ആദിമതയും ആര്‍ത്തിയും ആണത്തവും; കൃത്രിമത്വത്തിലേക്ക് വീണുപോയ ഒരു ചിത്രം

ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ജല്ലിക്കെട്ട്' എന്ന ചിത്രം തീര്‍ച്ചയായും ഒരു വ്യത്യസ്തമായ ചിത്രം തന്നെയാണ്. അങ്കമാലി ‍ഡയറീസ്, ഈ മാ യൗ ഉള്‍പ്പെടുന്ന തന്റെ മുന്‍ സിനിമകളിലൂടെ അദ്ദേഹം തന്റെ വഴി വേറിട്ട ഒന്നാണെന്ന് തെളിയിച്ചിട്ടുളളതുമാണ്. (മരണത്തിന്റെ ചവിട്ടുനാടകം-എടുക്കാത്ത നോട്ടും പൊട്ടിയ ശവപ്പെട്ടിയും എന്ന പേരില്‍ ഈ മാ ൗ എന്ന ചിത്രത്തെക്കുറിച്ച് മുമ്പ് എഴുതിയിട്ടുളളതാണ്) മൂര്‍ത്തമായ പ്രമേയമോ രേഖീയമായ ഒരു കഥപറച്ചിലോ ഇല്ലാതെ സിനിമയില്‍ അനുഭവങ്ങളും അവസ്ഥകളും വികാരങ്ങളും വിചാരങ്ങളും ആവിഷ്കരിക്കാന്‍ കഴിയുമെന്നതും അത്തരം ലോക ചിത്രങ്ങള്‍ നിരവധി ഉണ്ടെന്നതും ജല്ലിക്കെട്ട് പ്രത്യേകം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. അറക്കുന്നിടത്തുനിന്ന് കുതറിയോടുന്ന പോത്തിന്റെ വന്യതയോട് സാത്മ്യം പ്രാപിക്കുന്ന ഒന്നായി സമൂഹത്തിന്റെ വന്യത പരിണമിക്കുന്ന ഒരു തലം സിനിമയുടെ ആവിഷ്കാര ലക്ഷ്യമാണ്. അവിടെ കുറതിയോടുന്നത് പോത്തുമാത്രമല്ല, മലയാള സിനിമയുടെ പതിവു ശീലങ്ങളില്‍ നിന്ന് ഈ ചിത്രവും കുതറിയോടുകയാണ്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് ആണ് സിനിമയ്ക്ക് പ്രേരണയെങ്കിലും ലിജോ തനിയ്ക്കു വേണ്ട ഘടകങ്ങള്‍ മാത്രം സ്വീകരിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയിട്ടുളളത്.

 വന്യതയും ആണത്തവും 'അതിരുവിട്ട്' ചുരമാന്തുകയും അമറുകയും ചെയ്യുകയാണ് ചിത്രത്തിലുടനീളം..! സംസ്കാരത്തിന്റെ അതിരുകളില്‍ ഉദാത്തീകരിക്കപ്പെട്ടു നില്‍ക്കുന്ന മനുഷ്യനിലെ മൃഗത്വം പലപാട് ചിത്രത്തിന്റെ സന്ദര്‍ഭങ്ങളെ കലര്‍പ്പില്ലാതെ നിര്‍ണ്ണയിക്കണം എന്ന സംവിധായകന്റെ വലിയ ആഗ്രഹം കൂടിയാകണം ഈ ചിത്രം.

എന്നാല്‍ മുന്‍ചിത്രങ്ങള്‍ പോലെ, പ്രത്യേകിച്ചും ഈ മാ യൗ എന്ന ചിത്രം പോലെ ഈ സിനിമ എന്റെ ചിത്രമായില്ലെന്നത് അല്പം കൗതുകകരമായി തോന്നി. പ്രാകൃതത്വത്തിലേക്കുളള റിവേഴ്സ് ചുവടുകള്‍ ഒരു ഘട്ടത്തില്‍ പ്രാകൃതരുടെ വേട്ടയാടല്‍ സീന്‍ പോലുമായി അവതരിപ്പിച്ചത്, സിനിമ സംവിധായകന്റെ കൈയ്യില്‍ നില്‍ക്കാതെ പോയോ എന്ന ചിന്ത ഉണ്ടാക്കി. അമൂര്‍ത്തമായ ആശയത്തിന് വ്യക്തത നല്‍കാന്‍ സംവിധായകന്‍ വളരെ യത്നിക്കുന്ന അനുഭവമാണ് സിനിമ നല്‍കുന്നത്. ഒരു മലയോര ഗ്രാമം മുഴുവന്‍ പോത്തിനു പിന്നാലെ പായുന്ന ചിത്രമായി ജല്ലിക്കെട്ട് മാറുമ്പോള്‍, നടീനടന്‍മാരുടെ പ്രാമുഖ്യം ഏറെക്കുറെ ഈ ചിത്രം റദ്ദ് ചെയ്യുക തന്നെയാണ്-ജാഫര്‍ ഇടുക്കിയും സാബുമോനും ഒക്കെ തങ്ങളുടേതായ സാന്നിധ്യം അറിയിക്കുമ്പോഴും. ബോധപൂര്‍വ്വം സൃഷ്ടിച്ച ഒരു ബുദ്ധിജീവി സിനിമ പോലെ, സിനിമ അതിന്റെ സ്വാഭാവികതയില്‍ നിന്ന് പലപ്പോഴുൂം അകന്നുപോയത്, ഒരു വലിയ കൃത്രിമത്വത്തിലേക്ക് കാലിടറി വീണതായി അനുഭവപ്പെട്ടത്, എന്നെ സംബന്ധിച്ചിടത്തോളം, ചിത്രം അനാവശ്യമായി വലിച്ചു നീട്ടപ്പെട്ടിരിക്കുന്നു എന്ന ഒരു പ്രേക്ഷകബോധം പ്രവര്‍ത്തിച്ചതു കൊണ്ടുകൂടിയാണ്. 

അസംഖ്യം വ്യാഖ്യാനങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കാമെണെങ്കിലും ഈ അടിസ്ഥാന പരിമിതിയെ- കാഴ്ചാനുഭവം സൃഷ്ടിക്കുന്ന കൃത്രിമത്വത്തിന്റെ തലത്തെ ചിത്രത്തിന് മറികടക്കാന്‍ കഴിയുന്നില്ല എന്ന പ്രധാന പ്രശ്നമുണ്ട്. മാത്രമല്ല, പ്രശാന്തപിള്ളയുടെ ബാക്ക് ഗ്രൗണ്ട് സ്കോറില്‍ ഇടയ്ക്കെങ്കിലും ഈ അവസ്ഥ അധികരിച്ചുപോകുന്നുമുണ്ട്. ചിത്രത്തില്‍ ക്യമാറ ചില സന്ദര്‍ഭങ്ങളില്‍- കിണറ്റിനടിയില്‍ നിന്നു നോക്കുന്ന പോത്തിന്റെ കാഴ്ച ഉദാഹരണം-അസാധാരണ അനുഭവം പകരുമ്പോഴും, ഈ സിനിമ ചലച്ചിത്രമേളകളില്‍ പ്രകീര്‍ത്തിക്കപ്പെടുമ്പോഴും, 'ജല്ലിക്കെട്ട് 'തീര്‍ത്തും എന്നില്‍ നിന്ന് അകന്നുപോയ ഒരു ചിത്രമായി അവശേഷിക്കുന്നു..!

രഘുനാഥൻ പറളി