ഓർക്കുന്നുവോ `ഷോലെ'യിലെ അനശ്വരമായ ആ ബച്ചൻ ഈണം?

ഭാര്യയെ പോലെയാണ്  ഭാനു ഗുപ്തക്ക് സ്പാനിഷ്‌ ഗിറ്റാർ;  മൗത്ത് ഓർഗൻ  കാമുകിയേപ്പോലെയും.  ഇണ പിരിയാത്ത തോഴികളായി ഇരുവരും ഒപ്പം  കൂടിയിട്ട്  പതിറ്റാണ്ടുകൾ പലതാകുന്നു. പ്രിയപത്നിയുടേയും  പ്രണയിനിയുടേയും കൈപിടിച്ച് ഗുപ്ത കടന്നുചെല്ലാത്ത  നാടുകളില്ല;  കയ്യടി നേടാത്ത വേദികളും
ഉസ്താദ്‌ അല്ലാ രഖ, ഉസ്താദ്‌ വിലായത്ത് ഖാൻ, കിഷോരി അമോൻകർ തുടങ്ങി അതിപ്രഗൽഭരായ  എത്രയോ സംഗീതജ്ഞരുടെ കച്ചേരികൾക്ക് അകമ്പടി സേവിച്ചിട്ടുണ്ടെങ്കിലും, ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ  സംഗീതമുഹൂർത്തം  ഏതെന്നു ചോദിച്ചാൽ ഒരു നിമിഷം നിശബ്ദനാകും ഗുപ്ത. മുംബൈ നഗരത്തിലെ പൊള്ളുന്ന ഉച്ചവെയിലിലേക്ക്‌ മനസ്സുകൊണ്ട് മടങ്ങിപ്പോകും അദ്ദേഹം. വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുന്ന നഗരവീഥിയുടെ  ഓരത്ത്, കാറിന്റെ ബോണറ്റിൽ ചാരിനിന്ന് മൗത്ത് ഓർഗൻ വായിക്കുകയാണ് ഗുപ്ത-- കണ്ണുകൾ ചിമ്മി, താപസതുല്യമായ ഏകാഗ്രതയോടെ. കേൾവിക്കാരായി ആയിരങ്ങളും പതിനായിരങ്ങളുമില്ല; ആകെയുള്ളത് ഒരു പാവം ട്രാഫിക് പോലീസുകാരൻ മാത്രം.

``അതായിരുന്നു എന്റെ ജീവിതത്തിലെ  ഏറ്റവും വിലമതിക്കാനാവാത്ത  കച്ചേരി''--  രാഹുൽ ദേവ് ബർമനെ കുറിച്ചുള്ള ഒരു ദൂർദർശൻ പരിപാടിയിൽ ഭാനു ഗുപ്ത പറഞ്ഞു. ``മഹത്തായ ശാസ്ത്രീയ സംഗീത കൃതികളോ ഗസലുകളോ  വെസ്റ്റേണ്‍ ക്ലാസിക്കലോ ഒന്നുമല്ല   ആ വഴിയോരത്തു നിന്നുകൊണ്ട്  ഞാൻ വായിച്ചത്; ഷോലേ എന്ന സിനിമയിൽ നിന്നുള്ള ഒരു കൊച്ചു സംഗീത ശകലം മാത്രം. എന്തോ ഒരു മാജിക് ഉണ്ടായിരുന്നിരിക്കണം ആ ഈണത്തിൽ. വായന കഴിഞ്ഞ് കണ്ണുതുറന്നു നോക്കുമ്പോൾ  ഒരു വിതുമ്പലിന്റെ വക്കിലെത്തി നിൽക്കുകയാണ്  പോലീസുകാരൻ. ജീവിതത്തിലെ ഏതോ വികാരഭരിതമായ മുഹൂർത്തത്തിന്റെ   ആർദ്രസ്മരണകളിലേക്ക് അറിയാതെ  മടങ്ങിപ്പോയിരിക്കണം അയാളുടെ മനസ്സ്.  ഒരു കൊച്ചു മ്യൂസിക്കൽ ബിറ്റിനു ഇത്രയും  ശക്തിയോ എന്നോർത്തു പോയി ഞാൻ.''

