചു? ജിത്തൂ, നീയും അവന്റെ ഭാഗത്തേ നില്‍ക്കൂ. കാരണം, സമ്പത്തില്‍ മുന്നോക്കം നില്‍ക്കുന്ന നീ സര്‍ക്കാര്‍ കണക്കില്‍ പിന്നോക്കമാണല്ലോ! എന്റെയും അവന്റെയും ജീനുകള്‍ രണ്ടാണ്. ജീനുകള്‍ തമ്മിലുള്ള വ്യത്യാസം ഒരിക്കലും മാറ്റാന്‍ സാധിക്കില്ല. ഞാന്‍ എന്റെ ജീനിന്റെ സ്വഭാവം കാണിക്കുന്നു. മൃഗമാംസം തിന്നുന്ന ജിഷ്ണു മൃഗത്തിന്റെ സ്വഭാവം കാണിക്കുന്നു. അത്രതന്നെ! എന്നെക്കൊണ്ട് കൂടുതല്‍ പറയിപ്പിക്കേണ്ട''.
വിഷ്ണുവിന്റെ കടുത്ത പരിഹാസം ജിഷ്ണുവില്‍ സങ്കടവും അതിലേറെ കോപവുമുണ്ടാക്കി. അവന്റെ ശരീരം വിറച്ചു. അവനില്‍ രോഷം നുരഞ്ഞു പൊങ്ങി. അവന്‍ വിഷ്ണുവിന്റെ നേരെ ചീറിയടുത്തു. കൈ വിഷ്ണുവിനു നേരെ പൊങ്ങി. ജിത്തുവിന്റെ അമ്മ പെട്ടെന്ന് അങ്ങോട്ട് കുതിച്ചെത്തി. വിഷ്ണുവിനെ നേരെ പൊങ്ങിയ ജിഷ്ണുവിന്റെ കൈ അവര്‍ ബലമായി പിടിച്ചു താഴ്ത്തി. അവര്‍ എന്തു ചെയ്യാനുള്ള ഭാവമാണെന്നറിയാതെ അവര്‍ മൂവരും പകച്ചുനിന്നു. ക്രോധത്തോടെ അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു.
''എന്നാലേയ് സത്യമെന്താണെന്ന് ഇനിയെങ്കിലും നിങ്ങള്‍ക്ക് മനസ്സിലാക്കിത്തരാതിരിക്കാന്‍ എനിക്കു സാധിക്കില്ല. വേട്ടക്കാരനും ഇരയും കേട്ടുകൊള്‍ക. കുറെക്കാലമായി ഞാന്‍ മനസ്സില്‍ സൂക്ഷിച്ചുവെച്ചൊരു രഹസ്യം പറയുകയാണ്. വേട്ടക്കാരനും ഇരയും ജിത്തുവും ഞെട്ടരുത്. ബോധംകെട്ട് വീഴരുത്. നിങ്ങളുടെ രണ്ടാളുടെയും പ്രസവമെടുത്ത നേഴ്‌സ് മരിക്കുന്നതിനു ഏതാനും ദിവസം മുമ്പ് എന്നോട് പറഞ്ഞ രഹസ്യം. ഒരേ ആശുപത്രില്‍ ഒരേ ദിവസം ഏതാനും മിനുറ്റുകള്‍ വ്യത്യാസത്തിലാ നിങ്ങള്‍ രണ്ടാളും ജനിച്ചത്. നിങ്ങളുടെ രണ്ടാളുടെയും അമ്മമാരുടെ പേര് ഒന്നാണല്ലോ. അത് ഭയങ്കരമായൊരബദ്ധം വരുത്തിവെച്ചു'' ജിത്തുവിന്റെ അമ്മ സംഭവം വിശദീകരിച്ചു.
വിഷ്ണുവും ജിഷ്ണുവും ജിത്തുവും ഞെട്ടിത്തരിച്ച് പ്രതിമ കണക്കെയായി. ഏറെ നേരത്തെ മൗനം മുറിച്ചുകൊണ്ട് ജിത്തു അമ്മയോട് ചോദിച്ചു.
''അമ്മ പലപ്പോഴും പറയുന്ന ആ സത്യം ഇതായിരുന്നല്ലേ! അമ്മേ അവര്‍ എങ്ങോട്ടായിരിക്കും പോയിരിക്കുക? വേട്ടക്കാരന്‍ ഇരയുടെ വീട്ടിലേക്കും ഇര വേട്ടക്കാരന്റെ വീട്ടിലേക്കുമായിരിക്കുമോ?'

 ശങ്കരനാരായണന്‍ മലപ്പുറം

Recipe of the day

Oct 222020
ചേരുവകൾ 1. കോഴിമുട്ട -10 എണ്ണം 2. പഞ്ചസാര -ഒരു കപ്പ് 3. പാല്പ്പൊ ടി -നാല് ടീസ്പൂണ്‍ 4. ഏലക്കായ -അഞ്ചെണ്ണം 5. നെയ്യ് -ആവശ്യത്തിന്