ആലഞ്ചേരിയിലെ വെളിച്ചപ്പാട്

ആലIഞ്ചേരിക്കാവിൽ  വെച്ചാണ്  മോൾക്കു ചോറുകൊടുത്തത്.ശേഷം ആ മുറ്റത്ത് നിന്നും ചെറിയ കയറ്റം കയറി വിശാലമായ ആലഞ്ചേരി മൈതാനത്തെത്തിയ നേരം കുഞ്ഞിനെ അവളുടെ കൈകളിലേക്ക് നൽകി തിരിഞ്ഞു നിന്ന് ക്ഷേത്രനടയിലേക്ക് നോക്കി ഞാൻ ഒന്നു കൂടി കൈകൂപ്പി . അതും ഒരു ശീലമാണ് എന്റെ മാത്രമല്ല.   ആലഞ്ചേരിയിൽ തൊഴുതുമടങ്ങുന്ന എല്ലാവരിലും കണ്ടു വരുന്ന ഒരു ശീലം.

ഓരോ ഗ്രാമത്തിലും ഇത്തരം ഓരോ ദേവീക്ഷേത്രങ്ങൾ കാണും.തട്ടകം വാഴുന്ന തട്ടകത്തമ്മ .ആ നാട്ടുകാർക്ക് പ്രയാസങ്ങൾ വരുമ്പോൾമനസ്സിൽ കൊണ്ടു നടക്കുന്ന ഈശ്വരൻമാർക്കൊപ്പം എന്റെ ഭഗവതീ എന്ന് ഉള്ളു തൊട്ട് വിളിക്കാൻ .

കടുത്ത കമ്യൂണിസം മനസ്സിൽ മരണം വരെ കൊണ്ടു നടന്ന അച്ഛന്റെ കൈ പിടിച്ചാണ് ആലഞ്ചേരിക്കാവിൽ ആദ്യം എത്തിയത്.
ഇത് ഭാര്യയോട് മുമ്പ് പറഞ്ഞ നേരം അവളിൽ നിന്നും ഉയർന്ന ഒരു ചോദ്യം ഇങ്ങനെയായിരുന്നു.

അതിനു മുമ്പേ വന്നിട്ടുണ്ടാവില്ലേ?

ഉണ്ടാവാം. ഇല്ലാതിരിക്കാൻ വഴിയില്ല.കാരണം പാലൂർ എന്ന ഈ പ്രദേശത്തിന്റെ വിശ്വാസങ്ങളിലും നിശ്വാസങ്ങളിലും ആലഞ്ചേരി അമ്മയുണ്ട്. കൈകൾ ചേർത്ത് പിടിപ്പിച്ച് തൊഴുകിച്ചിട്ടുണ്ടാവണം. ഒന്നുകിൽ അമ്മ. അല്ലെങ്കിൽ അമ്മയേക്കാൾ എനിക്കിഷ്ടവും എന്നെയിഷ്ടവുമായിരുന്ന അച്ഛൻ പെങ്ങൾ. അതുമല്ലെങ്കിൽ രമണിയോപ്പോൾ,
സതിയോപ്പോൾ അവരിലാരെങ്കിലും അറിയില്ല. ഓർമ്മയിലാദ്യം അച്ഛന്റെ കൂടെയാണ് .....

ആ മറുപടി അവൾക്ക് തൃപ്തികരമായിരുന്നിരിക്കണം.തുടർ ചോദ്യമുണ്ടായില്ല.

 കേന്ദ്ര സർക്കാർ ഉദ്യോഗവുമായി  മദിരാശിയിലായിരുന്ന അച്ഛൻ കവിയോ കലാകാരനോ ഒന്നുമല്ലാതിരുന്നിട്ടും ഒരിക്കൽ പറഞ്ഞതോർക്കുന്നു. നാട്ടിൽ വന്നാൽ ആലഞ്ചേരിഅമ്മയുടെ മുന്നിൽ വരണം.കങ്കാട്ട് ഗോവിന്ദൻ നായർ എന്ന ആലഞ്ചേരി വെളിച്ചപ്പാടിന്റെ
നീ എന്നേ വന്നതെടാ എന്ന അധികാരത്തോടെയുള്ള  ആ ചോദ്യം കേൾക്കണം. പിന്നെ ആലഞ്ചേരിക്കടവിലിറങ്ങി കൈയ്യും കാലും കഴുകുമ്പോൾ കുന്തിപ്പുഴയും ചോദിക്കുമത്രേ ശങ്കരനാരായണാ നീ എന്നാ വന്നതെന്ന് ..... ക്ഷേത്രമുറ്റത്തെ വലിയ ഇലഞ്ഞിയും പാലയും കാടുപിടിച്ചു നിൽക്കുന്ന, തൊടിയിലെ കൂറ്റൻമരങ്ങളും അച്ഛനെ തിരിച്ചറിയുമത്രേ......

