പല മുഖങ്ങൾ

തൃശൂർ വീഥികളിൽ   കാടുകൾ വിട്ടിറങ്ങിയ പുലികൾ രൗദ്രതാളമാടീ ...
നഗരം പ്രൗഢോജ്വലമായ മഹാസമുദ്രത്തിൽ നീരാടീ ....
പല വർണ്ണ പുലികൾ
വയസ്സൻ പുലി
കുട്ടി പുലി
കരിം പുലി
പെൺ പുലി

കൂടെ വയ്ലറ്റ് പുലിയുമുണ്ടായിരുന്നു- ഈ കളർ പുലികളെ വനാന്തരങ്ങളിൽ കണ്ടിട്ടെയില്ല - കാനനത്തിൽ കയറി മേയാൻ പറ്റാത്തതു കൊണ്ടാകാം നമ്മുടെ കണ്ണിൽ ആ കളർ പതിയാഞ്ഞത് എന്ന് സ്വയം പറഞ്ഞ് ആശ്വസിക്കാം......
കൃത്രിമമായി പുലികളായവർ ക്ക് ഏറെ സന്തോഷം
ആഘോഷങ്ങൾ എന്നും മനുഷ്യന്റെ
കൂടപിറപ്പാണ് - അതിലൂടെ ആനന്ദം കണ്ടെത്തുന്നു -

മുന്നൂറോളം പുലികളെ നോക്കി സ്വരാജ് റൗണ്ടിൽ ചെളിപിടിച്ച താടിയും,മുടിയും
ഉടുപ്പിലാകെ ചെളിയും പുരണ്ടു വഴി വക്കിൽ നിൽക്കുന്ന  പ്രായമായ ഒരു മനുഷ്യൻ.
എന്നും കാണുന്ന രൂപം,സ്ഥായിയായി മുഖത്തു ദുഃഖം നിഴലിക്കുന്നത് പലപ്പോഴും അടുത്തു നിന്നും കണ്ടിട്ടുണ്ട്, മനസിൽ പെയ്യാതെ നിൽക്കുന്നു കറുത്ത കാർ മേഘങ്ങൾ എത്ര തീവ്രമാണ് എന്നു ആ വയോധികന്റെ   മിഴികൾ പറയും....

പുലികൾ നീങ്ങുന്ന തൃശൂർ പട്ടണത്തിന്റെ ഒരു  ഭാഗത്തു ആ വയോധികൻ ഒരു കമ്പിയിൽ ചാരി തന്റെ പ്രതാപ കാലം ഓർത്തെടുക്കാൻ പാട് പെടുന്നത് കണ്ടു....
എത്രയോ പേർ ഭൂതകാലത്തിന്റെ ചന്തം കണ്ണാടിയിൽ നോക്കി ജീവിക്കുന്നു -ഭാവിയിൽ  വഴിയോരം താമസത്തിന് ബുക്ക് ചെയ്ത എത്രയോ പേർ ഇപ്പോഴുമീ ധരണിയിലുണ്ടാകും
നഷ്ട്ട സ്വപ്നങ്ങൾക്ക് മേൽ കിടന്നുറങ്ങിയിട്ടുള്ളവർക്ക് അറിയാം എരിയുന്ന പുക ച്ചുരുളുകൾ സമ്മാനിക്കുന്ന കണ്ണിന്റെ നീറ്റൽ.....

മുഷിഞ്ഞ വേഷധാരിയായ ആ മനുഷ്യൻ നമ്മുടെ പരിച്ഛേദമാണ്
നാളെയുടെ താളുകളിൽ എന്ത് എഴുതി എങ്ങനെ എഴുതി ചേർക്കണമെന്നറിയാതെ തരിച്ച് നിൽക്കുന്ന അരിക് വത്കരിച്ച തമസ്സ് പേറുന്നവർ -
എന്റെ പുസ്തകത്തിൽ ഞാൻ എഴുതി ചേർത്തിട്ടുണ്ട്
ഇരുളും/വെളിച്ചവും  ഇണ ചേരുന്ന ഒരു കാലം വരുമെന്ന്......
മുരളുന്ന പുലികളുടെ കോമ്പല്ലുകളിലും, പുറത്തേക്ക് തള്ളിനിൽക്കുന്ന നാവുകളിലും ചോര പാടുകൾ, കണ്ണുകളിൽ ആളി ക്കത്തുന്ന അഗ്നിയുടെ ജ്വാലയിൽ കണ്ടു
ഉയർത്തെഴുന്നേൽക്കാൻ വെമ്പുന്ന അനേകം മുഖങ്ങളെ ...

 

മധു മേനോൻ

   

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Oct 222019
അനക്കമറ്റ ലോഡ്ജിന്റെ നാലാം നിലയിലെ ക്ലാവു പിടിച്ച മൂന്നാമുറിയിലൊരു കുറുകൽ രണ്ടു, പ്രാക്കൾ കൂടൊരുക്കി ജീവിതം പങ്കിടുന്നൂ