നിമിഷങ്ങൾ മാത്രം മുൻപാണ് ഗുപ്തയുടെ കാർ  അതേ ട്രാഫിക് കോണ്‍സ്റ്റബിൾ നടുറോഡിൽ കൈകാണിച്ചു തടഞ്ഞു നിർത്തിയത്. പ്രശ്നം അമിതവേഗത തന്നെ.  ഓർക്കസ്ട്ര കലാകാരനാണെന്നും സിനിമയുടെ റെക്കോഡിംഗിന് സമയത്തിനെത്താൻ വേണ്ടി അൽപം ധൃതി കൂട്ടിയതാണെന്നും ഇത്തവണ മാപ്പാക്കണമെന്നും കേണപേക്ഷിച്ചപ്പോൾ, സംഗീതപ്രേമിയായ പോലീസുകാരന്റെ മനസ്സലിഞ്ഞു. ``സിനിമാ പാട്ടുകളുടെ പിന്നണിയിൽ വാദ്യോപകരണങ്ങൾ വായിച്ചിട്ടുണ്ടോ?'' കൌതുകത്തോടെ അയാളുടെ ചോദ്യം. ``ഇഷ്ടം പോലെ. അതാണെന്റെ ജോലി. ആയിരക്കണക്കിന് പാട്ടുകളിൽ മൌത്ത് ഓർഗനും ഗിറ്റാറും വായിച്ചിട്ടുണ്ട്,'' ഗുപ്ത പറഞ്ഞു.  എങ്കിൽ പിന്നെ ഒരു ട്യൂണ്‍ വായിച്ചു കേൾക്കട്ടെ എന്ന് പോലീസുകാരൻ. ട്രാഫിക് നിയമലംഘന കേസിൽ നിന്ന് കഴിയുന്നതും വേഗം തലയൂരണം  എന്നുണ്ടായിരുന്നതുകൊണ്ട് സമയം പാഴാക്കാതെ കാറിന്റെ ഡോർ തുറന്നു പുറത്തിറങ്ങി, ഗുപ്ത. പെട്ടെന്ന് ഓർമ്മയിൽ വന്ന ഒരു ഈണം പോലീസുകാരന് വേണ്ടി നിന്ന നിൽപ്പിൽ മൌത്ത് ഓർഗനിൽ വായിച്ചു  അദ്ദേഹം.

`ഷോലേ'യിലെ വികാരതരളമായ  ഒരു  ഒരു  കഥാമുഹൂർത്തത്തെ പ്രേക്ഷകഹൃദയങ്ങളിൽ അനശ്വരമാക്കി മാറ്റിയ ഈണമായിരുന്നു അത്.  നിലാവൊഴുകുന്ന  രാത്രിയിൽ, ഠാക്കൂർ ബൽദേവ് സിംഗിന്റെ  (സഞ്ജീവ് കുമാർ) ബംഗ്ലാവിന്റെ മട്ടുപ്പാവിലെ  റാന്തൽ വിളക്കുകൾ ഒന്നൊന്നായി തിരി താഴ്ത്തിയണച്ച് നടന്നുനീങ്ങുന്ന  ശുഭ്രവസ്ത്ര ധാരിയായ രാധ (ജയഭാദുരി). കുറച്ചകലെ, ഠാക്കൂർ സാഹിബിന്റെ ഔട്ട്‌ഹൗസിന്റെ ഉമ്മറപ്പടിയിൽ ഇരുന്ന്  മൌത്ത് ഓർഗനിൽ വിഷാദ മധുരമായ ഏതോ ഈണം വായിക്കുന്ന ജയദേവ് (അമിതാഭ് ബച്ചൻ).   നിർവചിക്കാനാവാത്ത ഒരു വിങ്ങലായി ജയ്‌ മനസ്സിൽ കൊണ്ടുനടക്കുന്ന രാധയോടുള്ള നിശബ്ദപ്രണയത്തിന്റെ തീവ്രത  മുഴുവൻ നമ്മെ അനുഭവിപ്പിക്കുന്നു  ആ നാദപ്രവാഹം.  ഒപ്പം രാധയുടെ മനസ്സിനെ തരളിതമാക്കുകയും ചെയ്യുന്നു അത്.  കഷ്ടിച്ച് ഒരു മിനുട്ട് മാത്രം ദൈർഘ്യമുള്ള ആ ഈണം ഷോലേയ്ക്ക് വേണ്ടി മൌത്ത് ഓർഗനിൽ വായിച്ചു റെക്കോർഡ്‌ ചെയ്തത്  മറ്റാരുമല്ല; ഭാനു ഗുപ്ത തന്നെ. സിനിമയിൽ അമിതാഭിന്റെയും  ജയഭാദുരിയുടെയും കഥാപാത്രങ്ങൾ ഒരുമിച്ചു വരുന്ന രംഗങ്ങളിൽ എല്ലാം ആവർത്തിക്കപ്പെടുന്നുണ്ട്  ആ സംഗീത ശകലം. ജയദേവിന്റെ  അന്ത്യനിമിഷങ്ങളിൽ വരെ.

