അത്രമേൽ ഇഷ്ടപ്പെട്ട്....

കഥ പോലെ ഹൃദയഭേദകവും മനോഹരവുമായ രണ്ട് റിപ്പോർട്ടുകൾ ഞാനിന്ന് വായിക്കാനിടയായി .

'കോറൽ കോവ് ഒരു മനുഷ്യനായിരുന്നെങ്കിലോ ?'

മരണത്തിനു തൊട്ടു മുൻപുള്ള നിമിഷങ്ങളിൽ ജെയിൻ കോറൽ കോവ് എന്ന ഫ്ലാറ്റിന്റെ മനസ്സിലൂടെ കടന്നു പോയ  വികാരങ്ങൾ.മാതൃഭൂമി ലേഖകൻ ശരത് കൃഷ്ണ അതൊരു കഥ പോലെ പറയുന്നു.'അവസാന ഉറക്കത്തിനു കാത്തിരുന്നതു കൊണ്ട് ഉണർന്നു എന്ന് പറയാനാവില്ല...നേരം വെളുത്തപ്പോഴേ എനിക്ക് ചുറ്റും ആളനക്കം തുടങ്ങി.ആരൊക്കെയോ ചുറ്റും നടക്കുന്നു.നീലയും ചുവപ്പും കലർന്ന കുപ്പായവും തൊപ്പിയും ധരിച്ചവർ .അവരിൽ ആരുടെയോ കൈകളിലാണ് എന്റെ ജീവന്റെ സ്വിച്ച്.അതിൽ വിരൽ തൊടുമ്പോൾ ഞാൻ അവസാനിക്കും.'( ഹായ് ! മനോഹരമായ എഴുത്ത് )

'ഏറെപ്പേരും എന്നിലേക്കാണ് കണ്ണയക്കുന്നത് .ശ്മശാനം കാണാൻ ആർക്കാണ് ആഗ്രഹം ?ആസന്ന മരണർക്ക് അടുത്തായിരിക്കുമല്ലോ കാഴ്ചക്കാർ .'

മരണമെത്തുന്ന നേരത്താണ് ഇന്നലെകൾ പ്രിയപ്പെട്ടതാകുന്നത്.എന്റെ പതിനേഴു നിലകളിൽ പാർത്തിരുന്നവർ ...അവരുടെയൊക്കെ വിയർപ്പിന്റെ മണമുണ്ട് ഇപ്പോൾ വെളുത്ത തുണി പുതച്ചു നിൽക്കുന്ന എനിക്ക് .കടം വാങ്ങിയും മിച്ചം പിടിച്ചും വെച്ച സമ്പാദ്യങ്ങൾ ആയിരുന്നു എന്റെ ഉള്ളകങ്ങൾ .സ്വന്തമല്ലാത്ത തെറ്റിനു ഇവിടെ നിന്ന് ഇറങ്ങിപ്പോകുമ്പോൾ അവരെല്ലാം കരയുന്നത് ഞാൻ കണ്ടിരുന്നു .വെടിമരുന്ന് മണക്കുന്നതിനു മുൻപ് ആ കണ്ണീരിൽ ഞാൻ നനഞ്ഞിരുന്നു.അവരൊക്കെ ഇപ്പോൾ എവിടെയായിരിക്കും ?എന്റെ മരണം അവർ കാണുന്നുണ്ടാവുമോ ?അതോ കണ്ണടച്ചിരിക്കുക യായിരിക്കുമോ ?

( ഞായറാഴ്ച കുണ്ടന്നൂർ പാലം വഴി കാറിൽ വരുമ്പോൾ  ആ കാഴ്ച കാണാൻ ആയിരക്കണക്കിന് കാണികൾ കൂടി നിൽക്കുമ്പോൾ , എന്റെ ഹൃദയം നുറുങ്ങുകയായിരുന്നു .കോടതിയുടെ മുന്നിൽ ഇതുമാത്രമായിരുന്നോ പോംവഴി ? തകർന്ന് വീഴുന്നത് എത്രയോ പേരുടെ അദ്ധ്വാനം ?എത്രയോ പേരുടെ സ്വപ്നം !)

ശരത് കൃഷ്ണ എഴുതുന്നു:'ഞാൻ വലിയൊരു തെറ്റായിരുന്നുവെന്ന് നീതിപീഠം പറയുന്നു .ആയിരിക്കാം .പക്ഷെ ,ഞാനെന്തു പിഴച്ചു ?പ്രകൃതിയെ കൊന്നുകൊണ്ട് എന്നെയെന്തിന് ജനിപ്പിച്ചു ?എന്തിനാണെനിക്ക് പവിഴം എന്ന് പേരിട്ടത് ?'

