പമ്പയുടെ നെട്ടായത്തില്‍ ആചാരമായി ആറന്മുള ഉത്രട്ടാതി ജലോത്സവം

ആശ്വാസത്തിന്റെ തുഴയെറിഞ്ഞ് ളാക-ഇടയാറന്മുള പള്ളിയോടം
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പമ്പയുടെ നെട്ടായത്തില്‍ ആചാരമായി ആറന്മുള ഉത്രട്ടാതി ജലോത്സവം നടന്നു. കരക്കാരുടെ മനസില്‍ ആശ്വാസത്തിന്റെ തുഴയെറിഞ്ഞ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തിയ ളാക-ഇടയാറന്മുള പള്ളിയോടത്തിന് ആചാരപരമായ സ്വീകരണം നല്‍കി. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഒരു പള്ളിയോടം മാത്രം ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുത്തത്. രാവിലെ 10.15 ന് പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തിയ പള്ളിയോടത്തിന്റെ കരനാഥന്മാര്‍ തിരുവോണത്തോണിയെ സാക്ഷിയാക്കി വെറ്റപുകയിലയും അവില്‍പ്പൊതിയും മാലയും കളഭവും ഏറ്റുവാങ്ങി. പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി സെക്രട്ടറി പി. ആര്‍. രാധാകൃഷ്ണന്‍, ട്രഷറര്‍ സഞ്ജീവ് കുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ്  ജി. വെണ്‍പാല എന്നിവരാണ് വെറ്റപുകയിലയും അവില്‍പ്പൊതിയും മാലയും കളഭവും  സമര്‍പ്പിച്ചത്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എന്‍. വിജയകുമാര്‍, കെ.ജി. രവി, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്്മകുമാര്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ബി.  രാധാകൃഷ്ണമേനോന്‍, ദേവസ്വം  അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എസ്. അജിത് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.ബി. ഹരിദാസ്, കോയിപ്രം ബ്ലോക്ക് പ്രസിഡന്റ് കൃഷ്ണകുമാര്‍  എന്നിവര്‍ സന്നിഹിതരായിരുന്നു.
സ്വീകരണത്തിന് ശേഷം പാര്‍ഥസാരഥി ക്ഷേത്രക്കടവിന് സമീപം ളാക-ഇടയാറന്മുള പള്ളിയോടം ചവിട്ടിത്തിരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രകടനം കാഴ്ചവച്ചു. നിയന്ത്രണങ്ങള്‍ പാലിച്ച് പള്ളിയോടത്തിന് പഴക്കുല സമര്‍പ്പിക്കാനും അവില്‍പ്പൊതി സമര്‍പ്പിക്കാനും ഏതാനും ഭക്തര്‍ എത്തിയിരുന്നു.
അന്‍പത്തിരണ്ട് പള്ളിയോടങ്ങള്‍ പമ്പയുടെ നെട്ടായത്തില്‍ ഉത്രട്ടാതി വള്ളംകളിക്ക് അണിനിരക്കുന്നത് കാത്തിരുന്ന കരക്കാര്‍ക്ക് കോവിഡ് മഹാമാരികാരണം ഒരു പള്ളിയോടം പോലും ഇറക്കാന്‍ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ഒരു പള്ളിയോടത്തിന് അനുമതി ലഭിച്ചത് പള്ളിയോടക്കരകള്‍ക്ക് ആശ്വാസമായി.
ഉത്രട്ടാതി വള്ളംകളിക്ക് പടിഞ്ഞാറന്‍മേഖലയില്‍ നിന്നുളള കരക്കാരാണ് ളാക-ഇടയാറന്മുള പള്ളിയോടത്തിലെ കരക്കാര്‍ക്കൊപ്പം പങ്കെടുത്തത്. സെപ്റ്റംബര്‍ 10 ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് മദ്ധ്യമേഖലയില്‍ നിന്നുള്ള കരക്കാരാണ് പങ്കെടുക്കുന്നത്. പള്ളിയോടത്തില്‍ കയറുന്നവര്‍ക്ക് കോവിഡ്-19 സംബന്ധിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കരക്കാരെ ശരീരത്തിന്റെ താപനില ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് പള്ളിയോടത്തില്‍ പ്രവേശിപ്പിച്ചത്.

കാണികള്‍ക്ക് ആവേശമായി ചെറുവള്ളങ്ങള്‍
രണ്ട് പേരും മൂന്നുപേരും മാത്രം കയറുന്ന ചെറുവള്ളങ്ങള്‍ കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പമ്പയുടെ നെട്ടായത്തില്‍ തുഴ എറിഞ്ഞ് ജലോത്സവ ദിനത്തില്‍ പങ്കാളികളായി. ക്ഷേത്രക്കടവില്‍ നിന്ന് പഴക്കുലകളും അവില്‍പ്പൊതിയും മറ്റും ളാക ഇടയാറന്മുള പള്ളിയോടത്തിലേക്ക് എത്തിച്ച് നല്‍കാനും ചെറുവള്ളങ്ങള്‍ സഹായിച്ചു.

സുരക്ഷക്കായി പള്ളിയോട സേവാസംഘത്തിന്റെ ബോട്ടുകള്‍
സുരക്ഷയ്ക്കായി പള്ളിയോട സേവാസംഘം യമഹാ വള്ളങ്ങളും സ്പീഡ് ബോട്ടും ഏര്‍പ്പെടുത്തിയിരുന്നു. ലൈഫ് ജാക്കറ്റ് ലൈഫ്‌ബോയി തുടങ്ങിയവും സുരക്ഷയുടെ ഭാഗമായി കരുതിയിരുന്നു.  പമ്പയില്‍ ജലനിരപ്പ് തീരെ കുറവായതിനാല്‍ പള്ളിയോടത്തിന്റെ അടിത്തട്ട് ചെളിയിലുറച്ചാല്‍ വളരെ അപകട സാധ്യതയാണുള്ളത്.  ചടങ്ങ് പൂര്‍ത്തിയാക്കി ളാക-ഇടയാറന്മുള പള്ളിയോടം രാവിലെ പതിനൊന്നോടെ മടങ്ങി.

തത്സമയ സംപ്രേഷണം കണ്ടത് ആയിരങ്ങള്‍
ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന്റെ ചടങ്ങുകള്‍ തത്സമയം കണ്ടത് ആയിരക്കണക്കിന് ആളുകളാണ്. ഫേസ്ബുക്കിലൂടെയും യുട്യൂബിലൂടെയും പള്ളിയോട സേവാസംഘം ഔദ്യോഗികമായി തത്സമയ സംപ്രേഷണം നടത്തിയിരുന്നു. ഇതുകൂടാതെ പള്ളിയോട പ്രേമികളുടെ ഫേസ് ബുക്ക് പേജുകള്‍ വഴിയും തത്സമയ സംപ്രേഷണം നടത്തി.

കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍
പോലീസിന്റെ നേതൃത്വത്തില്‍ പമ്പയിലും കരയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.  കോവിഡ്-19 പ്രോട്ടോക്കോള്‍ ലംഘിച്ച് ആഞ്ഞിലിമൂട് പാലത്തില്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് തടയുന്നതിനായി  ഇരുചക്ര വാഹനത്തിലും പോലീസ് പട്രോളിംഗ് നടത്തി. പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലേക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ കിഴക്കേ ഗോപുരം മാത്രമാണ് തുറന്നു നല്‍കിയത്.

Recipe of the day

Sep 222020
INGREDIENTS 1. Shrimp - half Kg 2. Chili powder - a small spoon Turmeric powder - half a teaspoon Salt - to taste 3. Coconut oil - half Kg