ധനനഷ്ടം, മാനഹാനി

ഗൾഫ് നാട്ടിൽ വന്നിട്ട് ഒരു വീട് (ഫ്ലാറ്റ് അല്ല)എടുത്ത് താമസിക്കുക എന്നത് ഒരു ആഗ്രഹം ആയിരുന്നു ആദ്യം മുതലേ... അത് സാധ്യമായത് ഖത്തർ ജീവിതത്തിന്റെ ഭാഗം ആയാണ്...

വീട് അന്വേഷണം തുടങ്ങിയത് മോഹൻലാൽ, ശ്രീനിവാസൻ സ്റ്റൈലിൽ ആണ്...പൂന്തോട്ടം, കാർ കയറ്റി ഇടാൻ ഉള്ള ഷെഡ്, പിന്നെ പൂജാ മുറി എന്നിങ്ങനെ പല വിധ ആവശ്യങ്ങൾ നമ്മൾ നിരത്തും . ഇതൊക്കെ കൂടാതെ നമ്മൾ മറ്റൊരു ആവശ്യം കൂടി പറഞ്ഞിരുന്നു.. പ്രധാന ഹൈവേയുടെ അടുത്ത് തന്നെ ആയിരിക്കുകയും വേണം..

നമ്മുടെ നാട്ടുകാരൻ ഒരു ചെറുപ്പക്കാരൻ ആണ് ഇടനിലക്കാരൻ.. ഒരു പത്തു ഇരുപത്തി അഞ്ചു വയസ്സേ കാണൂ.. ഇവനൊക്കെ ഇൗ പ്രായത്തിലെ അംബാനി അദാനി ലൈൻ .. ഹോ .. എനിക്ക് ഇപ്പോഴും ഒരു ലക്ഷത്തിൽ എത്ര പൂജ്യം ഉണ്ടെന്ന് പറയാൻ കാൽക്യുലറ്റർ വേണം .. അങ്ങനെ ഭാവി അദാനി ആയ ചെറുക്കൻ നമ്മുടെ ആവശ്യങ്ങൾ നോക്കി വീടുകളുടെ റേറ്റ്പറയും..നമ്മൾ "ഇനീം താഴട്ടേ.. ഇനീം താഴട്ടെ" ..എന്ന് . കുറെ നേരം ആയപ്പോൾ അവന് ഞങൾ ചില്ലറക്കാർ ആണ് എന്ന് മനസ്സിലായി അവസാനം ആയപ്പോൾ അവൻ .. "ഞാൻ നിങ്ങൾക്ക് പറ്റിയ സ്ഥലം കാണിച്ചു തരാം " എന്നും പറഞ്ഞു വീട് കാണിക്കാൻ പോയി.

രണ്ടു പേരുടെയും ജോലി സ്ഥലത്ത് നിന്ന് അത്ര ദൂരെ അല്ലാത്ത ഒരു ഇടത്ത് ആണ് ഇൗ വീട്.. മാളുകൾ , ഷോപ്പിംഗ് സെന്ററുകൾ ,ആശുപത്രി ഒക്കെ അടുത്ത് തന്നെ ഉണ്ട് . ഇനി വീട് മാത്രമേ കാണാൻ ഉള്ളൂ.. അധികം തിരക്ക് ഇല്ലാത്ത ഒരു ചെറിയ  റോഡിന്റെ അരുകിൽ വണ്ടി നിറുത്തി എല്ലാവരും ഇറങ്ങി.. ഒരു വലിയ വീടിന്റെ മുന്നിലേക്ക് എല്ലാവരും ഇറങ്ങി നടന്നു.. ഞാൻ അഭിമാനം കൊണ്ട് കോരിത്തരിച്ചു.. നാലായിരം റിയാൽ വെറുതെ അല്ല.. ഇതിപ്പോ നാട്ടിലെ രീതി ആണേൽ കൊട്ടാരം തന്നെ .. പക്ഷേ അവൻ പ്രധാന ഗേറ്റിലേക് അല്ല നടക്കുന്നത്.. മതിലിൽ വീണ്ടും ഒരു ചെറിയ ഗേറ്റ് ഉണ്ട് ..അങ്ങോട്ടേക്ക് ആണ് ചെക്കനും സഹായിയും പോകുന്നത്....ഞാൻ വിചാരിച്ചു ആ വീട്ടിലേക്കുള്ള ചെറിയ ഗേറ്റ് ആകും..