 ആലഞ്ചേരിയിലെ പൂജക്കാരനായ തെക്കേപ്പാട്ട് ഗോപാലൻ നായരോട് അമ്പലത്തിൽ വെച്ച് വിശേഷങ്ങൾ പങ്കുവെക്കുന്ന അച്ഛൻ തിരിച്ചുപോരും വഴിയിൽ മന്നൻ നായരോടും നീലത്ത് നാരായണൻ നായരോടും മമ്മുക്കായോടും ഒക്കെ എന്നാണ് താൻ വന്നതെന്നും എന്ന് പോകുമെന്നുമൊക്കെപറയും. അവർ ചോദിക്കണമെന്നില്ല അവരെ കണ്ടാൽ മതി. നിന്ന് സംസാരിക്കും.
.രാവിലെ എണീക്കുമ്പോഴും രാത്രി കിടക്കുമ്പോഴും ആലഞ്ചേരി അമ്മയെ വിളിക്കുമായിരുന്ന അച്ഛൻ ഒരു ദിവസം പോലും അസുഖം വന്ന് കിടക്കാതെ എൺപതാം വയസ്സിലാണ് യാത്രയായത്.തലേ ദിവസവും ആലഞ്ചേരിക്കാവിൽ പോയിരുന്നു.അച്ഛൻ പെങ്ങളുടെ മകളുടെ മകന്റെ മകന് ആ മുറ്റത്ത് വെച്ച് ചോറും കൊടുത്തു.

കിഴക്ക്നിന്ന് പടിഞ്ഞാറോട്ട് ഒഴുകി വരുന്ന കുന്തിപ്പുഴ പുലാമന്തോൾ എത്തുമ്പോൾ വടക്കോട്ട് ഒന്ന് തിരിഞ്ഞ് പാലൂരിൽ വരും . ഒരു കിലോമീറ്റർ ദൂരം ഒരു ദിശ മാറിയൊഴുക്ക്.പിന്നെ ആലഞ്ചേരിക്കാവിനെ ഒന്ന് തഴുകി  വീണ്ടും പടിഞ്ഞാട്ട്. പുഴ ദർശനത്തിനെത്തുകയാണോ. എന്തോ അറിയില്ല. എന്തായാലും അങ്ങനെയാണ് ആ ഒഴുക്ക്.

ആലഞ്ചേരി ക്ഷേത്രം ഐതിഹ്യങ്ങളുടെ കലവറയാണ്. പുഴയിലൂടെ ഒഴുക്കിനെതിരേ വന്ന ഒരു പീഠം പ്രശാന്ത സുന്ദരമായ ഈ സ്ഥലത്ത് വന്നപ്പോൾ നിന്നുവത്രേ. പിന്നീട് അവിടെ പ്രതിഷ്ഠിക്കപ്പെട്ടു എന്നതാണ്  ഐതിഹ്യം. അവിടെ അന്നുണ്ടായിരുന്ന അഞ്ച് വലിയ ആലുകളിൽ നിന്ന് ആലഞ്ചേരി എന്ന നാമം വന്നു എന്നും പറയപ്പെടുന്നുണ്ട്. ആലഞ്ചേരി പാലൂരിലെ മനയുടെ നാമമായിരുന്നു എന്നും വാദമുണ്ട്.ഇപ്പോൾ ചൊവ്വൂർ മനക്കാരാണ് ക്ഷേത്രത്തിന്റെ ഊരാളർ.ഐതിഹ്യങ്ങൾ എന്തായാലും പാലൂരിന്റേയും പരിസര ഗ്രാമങ്ങളുടേയും ഈശ്വര സങ്കൽപ്പമാണ്  ആലഞ്ചേരി ഭഗവതി. ഓരോ പാലൂർക്കാരന്റേയും ദൈവീക സങ്കൽപ്പങ്ങൾ ഇതൾ വിരിയുന്നത് ആ മുറ്റത്ത് നിന്നാണ്. ഈ അറിവുകൾ എല്ലാം
പലപ്പോഴായി അവർ ചോദിക്കാതെ തന്നെ ഭാര്യയ്ക്കും മകൾക്കും പല തവണകളായി ഞാൻ പകർന്നു നൽകിയിട്ടുണ്ട്.കേട്ടറിഞ്ഞ വിവരങ്ങളും കൂട്ടത്തിൽ അനുഭവിച്ചറിഞ്ഞതും. കണ്ടറിഞ്ഞ ചിത്രങ്ങളിൽ എന്റെ ബാല്യമുണ്ട്. ആലഞ്ചേരിപ്പറമ്പിലെ കളികളുണ്ട്. ക്ഷേത്രത്തോട് ജാതി മത ഭേദമന്യേ നാട്ടുകാർ പ്രകടമാക്കുന്ന സത്യസന്ധമായ  സ്നേഹമുണ്ട്.

