എന്റെ ''മൂക്ക"മ്മായി മട്ടൺകറി

മടി പിടിച്ചിരിക്കുന്ന വെള്ളിയാഴ്ചയിലെ ഒരു പതിനൊന്ന് മണി സമയമായപ്പോഴാണ് തൊട്ടടുത്ത വീട്ടിൽ നിന്ന് ഗൃഹാതുരത ഉണർത്തുന്ന ഒരു രുചി ഗന്ധം വീടിനു ചുറ്റുപാടുമങ്ങ് പെട്ടെന്ന് പടർന്ന് വ്യാപിച്ചത്.
എന്റെ ''മൂക്ക"മ്മായി മട്ടൺകറി , മൺകലത്തിൽ മസാലയോടൊപ്പം വേവുന്ന മണമാണതെന്ന് അതിവേഗത്തിൽ തിരിച്ചറിഞ്ഞു.
മട്ടൺ കറിയുടെ രുചിയോടൊപ്പം പഴയ ഞായറാഴ്ചകളുടെ ഓർമ്മകളും എന്നിലേക്ക് ഉണർന്ന് വന്നു.

ഒന്നോ രണ്ടോ മാസം കൂടുമ്പോഴൊരു ഞായറാഴ്ചയാണ് വീട്ടിൽ മട്ടൺ കറി വെക്കാനായി പ്ലാൻ ചെയ്യുക. കിഴക്കെ ഇറയത്തെ ചാരുകസേലയിൽ ചാരിയിരുന്ന് നാട്ടുവിശേഷങ്ങളും വീട്ടുകാര്യങ്ങളും പങ്ക് വെക്കുന്നതിനിടക്ക് ഡാഡി പെട്ടെന്ന് പറയും. "നാളെ നമുക്ക് കുറച്ച് മട്ടൺ വാങ്ങാമല്ലേ " എന്ന്. മമ്മിക്ക് എതിരഭിപ്രായമൊന്നുമുണ്ടാവില്ലെന്നറിയാമെങ്കിലും ചോദ്യം പതിവാണ്.

അതു കേൾക്കുമ്പോഴേ ഞങ്ങൾക്ക് സന്തോഷമാവും. വിരുന്നുകാരാരും അന്ന് വരല്ലേ എന്നാവും ആദ്യ പ്രാർത്ഥന. നാളെയെന്ന ഉത്സവ ദിവസത്തെ ഓർത്ത് സന്തോഷത്തോടെയാവും രാത്രി ഉറങ്ങാൻ കിടക്കുന്നത്.

ആ കാലത്ത് അതിരാവിലെ പോയാലേ നല്ല മട്ടൺ കിട്ടൂ. അമ്മാവന്റെ പണിയാണ് രാവിലെ പോയി ഇറച്ചി വാങ്ങി വരുന്നത്. ഞങ്ങൾ വാശി പിടിച്ചാലും, കൂടെ കൊണ്ടു പോവില്ല. അതൊന്നും കുട്ടികൾ കാണേണ്ട സ്ഥലമല്ല എന്നാണ് ന്യായം. ഇറച്ചി വാങ്ങുമ്പോൾ ഉരുളക്കിഴങ്ങും കൂടി വാങ്ങണേ എന്ന് മമ്മി പ്രത്യേകം ഓർമ്മിപ്പിക്കും. സാധാരണ കടയിൽ പോവാൻ പറഞ്ഞാൽ നൂറായിരം മുട്ടാപ്പോക്ക് പറയുന്ന അമ്മാവൻ മമ്മി ഏല്പിച്ച സഞ്ചി സൈക്കിൾ ഹാൻഡിലിൽ തൂക്കിയിട്ട് ഒരു മടിയുമില്ലാതെ സൈക്കിളെടുത്ത് പറക്കും.