മതിലിൽ തന്നെ ഉള്ള ഗേറ്റ് ആണ് ..നമ്മുടെ ജയറാമിന്റെ ഫാമും ഗേറ്റും ഓർമ വന്നു എനിക്ക്.. അടുത്ത് എത്തിയപ്പോൾ മനസിലായി മെറ്റൽ കൊണ്ടുള്ള ഒരു വാതിൽ ആണ് അത്.. ഞങൾ എല്ലാവരും അത് തുറന്നു അകത്തേക്ക് കയറുന്നു.. ഞാൻ ഞെട്ടി.. ഹാരി പോട്ടർ സിനിമയിൽ ചുവർ തുരന്ന് ആണ് അതിലെ സാങ്കല്പിക റെയ്ൽവേ പ്ലാറ്റ്ഫോം.. ഇതും അത് പോലെ വല്ലതും ആകുമോ ?? കെട്ടിയോൻ ഹാപ്പി മുഖ ഭാവം.. എന്റെ ഭാവം കണ്ട് പുള്ളി എന്നോട്... " എല്ലാ  സൗകര്യങ്ങളും അടുത്ത് തന്നെ  വേണം എന്ന് നീ അല്ലേ പറഞ്ഞത്."ശെരി ആണല്ലോ .. ഇതിപ്പോ നേരത്തെ കണ്ട വലിയ വീടിന്റെ മുറ്റത്ത് ഉള്ള ഒരു ചെറിയ വീട് ആണ്..അതിനു പ്രത്യേകം വാതിൽ കൊടുത്ത് സുന്ദരം ആക്കിയത് ആണെന്ന് മനസിലായി..

പുറമെ നിന്ന് കേറി അകത്ത് എത്തിയ ഞാൻ സത്യത്തിൽ ഞെട്ടി പോയി എന്ന് പറയേണ്ടി വരും..പുറത്ത് നിന്ന് കാണുന്ന പോലെ അല്ല ആ വീട്.. അക്ഷരാർത്ഥത്തിൽ വിശാലമായ ഷോറൂം !!! ആദ്യം കാണുന്നത് ഒരു ചെറിയ സ്വീകരണ മുറി.. അതിന്റെ വലത് വശത്ത് ഒരു ചെറിയ മുറി കൂടി ഉണ്ട്.. സ്വീകരണ മുറിക്ക് ശേഷം ഒരു നീളൻ ഇടനാഴി .. അവിടേക്ക് തുറക്കുന്ന സാമാന്യം വലിയ രണ്ട് കിടപ്പുമുറികൾ, അടുക്കള, നമ്മുടെ നാട്ടിലെ ഒക്കെ പോലെ ഉള്ള വലിയ കുളിമുറിയും ബാത്റൂം ഉം .മുന്നിലെ മുറിയുടെ മുകളിൽ മാത്രം  അസ്ബെസ്റ്റോസ് ഇട്ടു താഴെ ഫോൾസ്‌ സീലിങ് ഇട്ടിരിക്കുന്നു.. ബാക്കി മുഴുവൻ വീടും പ്രത്യേക തരം സിമൻറ് കൊണ്ടുള്ള മേൽകൂര ആണ്.. അറബ് നാടുകളിലെ പഴയ രീതിയിൽ പണി ചെയ്ത ചുവരുകൾ.. അധികം തണുപ്പും ചൂടും ഇത്തരം വീടുകളിലേക്ക് കടക്കില്ല.. സന്തോഷം സഹിക്കാൻ വയ്യ ഞങ്ങൾക്ക് ...

