ആണുങ്ങൾ ചർച്ച ചെയ്യുന്ന ലോകം

നാട്ടിലെ പൊതുപരിപാടികളിൽ വേദികളിൽ സ്ത്രീ സാന്നിധ്യം പൊതുവെ കുറവാണ്. വനിതാ ദിനം ആചരിക്കുന്ന ചടങ്ങിൽ പോലും പുരുഷന്മാർ മാത്രം വേദിയിലിരിക്കുന്ന ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.
ഇക്കാര്യത്തെ പറ്റി ഞാൻ പലകുറി എഴുതിയിട്ടുണ്ട്.  വിഷയം ഏതു തന്നെയാകട്ടെ അതിൽ അറിവും പരിചയവും ഉള്ള സ്ത്രീകൾ കേരളത്തിൽ ഇല്ലാഞ്ഞിട്ടല്ല, പൊതുവിൽ സ്ത്രീകളെ ഒഴിവാക്കണം അല്ലെങ്കിൽ മാറ്റി നിർത്തണം എന്ന് ചിന്തിക്കുന്നവരും അല്ല കൂടുതൽ പേരും, പക്ഷെ സെമിനാരാണെങ്കിലും മീറ്റിംഗ് ആണെങ്കിലും വേദിയിൽ സ്ത്രീ സാന്നിധ്യം ശുഷ്‌കം.
ചർച്ചകളും സമ്മേളേനങ്ങളും സംഘടിപ്പിക്കുന്ന എൻ്റെ പല സുഹൃത്തുക്കളോടും ഞാൻ ഇക്കാര്യം ചോദിച്ചിട്ടുണ്ട്. അവരുടെ സ്ഥിരം ഉത്തരം ഇതായിരുന്നു.
"ചേട്ടാ, ശ്രമിക്കാഞ്ഞിട്ടൊന്നുമല്ല. സ്ത്രീകൾ വരാൻ സമ്മതിക്കാത്തത് കൊണ്ടാണ്. ദൂര യാത്രയാണ്, ഒന്നുകിൽ വീട്ടിൽ നിന്നും തലേന്ന് വരണം, അല്ലെങ്കിൽ അതി രാവിലെ, അല്ലെങ്കിൽ പ്രോഗ്രാം കഴിഞ്ഞാൽ തിരിച്ചുപോകാൻ വൈകും" എന്നിങ്ങനെ പ്രധാനമായും ലോജിസ്റ്റിക്സ് ആണ് അവർ ഒരു വിഷയമായി പറയാറുള്ളത്.
ഇക്കാര്യത്തിൽ കുറച്ചൊക്കെ സത്യം ഉണ്ട്, അതായത സ്ത്രീകൾക്ക് കേരളത്തിൽ ഏതു സമയവും യാത്ര ചെയ്യാൻ വീട്ടിലും പുറത്തും നിയന്ത്രങ്ങളും ബുദ്ധിമുട്ടുകളും ഇപ്പോഴും ഉണ്ട്. അത് സ്ത്രീ സാന്നിധ്യം കുറക്കുന്നതിന് കരണമാകുന്നുണ്ടാകാം.
പക്ഷെ മീറ്റിംഗുകൾ വെർച്യുൽ ആയിട്ടും സ്ഥിതിഗതികൾക്ക് മാറ്റം ഒന്നുമില്ല. വിഷയം എന്താണെങ്കിലും മിക്കവാറും വെബ്ബിനാറുകളിൽ സംസാരിക്കുന്നത് പുരുഷന്മാർ തന്നെയാണ്. മീറ്റിംഗുകൾ സംഘടിപ്പിക്കുന്നത് രാഷ്ട്രീയ സംഘടനയാണോ, അക്കാദമിക് സ്ഥാപനങ്ങൾ ആണോ, വിഷയം സാമൂഹ്യമാണോ ശാസ്ത്രീയമാണോ ഇതൊന്നും വിഷയമല്ല, ആണുങ്ങളുടെ ഫുൾ ബോഡി ഫുൾ ഫിഗർ പ്രകടനം ആണ്. ചാനൽ ചർച്ചകളുടെ കാര്യം പറയേണ്ടല്ലോ.