കുട്ടിക്കാലത്ത്ക്ഷേത്രത്തിലേക്ക് എല്ലാ മാസവും അമ്മാവന്റെ മകനോടൊപ്പം പായസം വെക്കാനുള്ള പോക്കുണ്ട്. അരിയും ശർക്കരപ്പൊതിയും ഇട്ട ചെമ്പുമായി എന്നേക്കാൾ ഒരു വയസ്സിനു മൂത്ത ഞാൻ രാജേട്ടൻ എന്ന് വിളിക്കുന്ന സത്യരാജൻ മുന്നിൽ.ഒരു ചെറിയ കെട്ടു വിറകുമായി പുറകിൽ ഞാനും.

കെട്ടിച്ചുറ്റി വന്നാൽ അസാമാന്യ ചന്തമുള്ള ആലഞ്ചേരി വെളിച്ചപ്പാടിന് ഞാൻ പറയുന്ന കഥകളിൽ എല്ലാം നായക സ്ഥാനമാണ്. ആ അര മണിക്കിലുക്കവും ചിലമ്പൊലിയും ഒക്കെ എന്റെ വാക്കുകളിൽ നിറഞ്ഞു കൊണ്ടേയിരിക്കും.. ഹിയ്യോ വിളികൾ, കൽപ്പനകൾ, താളത്തിലുള്ള നൃത്തച്ചുവടുകൾ പറയെടുപ്പിനായുള്ള വരവുകൾ എല്ലാം. വള്ളുവനാട്ടിലെ പ്രധാന ഉത്സവമാണ് പതിനൊന്നു ദിവസം നീണ്ടു നിൽക്കുന്ന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം. മാമാങ്കത്തിന് പകരമായി വള്ളുവക്കോനാതിരി ആരംഭിച്ചതാണ് വിസ്മയങ്ങളുടെ  ഈ പൂരം എന്നാണ്  സങ്കൽപ്പം .ആലഞ്ചേരി , ആലിക്കൽ ,ഭഗവതിമാർ തിരുമാന്ധാംകുന്നിലമ്മയുടെ സഹോദരിമാർ ആണത്രേ. അതിനാൽ പൂരത്തിന് ആലഞ്ചേരി  വെളിച്ചപ്പാട് ഉണ്ടാവും ആലിക്കൽ വെളിച്ചപ്പാട് ഉണ്ടാവും. വള്ളുവനാട്ടിലെ എല്ലാ ദേവീക്ഷേത്രങ്ങളിലേയും വെളിച്ചപ്പാടുമാരുണ്ടാവും.അവരെല്ലാം ഒന്നിച്ചണിനിരക്കുന്നതൊരു ഗംഭീരകാഴ്ച തന്നെയാണ്. യുവത്വത്തിന്റെ നാളുകളിൽ നെറുകയിൽ വെട്ടി ചോരയൊലിപ്പിച്ച് വലതു കൈയ്യിൽ വാളുയർത്തി ദിഗന്തം മുഴങ്ങുമാറ് ഉച്ചത്തിൽ അ ട്ടഹസിച്ച് തിരുമാന്ധാംകുന്ന് വടക്കേ നടയിലെ കൽപ്പടവുകൾ ഓടിയിറങ്ങുകയും കയറുകയും ചെയ്യുന്ന ആലഞ്ചേരി വെളിച്ചപ്പാട് ഭക്തരിൽ ഏറെ അത്ഭുതം  സൃഷ്ടിച്ചിരുന്നുവത്രേ.ആ രംഗം കാണാൻ അവർ ആരാധനയോടെ കാത്തു നിൽക്കുമത്രേ. വടക്കേ നടയ്ക്കു താഴേ തോടിനു കുറുകേയുള്ള
ഒറ്റക്കൽപ്പാലം വെളിച്ചപ്പാടുമാർ കടന്നു പോകരുത് എന്നാണ് വിശ്വാസം. അതു കൊണ്ടു തന്നെ മുന്നോട്ട് കുതിക്കുന്ന വെളിച്ചപ്പാടുമാരെ തടയാൻ പാലത്തിനു സമീപം ആൾക്കാർ നിൽക്കും.ഇതെല്ലാം പറഞ്ഞ് കേട്ട വിവരങ്ങൾ.എന്നാൽ അമ്പത് കൊല്ലം തുടർച്ചയായി വെളിച്ചപ്പെട്ടതിന് അദ്ദേഹത്തെ തിരുമാന്ധാം കുന്നിൽ വെച്ച് ആദരിച്ചത് ഓർമ്മയിലുണ്ട്.

