ആറ്റി കുറുക്കി വച്ച ദർശനങ്ങൾ

ജീവിതം മടുക്കുമ്പോൾ ആത്മീയത തേടി ഇറങ്ങുന്നവരും, ജീവിതത്തെ ആസ്വദിക്കാനാവാതെ അതിന്റെ യുക്തി തേടിയിറങ്ങുന്നവരും, കർമ്മകാണ്ഡം തീർന്നെന്ന വിശ്വാസത്തിൽ വാനപ്രസ്ഥത്തി ലേക്ക് നീങ്ങുന്നവരും, അടങ്ങാത്ത ദാഹവുമായി അറിവ് തേടിയിറങ്ങുന്നവരും തുല്യരാകുന്നത് ജീവിതം എന്ന ഒരൊറ്റ സംജ്ഞയിലാണ്. നോക്കികാണുന്നതിലെ വ്യതിരിക്തിതകൊണ്ടു മാത്രം ജീവിതം ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭവങ്ങളാവുന്നു. അതുകൊണ്ട് തന്നെ അത് പിടികിട്ടാത്ത, പൊതുവത്കരിക്കാനാവാത്ത, ഒരു സമസ്യയാവുന്നു. അതിനെ തേടി നടക്കുന്നവർ ആധ്യാത്മിക വഴികളിൽ ചെന്നെത്തുന്നു.

മതങ്ങളാണ് മിക്കവാറും ആത്മീയ വഴികളിൽ വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നത്. എന്നാൽ ഒരു പ്രസ്ഥാനം എന്ന നിലയിൽ ചില ചിട്ടവട്ടങ്ങൾ പരിപാലിക്കപ്പെടെണ്ടത് കൊണ്ടാവാം, മതപരമായ വ്യാഖ്യാനങ്ങൾ പലതും അനുഷ്ഠാനങ്ങളിൽ കുടുങ്ങി പോവുകയും തേടലുകൾ പലതും പാതി വഴിയിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യൂന്നു.

അതേസമയം, ഗുരു-ശിഷ്യ സംവാദ രൂപത്തിലുള്ള വ്യാഖ്യാനങ്ങൾ ഇതിൽ നിന്നും വ്യത്യസ്തമാണ്. കൃഷ്ണാർജ്ജുന സംവാദത്തിലൂടെ, ബുദ്ധൻ ശിഷ്യർക്ക് നൽകിയ ഉപദേശങ്ങളിലൂടെ, സെൻ ഗുരുക്കളിലൂടെ, ക്രിസ്തുവും അപ്പോസ്തലന്മാരും ചേർന്നിരുന്ന കുന്നിൻ ചെരിവുകളിലൂടെ,, അൽ മുസ്തഫ ഓർഫലീസിലെ ജനങ്ങളോട് നടത്തിയ സ്നേഹ സംഭാഷണങ്ങളിലൂടെ, ഓഷോ കമ്മ്യൂണിൽ നടത്തിയ എണ്ണമറ്റ കഥ പറച്ചിലുകളിലൂടെ..….

അങ്ങനെ ഒരുപാട് വ്യക്തിപരമായ ചോദ്യോത്തരങ്ങളിലൂടെ അതിസങ്കീര്ണമായ പല ഉത്തരങ്ങളും ഓരോ അന്വേഷിക്ക് മുന്നിലും കൂടുതൽ ലളിതസുന്ദരമായി തെളിഞ്ഞിട്ടുണ്ട്.

അതിലും ഏറെ വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട ഉപനിഷത്തുകൾ ഇത്തരം ഒരുപാട് ആത്മീയ സംവാദങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. (ഉപനിഷത്ത് എന്ന വാക്കിന്റെ അർത്ഥം തന്നെ അടുത്തിരുന്നു അറിവ് നേടുക എന്നാണല്ലോ.) മേൽപറഞ്ഞ പല സംഭാഷണങ്ങളിലും, ഇന്നത്തെ പല ഗുരു ശിഷ്യ സംവാദങ്ങളിലും ആ ഉപനിഷത്ത് സത്യങ്ങളുടെ പ്രാക്തന രൂപം കാണാവുന്നതാണ്. വ്യാഖ്യാനങ്ങൾ വ്യത്യാസപ്പെടുമ്പോഴും മാറാതെ നിൽക്കുന്ന ഒരേയൊരു സത്യമായി.

