അത്രമേൽ പ്രിയപ്പെട്ടൊരാൾ

അങ്ങനെയൊരാളെക്കുറിച്ചെഴുതിയാൽ അത് വായിയ്ക്കുന്നവരുടെ മനോധർമ്മം പോലെ അർത്ഥം മാറ്റം വരുത്തിയാണ് അവർ മനസ്സിലാക്കാറുള്ളത്.

അങ്ങനെ വരുമ്പോൾ , 'പ്രിയപ്പെട്ടത് ' എന്ന വാക്കിനു പകരം 'പ്രണയിച്ചതെന്നോ' 'ഒരാൾ' എന്നതിന് പകരം 'ഒരുവൾ' എന്നോ അവരിൽ പലരും വ്യാഖ്യാനിയ്ക്കുന്നു.

പ്രിയപ്പെട്ടതെന്ന് നാം കരുതുന്നവരും നമ്മളും തമ്മിലുണ്ടാകുന്ന ഒരു അകലമോ അവരുടെ വേർപാടോ , ചിലർക്ക് 'തേപ്പ് ' എന്ന പദത്തിൽ തളച്ചിടാനും തോന്നും.

പക്ഷെ , നാം പ്രണയത്തിനുമപ്പുറം മൂല്യം കൽപ്പിയ്ക്കുന്ന ചില ബന്ധങ്ങളുണ്ട് . 

അത്രമേൽ പ്രിയപ്പെട്ട ചിലർ... അവരെക്കുറിച്ചെഴുതുമ്പോൾ... ആ ബന്ധത്തെക്കുറിച്ചെഴുതുമ്പോൾ പലർക്കും അത് മനസ്സിലാക്കാൻ കഴിയാറില്ല.

കാലം സൃഷ്ടിച്ച അത്തരം അനിവാര്യമായ വേർപാടുകൾ കൃത്യമായി മനസ്സിലാക്കിയ... എഴുതിച്ചേർത്ത... ദൃശ്യവൽക്കരിച്ച ഒരാളാണ് അന്തരിച്ച പി.പത്മരാജൻ.

'ഇന്നലെ'യും 'തൂവാനത്തുമ്പികളും 'അത്രമേൽ പ്രിയപ്പെട്ടതാകുന്നതും അതുകൊണ്ടൊക്കെത്തന്നെയാണ്.

പക്ഷെ , മേൽപ്പറഞ്ഞ സിനിമകളിലൊക്കെ പ്രണയത്തിന്റെ പശ്ചാത്തലുണ്ടായിരുന്നു . പ്രിയപ്പെട്ടൊരാളെ നഷ്ടപ്പെടുത്തുമ്പോൾ അയാളെ മറ്റൊരാൾ നേടുന്നുണ്ട്.

ഇവിടെയും നഷ്ടപ്പെടലുകളുണ്ടാവുന്നു . ആദ്യം തമ്പിയ്ക്ക് ചെറുമകൻ പാച്ചുവിനെ നഷ്ടപ്പെടുന്നു... ആ നഷ്ടത്തോട് ഒട്ടുമേ പൊരുത്തപ്പെടാനാവാതെ അവസാനം തമ്പി സ്വയം നഷ്ടപ്പെടുത്തുന്നു.

ഇവിടെ ആരാണ് നേടിയത്?

നേട്ടം മൂന്നാംപക്കം കരയ്ക്കടിഞ്ഞ നഷ്ടമാണ്.

1988ലാണ് മൂന്നാംപക്കം റിലീസ് ചെയ്തത്.

റെയിൽവേ ജീവനക്കാനായിരുന്ന തമ്പി റിട്ടയർമെന്റ് ജീവിതം നയിയ്ക്കുകയാണ് . 

മകന്റെ വിയോഗദുഖത്തിൽ ജീവിയ്ക്കുന്ന തമ്പിയ്ക്ക് മെഡിസിൻ പഠനം കഴിഞ്ഞ് കൊച്ചുമകൻ ഭാസ്കർ (പാച്ചു) വരുന്നു എന്ന വാർത്ത വലിയ ആശ്വാസമാകുന്നു.

മൂന്ന് സുഹൃത്തുക്കൾക്കൊപ്പം തിരികെ വരുന്ന പാച്ചു , നിറഞ്ഞ സന്തോഷത്തിന്റെ ദിനങ്ങളാണ് തമ്പിയ്ക്ക് നൽകുന്നത്.

തമ്പി തന്റെ സ്വത്ത് മുഴുവനും പാച്ചുവിന്റെ പേരിലേയ്ക്ക് മാറ്റുകയും അവന് തന്റെ സുഹൃത്തിന്റെ ചെറുമകളെ വിവാഹം ഉറപ്പിയ്ക്കുകയും ചെയ്യുന്നു.

അങ്ങനെയിരിയ്ക്കെ , ഒരു ദിനം സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിയ്ക്കാനിറങ്ങിയ പാച്ചു തിരികെ കരയിലെത്തുന്നില്ല.