തേക്കിലയിൽ പൊതിഞ്ഞ മട്ടൺ കാണുമ്പോഴേ ഞങ്ങൾ കുട്ടികൾ ആ പൊതിക്ക് ചുറ്റും കൂടും. ഞങ്ങൾക്ക് തൊട്ടു നോക്കണം, തോണ്ടി നോക്കണം. ശല്യം ഒഴിവാക്കാൻ കുറച്ച് ചെറിയ ഉള്ളിയും വെളുത്തുള്ളിയും എടുത്ത് മുന്നിൽ വെച്ച് തന്ന് നന്നാക്കാൻ പറയും. ഉള്ളി നന്നാക്കിയ ബന്ധം വെച്ച് ഞാനാണ് വീട്ടിൽ ഇറച്ചിക്കറി ഉണ്ടാക്കാറ് എന്ന പുളുവും സ്കൂളിൽ ഞാൻ വിട്ടിരുന്നു.

മമ്മി തേക്കില നിവർത്തി വെച്ച് ഇറച്ചിക്കഷണങ്ങളിലെ മഞ്ഞ നിറമുള്ള കൊഴുപ്പ് മുറിച്ച് കളഞ്ഞ്, മഞ്ഞൾ ചേർത്ത് നന്നായി കഴുകും. അവസാനം അല്പം തൈരുമൊഴിച്ച് കഴുകും. എന്നിട്ട് വെള്ളം വാലാൻ മാറ്റിവെക്കും.
അടുത്ത പടി മസാല അരയ്ക്കലാണ്. മല്ലി, വറ്റൽ മുളക്, കറാംപട്ട, ഗ്രാമ്പൂ, ഏലക്കായ, പെരുംജീരകം, ജീരകം ,കറിവേപ്പില എന്നിവയുടെ വറവു മണം ഇടവഴികളിൽ പോലും വ്യാപിക്കും....

ആ അമ്മ രുചി മണമായിരിക്കും ഈ വെള്ളിയാഴ്ച എന്നെയും തേടിയെത്തിയത്.
ആ ഓർമ്മയിൽ ഞാനുണ്ടാക്കിയ മട്ടൺ കറി.

*ആവശ്യമുള്ള സാധനങ്ങൾ*

മട്ടൺ - ഒന്നര കിലോ
സവാള - വലുത് രണ്ട് എണ്ണം
ചെറിയ ഉള്ളി - ഒരു പിടി
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - ഇരുപത് എണ്ണം
മല്ലിപ്പൊടി - മൂന്ന് ടേബിൾ സ്പൂൺ
ഗരം മസാലപ്പൊടി - രണ്ട് സ്പൂൺ
മുളക് പൊടി - രണ്ട് സ്പൂൺ
കുരുമുളക് പൊടി -എരുവിനനുസരിച്ച്
മഞ്ഞൾപ്പൊടി - രണ്ട് ടീസ്പൂൺ
പച്ചമുളക് - രണ്ടെണ്ണം
കറിവേപ്പില - മൂന്ന് തണ്ട്
തക്കാളി - വലുത് ഒന്ന്.
ഉരുളക്കിഴങ്ങ് - വലുത് ഒന്ന്.
തേങ്ങാക്കൊത്ത് - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

*താളിക്കാൻ മാറ്റിവെക്കേണ്ട സാധനങ്ങൾ*

വെളിച്ചെണ്ണ
ചെറുതായി മുറിച്ച ചെറിയ ഉള്ളി
തേങ്ങാക്കൊത്ത്
കുരുമുളക് പൊടി
കറിവേപ്പില