അബു ഇൽഹാം(അബ്ദുൽ റഹീം) എഴുതിയ 'മഴപ്പാറ്റയിലെ ദർശനം' 'മുഖാമുഖം ഒരു വഴിപോക്കൻ' എന്നീ രണ്ട് പുസ്തകങ്ങളെ (സീരീസ്) കുറിച്ചു പറയുമ്പോൾ, മുൻപേ പറഞ്ഞു വച്ച ആത്മീയ വഴികളെ പരാമർശിക്കാതെ തരമില്ല. നൂറ്റാണ്ടുകൾക്ക് മുൻപേ തന്നെ കടൽ കടന്ന ഓറിയന്റൽ ഫിലോസഫിയുടെ Philosia എന്ന ദർശന രൂപം തന്നെയാണ് ആ മഹത്തായ ആചാര്യധാരയുടെ ഒരു കണ്ണിയായി മാറുന്ന അബു ഇൽഹാം എന്ന എഴുത്തുകാരൻ ഇവിടെ നമുക്കായി പകർന്നു തരുന്നതും.

ജീവിതം എന്ന മന്ത്രം ജപിക്കുന്ന മഴപ്പാറ്റയാണ് ഇവിടെ ഗുരു. അറിവിനായി തുറന്ന മനസോടെ മഴപ്പാറ്റയുടെ അരികിൽ എത്തിപ്പെടുന്ന വഴിപോക്കനായ ശിഷ്യൻ. യാഥാർഥ്യത്തെ മുഖാമുഖം നേരിടുന്ന ആ വഴിപോക്കൻ നടത്തുന്നത് യാത്ര പോലുമല്ല, വെറും വഴിപോക്ക് മാത്രമാണ് എന്ന് നമ്മളെ ഇടയ്ക്കിടെ എഴുത്തുകാരൻ ഓർമ്മിപ്പിക്കുന്നു.

കേവലമായ ജീവിതത്തെ മുൻനിർത്തിയുള്ള അവരുടെ സംവാദം പലപ്പോഴും യുക്തിസഹമായ തർക്കം കൂടിയാവുന്നു. സ്നേഹം, അനുതാപം, സ്വാതന്ത്ര്യം, പൂർണ്ണത, കർമ്മം, അറിവ്, വിവാഹം, കുടുംബം, ദൈവം, മുക്തി...തുടങ്ങിയ പല ജീവിതവിഷയങ്ങളും അവർ ചർച്ച ചെയ്യുന്നു.

ആത്മാവിനെ കുറിച്ചു പറയുമ്പോൾ മാത്രം നമ്മൾ കേട്ടറിഞ്ഞ വ്യാഖ്യാനങ്ങളിൽ നിന്നും മഴപ്പാറ്റ എന്ന ഗുരു വേറെ വഴിയിലാണ്. ആത്മാവിന് ശോഷണം ഉണ്ടെന്നും അതിന് തുടർച്ചയില്ലെന്നും അതിന് പകരം ജീവിതമാണ് ഒരാളിലെ സ്വത്വത്തിന്റെ വ്യതിരിക്തത എന്നും ഗുരു പറയുന്നു.

"നിങ്ങൾ എവിടെ നിൽക്കുന്നു എന്നിടത്ത് നിന്നേ നിങ്ങൾക്ക് എന്തും വായിച്ചു തുടങ്ങാൻ കഴിയൂ, ഗ്രഹിച്ചു തുടങ്ങാൻ കഴിയൂ" എന്ന് പുസ്തകത്തിന്റെ അവതാരികയിൽ പറയുന്നുണ്ട്. "മാനങ്ങളിൽ കുടുങ്ങിയ മാനദണ്ഡങ്ങൾ കൊണ്ട്" നിര്ഗുണതയെ പോലും അളന്നു കളയുന്ന മനുഷ്യന്റെ നിസ്സാരതയെ കുറിച്ച് മഴപ്പാറ്റയും പറയുന്നു.