ജീവിതത്തിൽ ആകെ സ്വന്തമായുള്ള ഏറ്റവും പ്രിയപ്പെട്ടൊരാളുടെ തിരോധാനം തമ്പിയിൽ വല്ലാത്തൊരു മാനസികവ്യഥയുണ്ടാക്കുന്നു.

തിരിച്ചുവരവിന്റെ പ്രതീക്ഷകൾ പൂർണ്ണമായും അസ്തമിപ്പിച്ചുകൊണ്ട് മൂന്നാംപക്കം പാച്ചുവിന്റെ മൃതദേഹം കടലമ്മ കരയിലേയ്ക്കെത്തിയ്ക്കുന്നു.

പാച്ചുവിന്റെ അന്ത്യകർമ്മങ്ങൾ ചെയ്യുന്നതിനിടെ കടലിൽ മുങ്ങുന്ന തമ്പി അപ്രതീക്ഷിതമായി അഗാധതയിലേയ്ക്ക് നടന്നുനീങ്ങുന്നു.

ചുറ്റുമുള്ളവരുടെ വിളികൾ അവഗണിച്ച് തമ്പി കടലിന്റെ ആഴങ്ങളിൽ അലിഞ്ഞ് ചേരുന്നു.

'മൂന്നാംപക്കം' പത്മരാജന്റെ രചനയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്തിരിയ്ക്കുന്നു.

പാച്ചുവിനെ ജയറാമും തമ്പിയെ തിലകനും സഹായി കവലയെ ജഗതിയും പാച്ചുവിന്റെ മൂന്ന് സുഹൃത്തുക്കളിലൊരാളെ അശോകനും അവതരിപ്പിച്ചിരിയ്ക്കുന്നു.

പത്മരാജന്റെ ഒന്നിലേറെ ചിത്രങ്ങളിൽ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കാൻ ഭാഗ്യം സിദ്ധിച്ചവരാണ് ഇവർ നാലുപേരും.

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഈണമിട്ടത് സാക്ഷാൽ ഇസൈജ്ഞാനി.

പത്മരാജന്റെ മികച്ച സംഭാഷണരചന ഉൾക്കൊണ്ടുതന്നെ പറയട്ടെ...

ഈ ചിത്രത്തിൽ ഒരു വരിപോലും സംഭാഷണമില്ലായിരുന്നുവെങ്കിൽപ്പോലും അത്രമേൽ ഹൃദയത്തിൽ തൊടുന്ന പശ്ചാത്തലസംഗീതം കൊണ്ട് ഇളയരാജ 

ആ കുറവ് അതിഗംഭീരമായി നികത്തിയേനെ.

  

ഇളയരാജയുടെ മികവിനാൽ 'ഉണരുമീ ഗാനം ' എന്ന പാട്ട് ഗായകൻ വേണുഗോപാലിന്റെ സംഗീതജീവിതത്തിലെ കൈയ്യൊപ്പായി സംഗീതപ്രേമികൾക്കിടയിൽ ഇന്നും നിലനിൽക്കുന്നു.

ചിത്രത്തിന്റെ നിർമ്മാണം ഗാന്ധിമതി ഫിലിംസും ക്യാമറ പപ്പേട്ടന്റെ പ്രിയപ്പെട്ട ക്യാമറാമാൻ വേണുവുമായിരുന്നു.

മരണത്തോളമില്ലെങ്കിലും പ്രിയപ്പെട്ടവരുടെ അനിവാര്യമായ വിടവാങ്ങലുകൾ എന്നും മൂന്നാംപക്കത്തെ ഓർമ്മിപ്പിയ്ക്കും.

പലരും അവനവനെ 'ഇന്നലെ'കളിലും 'തൂവാനത്തുമ്പികളി'ലും 'മൂന്നാംപക്ക'ത്തിലും കാണുന്നതുകൊണ്ടാണല്ലോ അവ പ്രിയപ്പെട്ട സിനിമകളാവുന്നതും പപ്പേട്ടനെന്ന ഗന്ധർവൻ ഏവർക്കും പ്രിയപ്പെട്ട സിനിമാക്കാരനാവുന്നതും.

പതിനേഴാമത്തെ കാറ്റ് വീശുന്ന രാത്രികൾ എങ്ങനെയാവുമെന്ന് ഞാൻ ഗന്ധർവ്വനിൽ അദ്ദേഹം പറഞ്ഞു തന്നു . 

ഒട്ടുമേ കാറ്റിന്റെ കരതലങ്ങൾ തലോടാത്ത ചില പതിന്നാലാം തിയ്യതിയിലെ എന്റെ പകലുകൾ ഇങ്ങനെയൊക്കെയാണ്...!

പ്രമോദ്.എ .കെ                                                         

 

Recipe of the day

Jun 142021
Ingredients 2 cup pasta 1 tsp oil 1 tsp salt For masala paste---