അപ്പോൾ കാര്യം ലോജിസ്റ്റിക്സ് ഒന്നുമല്ല, ഇക്കാര്യത്തിൽ പ്രോഗ്രാം സംഘടിപ്പിക്കുന്നവർക്കുള്ള ശ്രദ്ധക്കുറവാണ്. (പലപ്പോഴും പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത് സ്ത്രീകൾ തന്നെയാണ്, പക്ഷെ പ്രാസംഗികർ മൊത്തം പുരുഷന്മാർ തന്നെ).
ഇത് തീർച്ചയായും മാറേണ്ടതാണ്, മാറ്റേണ്ടതാണ്. നിങ്ങൾ മീറ്റിങ്ങുകൾ സംഘടിപ്പിക്കുമ്പോൾ ഓരോ വിഷയത്തിലും സംസാരിക്കാൻ അറിവും പരിചയവും ഉള്ള സ്ത്രീകളെ പ്രത്യേകം അന്വേഷിക്കുക, സംസാരിക്കുന്നവരിൽ സ്ത്രീകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. നിങ്ങൾ സംസാരിക്കാൻ ക്ഷണിക്കപ്പെടുന്ന ആളാണെങ്കിൽ മറ്റു പ്രഭാഷകരിൽ സ്ത്രീകൾ ഉണ്ടാകണം എന്ന് നിർദ്ദേശിക്കുക, ആവശ്യമെങ്കിൽ നിർബന്ധിക്കുക.
സ്ത്രീകളുടെ സാന്നിധ്യവും അഭിപ്രായവും ഉറപ്പാക്കേണ്ടത് സ്ത്രീകളോട് സമൂഹം ചെയ്യുന്ന ഒരു ഔദാര്യമല്ല. ഏതൊരു വിഷയത്തിലും കഴിവുള്ളവർ സ്ത്രീകളിലും പുരുഷന്മാരിലും ഉള്ളപ്പോൾ സ്ത്രീകൾക്ക് ഒട്ടും പ്രതിനിധ്യമില്ലാതെ ചർച്ചകൾ നടക്കുമ്പോൾ സമൂഹത്തിന് കിട്ടേണ്ട എല്ലാ വീക്ഷണകോണുകളും നമുക്ക് ലഭിക്കുന്നില്ല, അതുകൊണ്ട് തന്നെ അതിൻ്റെ നഷ്ടം ഉണ്ടാകുന്നത് മൊത്തം സമൂഹത്തിനാണ്, സ്ത്രീകൾക്ക് മാത്രമല്ല.
കൊറോണക്ക് മുമ്പും ശേഷവും എന്നെ ക്ഷണിക്കുന്ന  വെർച്യുൽ ആയ മീറ്റിംഗിലും അല്ലാതെയും സ്ത്രീ സാന്നിധ്യം ഉറപ്പാക്കണം എന്ന് ഞാൻ കഴിഞ്ഞ ഏറെ വർഷങ്ങൾ ആയി നിർബന്ധിക്കാറുണ്ട്‌. മീറ്റിംഗിൽ പ്രാസംഗികരുടെ എണ്ണം കൂടുമെന്ന് സംഘാടകർക്ക് അഭിപ്രായം ഉണ്ടെങ്കിൽ സ്ത്രീകൾക്കായി എൻ്റെ സ്ഥാനം മാറിക്കൊടുക്കാമെന്ന് ഓഫർ ചെയ്യാറുണ്ട്,  എനിക്ക് പങ്കെടുക്കണം എന്ന് തോന്നിയ പല പരിപാടികളിൽ നിന്നും ഈ കാരണത്താൽ ഒഴിഞ്ഞു നിൽക്കേണ്ടി വന്നിട്ടുണ്ട്, ഞാൻ ഓർഗനൈസ് ചെയ്യുന്ന പ്രോഗ്രാമുകളിൽ  സ്ത്രീ സാന്നിധ്യം ഉറപ്പാക്കാറുമുണ്ട്. ഇത് തുടരും.

മുരളി തുമ്മാരുകുടി

 

 

 

Recipe of the day

Sep 222020
INGREDIENTS 1. Shrimp - half Kg 2. Chili powder - a small spoon Turmeric powder - half a teaspoon Salt - to taste 3. Coconut oil - half Kg