അവിടെ താമസിച്ചിരുന്ന 3 വർഷം ശെരിക്കും ഞാനും ഭർത്താവും പിള്ളേരും ഇന്റീരിയർ ഡെക്കറേഷൻ ഒക്കെ ശെരിക്കും പരീക്ഷിച്ചു പഠിച്ചു..ഓരോ മുറിയിലും ഓരോ തീം ആയിരുന്നു.. സ്വീകരണ മുറിയിൽ ബ്രൗൺ നിറമാകുമ്പോൾ കുട്ടികളുടെ മുറി മഞ്ഞയും ചുവപ്പും ആണ്.. മാസ്റ്റർ ബെഡ്റൂം ന് ചാര നിറവും വുഡൻ തീമും ഇടകലർത്തി കൊടുത്തു.. കട്ടിലും, അൽമാരകളും ഒക്കെ ഇങ്ങനെ ഒരുക്കി എടുത്ത്... നിലത്ത് അതാത് നിറത്തിൽ ഉള്ള ഫ്ളോറിങ് ചെയ്യിപ്പിച്ചു എടുത്തു...

ഇങ്ങനെ പുറത്ത് നിന്ന് നോക്കിയാൽ പാവങ്ങളും ഉള്ളിൽ കയറിയാൽ പണക്കാരും എന്ന നിലയിൽ ഞങൾ മുൻപോട്ട് പോയി.. വല്ലപ്പോഴും വരുന്ന കൂട്ടുകാരും കുടുംബങ്ങളും മാത്രം ആണ് ഞങ്ങളുടെ കലാ വിരുത് പ്രശംസിക്കുന്നത്.. ഇടക്കിടെ മുഖ പുസ്തകത്തിൽ പടം ഇടും.. അത്ര തന്നെ..

അങ്ങനെ ഇരിക്കെ ഇത്രയും വലിയ വീടൊക്കെ ഉള്ള സ്ഥിതിക്ക് പുള്ളിക്കാരന്റെ അച്ഛനേം അമ്മയേം എന്റെ അമ്മയെം ഒന്ന് സൽകരിക്കാം എന്ന് തോന്നി.. അവരോട് ഒരു മാസം ഇവിടെ വന്നു നിൽക്കാൻ ആവശ്യപ്പെട്ടു.. അവർ ഖത്തർ കണ്ടിട്ടും ഇല്ല.. പൊതുവേ ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ ഉള്ള ആളാണ് എന്റെ അമ്മായി അച്ഛൻ. അന്യ നാട്ടിലേക്ക് അധികം ദിവസം ഒന്നും പോയി നിൽക്കുന്നത് അദ്ദേഹത്തിന് അത്ര ഇഷ്ടം അല്ല.. മക്കൾക്ക് ഒരു ബുദ്ധിമുട്ട് ആകരുത് എന്നൊക്കെ ചിന്തിക്കുന്ന ആളാണ്. ഒരുപാട് നിർബന്ധിച്ചപ്പോൾ മടിച്ച് മടിച്ച് ആണേലും അച്ഛൻ വരാൻ തയ്യാറായി... അമ്മമാർ ആദ്യമേ റെഡി ആയിരുന്നു...

ഇവിടെ ഉന്നത തല പ്ലാനിംഗ് ആയിരുന്നു... ചൂട് സമയത്ത് കൊണ്ട് വരാൻ പാടില്ല.. അവർക്ക് പറ്റില്ല.. എന്നാലും തണുപ്പ് കാലവും പറ്റില്ല... അങ്ങനെ ശീലം ഇല്ലല്ലോ അവർക്ക്.. ഒടുവിൽ നാഷണൽജോഗ്രഫിക് ചാനലിന്റെ വരെ സഹായത്തോടെ കൂട്ടിയുംകുറച്ചും ഒരു സമയം തീരുമാനിച്ചു... നവംബർ മതി...

അങ്ങനെ  ഏതോ ഒരു നവംബർ പുലരിയിൽ ഞങ്ങളുടെമാതാപിതാക്കൾ ദോഹയിൽ കാലു കുത്തി.. നേരത്തെ ദുഫായ് കണ്ടത് ആയ കൊണ്ട് മൂന്ന് പേരും " ഇതൊക്കെ എന്ത് " എന്ന ഭാവത്തിൽ ആണ് ഇരിപ്പ്. പക്ഷേ നമ്മുടെ സ്ഥലത്തിന് നല്ല ലുക്ക് ഒക്കെ ഉണ്ടെന്ന് അവര് പറഞ്ഞു.. അത് പിന്നെ കാക്കയ്ക്ക് ഉം തൻ കുഞ്ഞ് പൊൻ കുഞ്ഞ് എന്നാണല്ലോ...