*പാചകം ചെയ്യുന്ന വിധം*

1. സവാള നീളത്തിൽ അരിയണം. ഇഞ്ചി വെളുത്തുള്ളി എന്നിവയിൽ പകുതി നന്നായി ചതക്കണം. ബാക്കിയുള്ളത് പൊടിയായി അരിയണം. ഉരുളക്കിഴങ്ങ് സ്ക്വയർ ആയി മുറിച്ച് വെക്കണം.
2. വെള്ളം വാർന്ന മട്ടൺ അല്പം കുരുമുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല, മഞ്ഞൾപ്പൊടി, ചതച്ച് വെച്ച ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്ത് മാറ്റിവെക്കണം.
3. അടി കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റണം. സ്വർണ്ണ നിറമാവുന്നതിന് തൊട്ട് മുമ്പ് ബാക്കിയുള്ള ഗരംമസാലപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റണം.
4. പൊടികളുടെ പച്ചമണം മാറുമ്പോൾ ഒരു തണ്ട് കറിവേപ്പിലയും തക്കാളിയും, പച്ചമുളകും, ചെറുതായരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേർത്ത് വഴറ്റണം.
5. അതിലേക്ക് സ്ക്വയർ ആയി മുറിച്ച് വെച്ച ഉരുളക്കിഴങ്ങും മസാല ചേർത്ത് മാരിറേറ്റ് ചെയ്ത് വെച്ച മട്ടണും ഇട്ടിളക്കണം. നന്നായി ഇളക്കിച്ചേർത്ത് ആവശ്യമുണ്ടെങ്കിൽ അല്പം മാത്രം വെള്ളം ചേർക്കാം. ഉപ്പ് ഏരുവ് എന്നിവ പരിശോധിക്കണം.
6. പ്രഷർകുക്കറിലാണ് ഉണ്ടാക്കുന്നതെങ്കിൽ രണ്ട് വിസിൽ ,കലച്ചട്ടിയിലാണെങ്കിൽ പാകം നോക്കി ചെറുതീയ്യിൽ വേവിക്കണം. മട്ടൺ നന്നായി വെന്നില്ലെങ്കിൽ രുചി കുറയും.
7. മട്ടൺ നന്നായി വെന്ത് മസാലയൊക്കെ പിടിച്ച് വെള്ളം ഇറങ്ങി ഒരു സെമിഗ്രേവി പരുവത്തിൽ അടുപ്പ് ഓഫ് ചെയ്യണം.


*അടുത്തത് താളിക്കൽ*

അടി കട്ടിയുള്ള വലിയ ചീനച്ചട്ടിയിൽ തേങ്ങാക്കൊത്ത് സ്വർണ്ണ നിറമാവുന്നത് വരെ വറുത്ത് കോരണം.
അതേ എണ്ണയിൽ കടുക് പൊട്ടുമ്പോൾ മുറിച്ച് വെച്ച ചെറിയ ഉള്ളി വാട്ടണം. സ്വർണ്ണ നിറമാവാൻ തുടങ്ങുമ്പോൾ പൊടിച്ച് വെച്ച കുരുമുളക് പൊടിയും കറിവേപ്പിലയും ചേർത്ത് കരിയുന്നതിന് മുമ്പ് അടുപ്പ് ഓഫ് ചെയ്യണം.ഈ വറവിലേക്ക് മട്ടൺ കറി എടുത്തൊഴിക്കണം. കറിയുടെ രുചി പൂർണ്ണമാവുന്നത് ഈ താളിക്കലിൽ ആണ്.

ഈ മസാലയിൽ വെന്ത ഉരുളക്കിഴങ്ങിനു പോലും ഒരു പ്രത്യേക രുചിയാണ്.

നെയ്ച്ചോർ, ചോർ, ചപ്പാത്തി, അപ്പം, കള്ളപ്പം എന്നിങ്ങനെ എന്തിന്റെ കൂടെയും ഇത് ഓടും.

ഞങ്ങളുടെ ബാല്യകാലത്തിന്റെ നല്ലരുചി സമൃദ്ധി വല്ലപ്പോഴും ഉണ്ടാക്കുന്ന ഈ മട്ടൺ കറിയൊക്കെയായിരുന്നു.
ഓർമ്മകളുണർത്താൻ അയൽവീട്ടിലെ അടുക്കളയ്ക്കുമാവും എന്ന് തെളിഞ്ഞു.

 

മിനി വിശ്വനാഥൻ

 

 

 

Fashion

Jan 222020
Aishwarya Saju bagged the Miss South India title Vidya Vijayakumar from Kerala won the Miss South India First Runner-up and Shivani Rai from Karnataka became the Miss South India Second Runner-up.

Entertainment

Jan 252020
തിരുവനന്തപുരത്തെ ന്യൂ തീയേറ്റർ. ഭാഗ്യരാജിന്റെ മൗനഗീതങ്ങൾ എന്ന തമിഴ് പടം നൂറു ദിവസങ്ങൾ താണ്ടിയിട്ടും കാണാൻ ജനം.