'മിന്നായം പോലുള്ള ഒരു കടന്ന് പോക്കിൽ എന്തെല്ലാം അറിയണം..?' എന്ന് മഴപ്പാറ്റ ഒരിക്കൽ പരിഹസിക്കുന്നുണ്ട് വഴിപോക്കനെ. പൂർണ്ണത തേടുന്നതിന്റെ ഭാഗമെന്നോണം മനുഷ്യൻ കൂടെ കൂട്ടുന്ന അന്തമില്ലാത്ത സംശയങ്ങൾ പോലും അപൂർണ്ണമാണ്‌ എന്ന് ഗുരു സാക്ഷാത്കരിക്കുന്നു.

മഴപ്പാറ്റ എന്ന ഗുരുവിൽ നിന്നും നേടിയ ദർശനത്തിന്ശേഷം ഗുരുവായി മാറിയ വഴിപോക്കനെ കേൾക്കുന്നവനും വായിക്കുന്നവനും കൂടി മേൽപറഞ്ഞ കാര്യങ്ങൾ ബാധകമാണെന്ന്, നമുക്ക് തോന്നാം.

'മുഖാമുഖം ഒരു വഴിപോക്കൻ' എന്ന പുസ്തകമാണ് സീരീസിൽ രണ്ടാമത്തേതായി വരുന്നത്. അവിടെ വഴിപോക്കൻ ഗുരു ആകുന്നു. എഴുത്തും എഴുത്തുകാരനും വേറെ വേറെ അല്ല എന്നും നമ്മൾ തിരിച്ചറിയുന്നു.

ആകാശം ആകാശമാകുന്നത് കാഴ്ച മുട്ടുന്നവൻ കണ്ടെത്തിയ സംജ്ഞ മാത്രമാകുന്നത് പോലെ, പരിധികളും പരിമിതികളും ചേർത്ത് വച്ച് സ്വയം തെളിയിക്കുന്നതിലും സമർത്ഥിക്കുന്നതിലും ജീവിതം ഇൻവെസ്റ്റ് ചെയ്യേണ്ടി വരുന്ന ആധുനിക മനുഷ്യന്റെ വ്യഥകൾ ലളിത സുന്ദരമായി ഇവിടെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

പുസ്തകത്തിലെ പല വാചകങ്ങളും സൂക്ഷിച്ചു വയ്ക്കാവുന്ന ഉദ്ധരണികൾ പോലെ അനുഭവപ്പെട്ടേക്കാം. ലളിതമായ വാക്കുകൾ ചേർത്തു ആറ്റി കുറുക്കി വച്ച ദർശനങ്ങൾ കവിത പോലെ വായിക്കാം.

എഴുതുമ്പോഴും പറയുമ്പോഴും തീർഥാടകനായി മാറുന്ന, വാക്കുകളിലൂടെ വായനക്കാരിൽ രാസപരിണാമം നടത്തുന്ന, മിസ്റ്റിസിസത്തിന്റെ ആകാശത്തിലേക്ക് വായനക്കാരെ ചേർത്തു വച്ചു കെട്ടി പറക്കുന്ന, ദാർശനികരായ പല എഴുത്തുകാരെയും പോലെ അബു ഇൽഹാം എന്ന എഴുത്തുകാരനും തന്റെ ദർശനങ്ങളിൽ വായനക്കാരെ ചേർത്തു പിടിക്കാൻ ശ്രമിക്കുന്നുണ്ട് -

മഴപ്പാറ്റയുടെ വാക്കുകൾ കടമെടുത്താൽ "ഉപദേശിക്കുന്നത് പോലെയോ, ഉണർത്താൻ എന്ന പോലെയോ... മനുഷ്യൻ കേൾക്കണം എന്ന് നിർബന്ധമില്ലാതെ.."

ഭാഷാ ബുക്സ് ആണ് രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശ്രീജ  രാമൻ

 

Recipe of the day

Oct 222020
ചേരുവകൾ 1. കോഴിമുട്ട -10 എണ്ണം 2. പഞ്ചസാര -ഒരു കപ്പ് 3. പാല്പ്പൊ ടി -നാല് ടീസ്പൂണ്‍ 4. ഏലക്കായ -അഞ്ചെണ്ണം 5. നെയ്യ് -ആവശ്യത്തിന്