വീടിന്റെ നടയിൽ വണ്ടി എത്തി.. ഒരു നിമിഷം മൂന്ന് പേരും ഒന്ന് ഞെട്ടിയ പോലെ.. ആരും ഒന്നും മിണ്ടിയില്ല.. ഞാൻ പോയി വാതിൽ തുറന്നു.. അവര് അകത്തേക്ക് കയറി. പെട്ടന്ന് മുഖം വിടർന്നു വികസിച്ചു.. അമ്മമാർ മുഴുവൻ വീടും നടന്നു കണ്ടു്.. തമ്മിൽ തമ്മിൽ അഭിപ്രായം ഒക്കെ പറയുന്നുണ്ട്...മുറികളുടെ വലിപ്പം ഒക്കെ അവർക്ക് നല്ല ഇഷ്ടപ്പെട്ടു.. ഒന്ന് അന്തം വിട്ട് നിന്ന അച്ഛനെ മകൻ വീടിന്റെ എക്കണോമിക്സ് ഒക്കെ പറഞ്ഞു മനസിലാക്കി..അതോടെ അദ്ദേഹവും വീണു.പിന്നീടുള്ള ദിവസങ്ങളിൽ അവരൊക്കെ അവിടത്തെ ഗുണഗണങ്ങൾ വാഴ്തുക ആയിരുന്നു.. പ്രധാനം ആയും കാലാവസ്ഥ നിയന്ത്രിക്കുന്ന നിർമാണ രീതി.. നാട്ടിലെ പഴയ നാലുകെട്ട് പോലെ ഒക്കെ എന്ന്..

അങ്ങനെ ഇരിക്കെ ഒരു ദിവസം മഴ പെയ്തു... തലേന്ന് രാത്രി തുടങ്ങിയ മഴ ആണ്.. രാവിലെ ആയിട്ടും പെയ്തുകൊണ്ടെ ഇരിക്കുന്നു.  " പൊതുവേ ഗൾഫ് നാടുകളിൽ മഴ മാവേലിയെ പോലെ ആണ്.. വല്ലപ്പോഴും ഒന്ന് പെയ്യും.. നമ്മൾ കാണുന്ന മുന്നേ തന്നെ മാറുകയും ചെയ്യും....ഇതും അങ്ങനെ ആണ് ..നിങ്ങള് നോക്കിക്കോളൂ .. മഴ സ്വിച്ച് ഇട്ട പോലെ നിൽക്കും"എന്നൊക്കെ അവർക്ക് ക്ലാസ്സ് ഒക്കെ കൊടുത്തിട്ട് എന്റെ വീട്ടുകാരൻ ഓഫീസിലേക്ക് പോയി..

മഴ കൂടി കൊണ്ടേ ഇരുന്നു.. വാതിലിൽ ഉള്ള ഗ്രില്ലിൽ കൂടി നമുക്ക് അതിന്റെ ശക്തി കൂടി കൂടി വരുന്നത് കാണാം.. സ്വീകരണ മുറിയുടെ മുകളിൽ ഇട്ടിരിക്കുന്ന അബ്‌സസ്റ്റോസ് ഷീറ്റിന്റെ മുകളിൽ കുടം കമിഴ്ത്തി ആരോ വെള്ളം ഒഴിക്കുന്ന പോലെ ഉള്ള ശബ്ദം കേൾക്കാം ...