``സ്നേഹാദരങ്ങളോടെ  പോലീസുകാരൻ  അന്നെന്നെ യാത്രയാക്കിയപ്പോൾ  മനസ്സു കൊണ്ട് പഞ്ചമിനും   (ആർ ഡി ബർമൻ)  ബസുദായ്ക്കും  (ബസുദേവ് ചക്രവർത്തി) നന്ദി പറഞ്ഞു ഞാൻ. അവരില്ലെങ്കിൽ ഈ ഈണമില്ലല്ലോ. പഞ്ചമിന്റെ  ബുദ്ധിയിൽ പൊട്ടി വിരിഞ്ഞതായിരുന്നു  ആ കഥാ സന്ദർഭം തന്നെ. ബസുദാ അതിനൊരു  ഈണത്തിന്റെ ചട്ടക്കൂട് നൽകി.  മൌത്ത് ഓർഗൻ വായിച്ച് അത്   റെക്കോർഡ്‌ ചെയ്യാനുള്ള ഭാഗ്യം സിദ്ധിച്ചത് എനിക്കും.''  ഭാനു ഗുപ്ത പറഞ്ഞു. `` പണ്ടെങ്ങോ സിനിമയിൽ കേട്ട ഒരു ഉപകരണസംഗീത ശകലം ഇത്ര വർഷങ്ങൾക്കു ശേഷവും ആളുകൾ നെഞ്ചോട്‌ ചേർത്തു വെക്കുന്നു എന്നത് ചെറിയ കാര്യമാണോ? എത്രയോ പേരുടെ മൊബൈൽ ഫോണുകളിൽ ഇന്നും റിംഗ് ടോണ്‍ ആണത്. ചെന്ന നാടുകളിലൊന്നും ആ ട്യൂണ്‍ ഒരിക്കലെങ്കിലും മൌത്ത് ഓർഗനിൽ  വായിക്കാതെ വേദി വിട്ടിട്ടില്ല ഞാൻ... എത്ര വൈകാരികമാണ് സാധാരണ മനുഷ്യന് ആ ഈണത്തോടുള്ള ബന്ധം എന്നോർത്ത് വിസ്മയം തോന്നിയിട്ടുണ്ട്. ഒരു  സിനിമാഗാനം പോലുമല്ല അതെന്നോർക്കണം. എങ്കിലും സ്റ്റേജിൽ ആ ബിറ്റ് വായിക്കുന്നതു കേട്ട്  മുന്നിലിരുന്നു കണ്ണ് തുടക്കുന്നവരെ കാണുമ്പോൾ വീണ്ടും വീണ്ടും അതിന്റെ ശിൽപ്പികളെ ഓർക്കും ഞാൻ.''

ഭാനു ഗുപ്തയുടെ വാക്കുകളിൽ അതിശയോക്തി കലർന്നിട്ടുണ്ടെന്ന് തോന്നിയോ? എങ്കിലിതാ വ്യക്തിപരമായ മറ്റൊരനുഭവം. കോഴിക്കോട് ദേവഗിരി കോളേജിൽ സഹപാഠിയായിരുന്ന ജോണ്‍ എന്ന പുരോഹിത വിദ്യാർഥി അതീവ ഹൃദ്യമായി ഈ ഈണം മൌത്ത് ഓർഗനിൽ വായിച്ചു കേട്ടിട്ടുണ്ട്. കോളേജ് അങ്കണത്തിലെ കൊച്ചു ഉദ്യാനത്തിന്റെ  നടുക്കുള്ള ജലാശയത്തിന്റെ ചുറ്റുമതിലിൽ കാൽനീട്ടിയിരുന്നു സുഹൃത്തുക്കൾക്ക്  വേണ്ടി ``പെർഫോം'' ചെയ്യുന്ന ജോണിന്റെ രൂപം മറക്കാനാവില്ല.  പ്രായത്തിൽ അഞ്ചോ ആറോ വയസ്സ് മുതിർന്ന ഫാദർ ജോണിനെ പിന്നീട് ഞാൻ കണ്ടത് വർഷങ്ങൾക്കു ശേഷം എറണാകുളം നോർത്ത് സ്റ്റേഷനിൽ യഥാർത്ഥ ``ഫാദറി''ന്റെ വേഷത്തിലാണ്. ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം. ഭാര്യ, ജോണിന്റെ അയൽക്കാരി തന്നെ. ``ഷോലേയിലെ ആ ട്യൂണ്‍ ആണ് എല്ലാ കുഴപ്പത്തിനും കാരണം,'' ചിരിച്ചുകൊണ്ട് ജോണ്‍ പറഞ്ഞു. ``ഇവൾക്ക് അത് വലിയ ഇഷ്ടമായിരുന്നു. അവധിക്കാലത്ത്‌ വല്ലപ്പോഴും നാട്ടിൽ ചെല്ലുമ്പോൾ ഞാൻ ഇത് വായിച്ചു കേൾക്കാൻ വേണ്ടി അവൾ വരും. പിന്നെ രാത്രി അത് കേട്ടേ ഉറങ്ങൂ എന്നായി. ഒടുവിൽ എനിക്ക് സെമിനാരി വിടേണ്ടി വന്നു എന്നതാണ്  കഥയുടെ രത്നച്ചുരുക്കം.'' ഇത്തരം അനുഭവങ്ങൾ ഒറ്റപ്പെട്ടതാവാനിടയില്ല.

 

രവി മേനോൻ