മാതൃഭൂമിയുടെ ഒന്നാം പേജിൽ ജോസഫ് മാത്യു എഴുതിയ 'കൃത്യം 'എന്ന മുഖ്യ റിപ്പോർട്ടിന്റെ ഭാഷയും മനോഹരമാണ്.'കൺകോണിൽ നിന്ന് ഒഴുകി വീഴുന്ന കണ്ണീർക്കണം പോലെയാണ് ജെയിൻ കോറൽ കോവ് നിലത്തേക്ക് പടർന്നത് .ആറ് സെക്കൻഡ് .

പുകച്ചുരുളുകൾക്കിടയിൽ ഒരു കോൺക്രീറ്റ് ശ്മശാനം ഉയർന്നു .ഒട്ടും അകലെയല്ലാതെയാണ് മരട് നഗര സഭയുടെ ശ്മശാനം '( പുഷ്കിന്റെ കവിതകളിലേതു പോലെ ,ഐസൻസ്റ്റീനിന്റെ സിനിമകളിലേതു പോലെ 'മൊണ്ടാഷ് 'പ്രയോഗം !...12 വർഷം പത്ര പ്രവർത്തകനായിരുന്ന എനിക്ക് അസൂയ തോന്നി ,ഈ ലേഖകന്മാരോട് !)ജേർണലിസം വിദ്യാർത്ഥികൾക്ക് ഭാവിയിലേക്ക് മുതൽക്കൂട്ടാവും ഈ രണ്ട് റിപ്പോർട്ടുകൾ.

ഞായറാഴ്ചത്തെ  മാതൃഭൂമിയുടെ തലക്കെട്ടും ഗംഭീരമായിരുന്നു .'ഘടികാരങ്ങൾ നിലച്ച  സമയം '.(സുഭാഷ് ചന്ദ്രന്റെ കഥയുടെ ശീർഷകത്തിന്റെ പാഠഭേദം ) സത്യമായിരുന്നു ,ഒന്നാമത്തെ ഫ്ലാറ്റ് ,ഹോളിഫെയ്ത്ത് നിലം പൊത്തുന്നതിന്റെ മൂന്നാം സൈറൺ മുഴങ്ങിയ നേരം കേരളത്തിൽ ഘടികാരങ്ങൾ നിലച്ചിരുന്നു.

മാതൃഭൂമിക്ക് പ്രണാമം !

പന്ത്രണ്ട് വർഷം മറ്റ് രണ്ട് പത്രങ്ങളിൽ ജോലിചെയ്തിരുന്നെങ്കിലും കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി ഞാൻ മുടങ്ങാതെ വായിക്കുന്ന പത്രം മാതൃഭുമിയാണ്.ജീവിതത്തിൽ ആദ്യമായി കയ്യിലെടുത്ത പത്രം.ജീവവായു പോലെയാണെനിക്ക് മാതൃഭൂമി.സത്യത്തിൽ ഞാൻ ജേർണലിസം പഠിക്കാൻ പോയത് മാതൃഭൂമിയിൽ പത്രലേഖകനാകുക  എന്ന അദമ്യമായ ആഗ്രഹത്തോടെയായിരുന്നു.അന്നൊക്കെ മാതൃഭൂമിയിലെ പത്രപ്രവർത്തനം സ്വപ്നതുല്യമായിരുന്നു.മാതൃഭൂമിയിലാണ് ആദ്യം ജോലിക്ക് അപേക്ഷിച്ചതും . അവിടെ ടെസ്റ്റിന് വിളിച്ചപ്പോഴേക്കും മനോരമയിൽ ടെസ്റ്റും ഇന്റർവ്യൂവും കഴിഞ്ഞ് സെലക്ഷൻ കഴിഞ്ഞിരുന്നു.(എല്ലാ ആഗ്രഹങ്ങളും സഫലമാകാറില്ലല്ലോ ? )

ഞാൻ പലപ്പോഴും ഓർക്കാറുണ്ട് ,മാതൃഭൂമിയിൽ ആയിരുന്നുവെങ്കിൽ പത്രപ്രവർത്തന രംഗത്തു നിന്ന് ഒരിക്കലും ഞാൻ വഴി പിരിയില്ലായിരുന്നു.അത്രമേൽ എനിക്ക് പ്രിയപ്പെട്ട പ്രൊഫഷൻ ആയിരുന്നു പത്ര പ്രവർത്തനം .

 

കെ.വി.മോഹൻ കുമാർ

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 82020
ചേരുവകൾ 1. പനീർ -കാൽ കിലോ  2. കോൺഫ്ളോർ -മൂന്ന് ടീസ്പൂൺ  3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ  4. പച്ചമുളക് അരച്ചത് - ഒരു ടീസ്പൂൺ