ഉച്ച നേരം കഴിഞ്ഞ് വൈകുന്നേരം ആയി.. മഴ അപ്പൊഴും പെയ്യുന്നുണ്ട്.... ഇപ്പൊൾ നല്ല കാറ്റും തുടങ്ങിയിട്ടുണ്ട്.. എന്റെ അമ്മായി അമ്മ ഉച്ച ഉറക്കത്തിൽ ആണ്.. ഞാനും എന്റെ അമ്മയും വൈകുന്നേരത്തെ കാപ്പി തയ്യാറാക്കാൻ ഉള്ള ശ്രമം.. പുള്ളിക്കാരന്റെ അച്ഛൻ മുന്നിലെ സ്വീകരണ മുറിയിലെ സോഫയിൽ ഇരുന്നു എന്തോ വായനയിൽ ആണ്...പെട്ടന്ന് ആണ് അത് സംഭവിച്ചത്.." ധിം" എന്ന ശബ്ദം കേട്ട് ഓടി എത്തിയ ഞാൻ കണ്ട കാഴ്ച അതി ഭീകരം ആയിരുന്നു..

അച്ഛന്റെ മുന്നിലെ ടിവി സ്റ്റാൻഡിന്റെ മുകളിലേക്ക് വെള്ളച്ചാട്ടം പോലെ മഴ വെള്ളം വന്നു വീണു കൊണ്ടിരിക്കുന്നു.. മുകളിലെ അസ്ബെസ്റ്റോസ്‌  തെന്നി നീങ്ങി അതിന്റെ താഴെ ഉള്ള സീലിങ് ഉം തകർത്ത് വെള്ളം അകത്തേക്ക് ഒഴുകുക ആണ്....... തുമ്പി കൈ വലിപ്പത്തിൽ മഴ വീടിനുള്ളിൽ പെയ്യുന്നു.. മുറി നിറച്ചും വെള്ളപ്പൊക്കം ... ടിവി യുടെ വയറിംഗ് ഒക്കെ നനഞ്ഞു കുളിച്ചു.. അതി മനോഹരമായി അടുക്കി വച്ചിരുന്ന അലങ്കാര വസ്തുക്കൾ ഒക്കെ കുതിർന്ന് കുഴഞ്ഞു... നയാഗ്ര വെള്ളച്ചാട്ടം നമ്മുടെ വീട്ടിൽ എത്തിയ ശബ്ദം കേട്ട്  അമ്മമാരും മക്കളും ഒക്കെ ഓടി വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു... പക്ഷേ എന്റെ കണ്ണുകൾ മുഴുവൻ രണ്ട് കൈകളും നടുവിൽ കുത്തി മുറിയുടെ മുകളിൽ ഉണ്ടായ വിടവിലൂടെ കാണുന്ന ആകാശവും മഴയും നോക്കി സ്തബ്ധനായി നിൽക്കുന്ന എന്റെ ഫാദർ ഇൻ ലോയിൽ ആയിരുന്നു... പുള്ളിക്കാരൻ അപ്പോൾ എന്താവും ആലോചിച്ചത്??? ശെരിക്കും നാല് കെട്ട് തന്നെ... നടു മുറ്റവും ഉണ്ട് എന്നാകമോ ?ആവും... അല്ലാതെ എന്റെ മോന് ഇൗ ഗതി വന്നല്ലോ എന്ന് ആവില്ല... ഏയ്... അല്ലല്ല...

പുനർ വിചിന്തനം :
പിന്നീട് ആണ് ഞാൻ ആ മാസത്തെ നക്ഷത്ര ഫലം വായിച്ചത് .. ആയില്യം , വിശാഖം തുടങ്ങിയ നക്ഷത്രക്കാർക്ക് ധനനഷടം, മാനഹാനി ഇവ ഒക്കെ ഉള്ള മാസം ആയിരുന്നു ആ നവംബർ.. അത് കൊണ്ട് ഇനി മുതൽ നാഷണൽ ജോഗ്രാഫിക് കൂടാതെ കാണിപ്പയ്യൂർ യൂട്യൂബ് വീഡിയോ കൂടി നോക്കിയിട്ട് മാത്രമേ ടിക്കറ്റ് എടുക്കൂ എന്ന് ഞങൾ ദൃഢ പ്രതിജ്ഞ എടുത്തു

ശ്രീജ പ്രവീൺ
 

 

Recipe of the day

Jan 252021
INGREDIENTS  1. Coconut oil - four cups 2. Onion - chopped, finely chopped Ginger - two teaspoons Garlic - three teaspoons