ആലഞ്ചേരിയിൽ കുംഭം ഒന്നിന് ചുറ്റുവിളക്ക് കൂറയിട്ടാൽ പിന്നെ കാലം കൂടുന്നതു വരെ ഒരു മാസത്തിലധികം പാലൂരിൽ ഉത്സവനാളുകളാണ്. ചുറ്റുവിളക്ക് സമാപനമാവട്ടെ നാടിന്റെ ദേശീയോത്സവവും. ലോകത്തിന്റെ എത് കോണിലുമുള്ള പാലൂർക്കാരും അന്ന് ഗ്രാമത്തിലണയാൻ കൊതിക്കും.എത്താൻ പറ്റുന്നവരൊക്കെ എത്തും. അല്ലാത്തവർ മനസ്സുകൊണ്ട് വിശാലമായ ആലഞ്ചേരി മൈതാനത്തും കുന്തിപ്പുഴയുടെപഞ്ചാര മണൽപ്പുറത്തും അലഞ്ഞു നടക്കും.ഉച്ചതിരിഞ്ഞ് പതിനൊന്ന് ദേശ വേലകൾ സംഗമിക്കുമ്പോൾ ഉയരുന്ന ആഹ്ലാദത്തിന്റെ ആരവങ്ങളിൽ സ്വയം മറന്ന് ലയിച്ചു ചേരാൻ കൊതിക്കും.

വലിയ വലിയ  പൂരങ്ങൾ എത്രയോ കണ്ട പാലൂർക്കാർക്ക് ഈ ഉത്സവവും വെടിക്കെട്ടും എത്ര തവണ കണ്ടാലും കൊതി തീരാത്തതെന്താ. അല്പം മുതിർന്ന സമയത്ത് എന്നിൽ നിന്നുണ്ടായചോദ്യത്തിന് അച്ഛൻ പെങ്ങൾപറഞ്ഞ മറുപടി ഇത് ആലഞ്ചേരി ചിറ്റുവിളക്കാണ് എന്നാണ്.
അതു കൊണ്ടെന്താ എന്ന് ചോദിച്ച എന്നോട് അവർ പതിയേ പറഞ്ഞു ആലഞ്ചേരി നമ്മുടേതാണ് എല്ലാ പാലൂർക്കാരുടേതും അത് പറയുമ്പോൾ ആ മുഖത്ത് എന്തൊക്കെയോ  വികാരങ്ങൾ.ശബ്ദത്തിന് എന്തെല്ലാമോ പ്രത്യേകത

പാലൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക്താമസം മാറ്റിയത് ജോലി കിട്ടിയ ശേഷമാണ്. സൗകര്യാർത്ഥം പുതിയ വീട് വെച്ചപ്പോൾ. എങ്കിലും ആലഞ്ചേരി ഉത്സവകാലത്ത് ഒരു സന്ദർശനം എത്ര തിരക്കായാലും ഒഴിവാക്കാറില്ല. ക്ഷണിക്കുന്ന കല്യാണങ്ങൾക്കെല്ലാ മെത്തും,വേണ്ടപ്പെട്ടവരുടെ മരണ വിവരമറിഞ്ഞാലുടനോടിയെത്തും. അതൊക്കെ നിർബന്ധമാണ് എന്നാൽ.ഇക്കുറി പതിവുകൾ തെറ്റിച്ചു. ചുറ്റുവിളക്ക് കാലത്ത് ഒരു ദിവസവും ആലഞ്ചേരിയിൽ പോയില്ല.അച്ഛൻ ഇല്ലാതായതു മാത്രമല്ല കാരണങ്ങൾ വേറെയുമുണ്ടല്ലോ.ഉത്സവവും പേരിന് മാത്രമായിരുന്നല്ലോ.
അത് ചെറിയ വിഷമമായി ഉണ്ടായിരുന്നു എങ്കിലും മറന്നു തുടങ്ങിയതായിരുന്നു.എന്നാൽ ആ ഒരു അട്ടഹാസത്തിൽ ഞാൻ ഞെട്ടി വിറച്ചു പോയി.

വന്നില്ല അല്ലേ?

മുന്നിൽ കെട്ടിച്ചുറ്റി വെളിച്ചപ്പാട്. നെറ്റിയിലൂടെ ഒഴുകുന്ന കട്ടിച്ചോര. വലതു കൈയ്യിൽ ഉയർത്തിപ്പിടിച്ച തിളങ്ങുന്ന വാൾ ചുവന്ന പട്ട്, അര മണികിലുക്കം ചിലമ്പൊലി.

ഞാൻ കൈകൾ കൂപ്പി
വരാം എന്ന് വിറയ്‌ക്കുന്ന ചുണ്ടുകളോടെ പറഞ്ഞൊപ്പിച്ചു.

വാൾ കൈ മാറ്റി എവിടെ നിന്നോ വാരിയെടുത്ത
അരി മണികൾ എനിക്കു നേരേ വീശിയെറിയുമ്പോൾ പെട്ടന്ന് ഒരു അട്ടഹാസം കൂടി.

മറക്കരുത്....

ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു
മറക്കില്ല ...  ഒരിക്കലും .... ഒരിക്കലും .....

എന്റെ ബഹളം കേട്ട് ഞെട്ടിയുണർന്ന് ലൈറ്റിട്ട ഭാര്യ അന്തംവിട്ട് നോക്കി. കട്ടിലിൽ വിയർത്തു കുളിച്ച് ഞാൻ .
സ്ഥലകാലബോധം വീണ്ടെടുത്ത് ഞാൻ ഭാര്യയോട് വിക്കി വിക്കി പറഞ്ഞു

വെളിച്ചപ്പാട് ....

വെളിച്ചപ്പാടോ എത് വെളിച്ചപ്പാട്?

ആലഞ്ചേരി വെളിച്ചപ്പാട്.

 അദ്ദേഹം തൊണ്ണൂറ്റിയൊന്നിൽ മരിച്ചില്ലേ .എന്നോട് പറഞ്ഞതാണല്ലോ.

ഉവ്വ് .എന്നാലിപ്പോൾ കുറച്ച് മുമ്പ് വന്നു. സംസാരിച്ചു കൽപ്പിച്ചു.ഒരു വെളിച്ചത്തിന്റെ പാടായി വന്ന് ഓർമ്മിപ്പിച്ചു
മറക്കരുത് എന്ന്.

എന്ത്

പിന്നിട്ടകാലത്തെയാവണം നന്മകൾ പൂത്ത നാട്ടുവഴികളെയാവണം, നാട്ടു മനസ്സിനെയാവണം ഏതായാലും മറക്കില്ല എന്ന് ഞാനുറപ്പുകൊടുത്തിട്ടുണ്ട്.

അവൾക്ക് ഉത്തരം നൽകിയ ശേഷം  പതിഞ്ഞ ശബ്ദത്തിൽ ഞാൻ സ്വയം പറഞ്ഞു. ചില വിശ്വാസങ്ങൾ അവ വിശ്വാസങ്ങൾക്കുമപ്പുറമാണ് .പിന്നെ  കണ്ണുകളടച്ച് കിടന്നു.

സുരേഷ് തെക്കീട്ടിൽ

Recipe of the day

Oct 202020
IINGREDIENTS 1. Oil - half a cup 2. Cinnamon sticks - half a piece Cardamom - two Cloves - two 3. Onions - two large, chopped